റിയാദ്: സൗദി അറേബ്യയിലെ റോഡുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനും റോഡപകടങ്ങൾ വലിയ തോതിൽ കുറക്കുന്നതിനുമായി ജനറൽ അതോറിറ്റി ഫോർ റോഡ്‌സ് വൻതോതിലുള്ള ശുചീകരണ പ്രവർത്തനങ്ങളാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം രാജ്യത്തെ വിവിധ റോഡുകളിൽ നിന്നായി ഏകദേശം 4.84 കോടി ഘനമീറ്റർ മണലാണ് അതോറിറ്റി നീക്കം ചെയ്തത്.
വർഷം മുഴുവൻ തുടരുന്ന ഈ പ്രവർത്തനങ്ങൾ മണൽക്കാറ്റ് മൂലമുണ്ടാകുന്ന തടസ്സങ്ങൾ ഒഴിവാക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഏറെ സഹായിക്കുന്നുണ്ട്. റോഡുകളുടെ അവസ്ഥയും കാലാവസ്ഥാ വ്യതിയാനങ്ങളും നിരന്തരം വിലയിരുത്തുന്നതിനായി മുന്നൂറോളം ഫീൽഡ് നിരീക്ഷകരെയാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ചുമതലപ്പെടുത്തിയിരിക്കുന്നത്.
റോഡ് പരിപാലനത്തിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകളാണ് അതോറിറ്റി ഇപ്പോൾ ഉപയോഗിക്കുന്നത്. ഇതിെൻറ ഭാഗമായി റോഡിനടിയിലൂടെയുള്ള ഓവുകളിൽ (കൽവർട്ടുകൾ) അടിഞ്ഞുകൂടുന്ന ചെളിയും മണലും വൃത്തിയാക്കാൻ അത്യാധുനിക ‘റോബോട്ട്’ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വായുസഞ്ചാരം കുറഞ്ഞതും മനുഷ്യർക്ക് ഇറങ്ങി ജോലി ചെയ്യാൻ അപകടസാധ്യതയുള്ളതുമായ ഇടുങ്ങിയ സ്ഥലങ്ങളിൽ ഈ റോബോട്ടുകൾ വളരെ ഫലപ്രദമായി പ്രവർത്തിക്കും. പരിസ്ഥിതിക്ക് ഒട്ടും ദോഷം ചെയ്യാത്ത രീതിയിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇത്തരത്തിൽ റോഡരികിൽ നിന്ന് നീക്കം ചെയ്യുന്ന മണൽ വെറുതെ കളയാതെ, മറ്റ് സർക്കാർ വകുപ്പുകളുമായി സഹകരിച്ച് വിവിധ വികസന പദ്ധതികൾക്കായി പ്രയോജനപ്പെടുത്തുന്നുമുണ്ട്. സൗദി അറേബ്യയുടെ 'വിഷൻ 2030' പദ്ധതിയുടെ ഭാഗമായി, അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കി ആഗോള റോഡ് ഗുണനിലവാര സൂചികയിൽ രാജ്യത്തെ ആറാം സ്ഥാനത്ത് എത്തിക്കുകയാണ് അതോറിറ്റിയുടെ പ്രധാന ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.