നിർമാണ മേഖലയിൽ 40 ലക്ഷം തൊഴിലാളികൾ; സൗദി കോൺട്രാക്ടേഴ്സ് അതോറിറ്റിയിൽ 900 ശതമാനം വളർച്ച

റിയാദ്: സൗദി അറേബ്യയുടെ ‘വിഷൻ 2030’ ലക്ഷ്യങ്ങളുടെ പ്രധാന ചാലകശക്തിയായി നിർമാണ മേഖല മാറുന്നുവെന്ന് വ്യക്തമാക്കുന്ന 2025-ലെ വാർഷിക റിപ്പോർട്ട് സൗദി കോൺട്രാക്ടേഴ്സ് അതോറിറ്റി പുറത്തുവിട്ടു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അതോറിറ്റിയിലെ സജീവ അംഗത്വങ്ങളിൽ 900 ശതമാനത്തിലധികം വളർച്ചയുണ്ടായി.

2025 അവസാനത്തോടെ രജിസ്​റ്റർ ചെയ്ത കരാറുകാരുടെ എണ്ണം ഏകദേശം 70,500-ൽ എത്തിയിട്ടുണ്ട്. 2024-നെ അപേക്ഷിച്ച് നിർമാണ കമ്പനികളുടെ എണ്ണത്തിൽ 21.44 ശതമാനവും, തൊഴിലാളികളുടെ എണ്ണത്തിൽ ഒമ്പത്​ ശതമാനവും വർദ്ധനവുണ്ടായി. നിലവിൽ 40 ലക്ഷത്തിലധികം തൊഴിലാളികളുള്ള ഈ മേഖല സൗദിയുടെ ആകെ ജിഡിപിയുടെ 7.75 ശതമാനം സംഭാവന ചെയ്യുന്നു.

വിവിധ സർക്കാർ-സ്വകാര്യ മേഖലകളിലെ 214 സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന ഫ്യൂച്ചർ പ്രൊജക്ട്സ് ഫോറത്തി​െൻറ ഏഴാം പതിപ്പിൽ, മൂന്ന്​ ലക്ഷം കോടി റിയാലിലധികം മൂല്യം വരുന്ന 20,000-ലധികം വികസന പദ്ധതികൾ അതോറിറ്റി പ്രദർശിപ്പിച്ചു. അതോറിറ്റി കേവലം ഒരു നിയന്ത്രണ സമിതി എന്ന പദവിയിൽ നിന്ന് നിർമാണ മേഖലയെ നയിക്കുന്ന തന്ത്രപ്രധാനമായ ഒരു ശക്തിയായി മാറുകയാണെന്നും കരാറുകാരുടെ എണ്ണത്തിലുണ്ടായ ഈ വളർച്ച രാജ്യത്തെ ബിസിനസ്​ അന്തരീക്ഷത്തിലുള്ള വർദ്ധിച്ചുവരുന്ന വിശ്വാസത്തെയാണ് കാണിക്കുന്നതെന്നും സൗദി കോൺട്രാക്ടേഴ്സ് അതോറിറ്റി ചെയർമാൻ മുഹമ്മദ് ബിൻ അബ്​ദുൽ അസീസ് അൽ അജ്​ലാൻ പറഞ്ഞു.

അതോറിറ്റിയുടെ കീഴിലുള്ള അക്കാദമി 90-ലധികം പ്രത്യേക പരിശീലന പരിപാടികളിലൂടെ 15,000-ലധികം പേർക്ക് പരിശീലനവും കൺസൾട്ടൻസി സേവനങ്ങളും നൽകി. അംഗീകൃത യോഗ്യതാ പ്രോഗ്രാമുകൾ വഴി 400-ലധികം പേർക്ക് പ്രയോജനം ലഭിച്ചു. കൂടാതെ, സ്വദേശിവൽക്കരണ പ്രക്രിയയുടെ ഭാഗമായി സംഘടിപ്പിച്ച ഏഴ്​ പ്രത്യേക ഫോറങ്ങളിലായി 660 കോൺട്രാക്ടർമാർക്ക് അതോറിറ്റി ആതിഥേയത്വം വഹിച്ചു.

സൗദി കോൺട്രാക്ടർമാർ രാജ്യത്തി​െൻറ സുസ്ഥിര സാമ്പത്തിക വളർച്ചയുടെ പ്രധാന തൂണാണെന്ന് ചെയർമാൻ മുഹമ്മദ് ബിൻ അബ്​ദുൽ അസീസ് അൽ അജ്​ലാൻ ഊന്നിപ്പറഞ്ഞു. വൻകിട പദ്ധതികളുടെ ആവശ്യകതകൾ നിറവേറ്റാൻ അവരുടെ കഴിവുകൾ ഉയർത്തുമെന്നും, ഇതിനായി നിയന്ത്രണ-പ്രഫഷനൽ സേവനങ്ങളും യോഗ്യതാ പ്രോഗ്രാമുകളും വികസിപ്പിച്ച് കാര്യക്ഷമമായ സംവിധാനം നിർമ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - 4 million workers in the construction sector; Saudi Contractors Authority achieves 900 percent growth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.