ഇറാൻ ആക്രമണങ്ങളെ അപലപിച്ച് വിദേശകാര്യമന്ത്രിമാർ; അഞ്ച് രാജ്യങ്ങളിലെ സഹപ്രവർത്തകരുമായി സംസാരിച്ച്​ സൗദി വിദേശകാര്യമന്ത്രി

റിയാദ്: പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ഇറാ​െൻറ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് വിവിധ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ. സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അഞ്ച് രാജ്യങ്ങളിലെ തന്റെ സഹപ്രവർത്തകരുമായി നടത്തിയ പ്രത്യേക ടെലിഫോൺ ചർച്ചകളിലാണ് ഈ നിലപാട് വ്യക്തമാക്കിയത്.

ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്​ദുൽറഹ്മാൻ, ഒമാൻ വിദേശകാര്യമന്ത്രി ബദർ ബിൻ ഹമദ് അൽ ബുസൈദി, ബഹ്റൈൻ വിദേശകാര്യമന്ത്രി അബ്​ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, ജോർദാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അയ്മൻ അൽ സഫാദി എന്നിവരുമായാണ് സൗദി വിദേശകാര്യമന്ത്രി ആശയവിനിമയം നടത്തിയത്.

മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ മന്ത്രിമാർ, രാജ്യങ്ങളുടെ പരമാധികാരത്തെ തകർക്കുന്നതോ പശ്ചിമേഷ്യയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയുയർത്തുന്നതോ ആയ എല്ലാ നീക്കങ്ങളെയും പൂർണമായി തള്ളിക്കളയുന്നതായി ആവർത്തിച്ചു പ്രഖ്യാപിച്ചു. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനും സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങളും, അന്താരാഷ്ട്രതലത്തിൽ നിർണായകമായ ഹുർമുസ് കടലിടുക്കിലെ തടസ്സമില്ലാത്ത കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിനെക്കുറിച്ചും നേതാക്കൾ വിശദമായി ചർച്ച ചെയ്തു.

മറ്റൊരു നയതന്ത്ര ചർച്ചയിൽ, യുക്രെയ്ൻ വിദേശകാര്യമന്ത്രി ആൻഡ്രി സിബിഹയുമായും സൗദി വിദേശകാര്യമന്ത്രി ടെലിഫോണിൽ സംസാരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്ത നേതാക്കൾ, ഉക്രെയ്ൻ പ്രതിസന്ധിയുടെ ഏറ്റവും പുതിയ സംഭവവികാസങ്ങളും പ്രാദേശിക സാഹചര്യങ്ങളും വിലയിരുത്തി. ഇരുരാജ്യങ്ങൾക്കും പൊതുവായ താൽപ്പര്യമുള്ള വിവിധ അന്താരാഷ്ട്ര വിഷയങ്ങളും ഫോൺ സംഭാഷണത്തിൽ ചർച്ചയായി.

Tags:    
News Summary - Foreign Ministers condemn Iranian attacks; Saudi Foreign Minister speaks with counterparts from five countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.