റിയാദിൽ ഇൻറർനാഷനൽ ഡേറ്റ് കൗൺസിൽ സമ്മേളനത്തിൽ സൗദി കൃഷി മന്ത്രി എൻജി. അബ്ദുറഹ്മാൻ അൽഫദ്ലി സംസാരിക്കുന്നു
റിയാദ്: ഈത്തപ്പഴ കയറ്റുമതിയിൽ കുതിപ്പ് തുടർന്ന് സൗദി അറേബ്യ. 111 രാജ്യങ്ങളിൽ ഇപ്പോൾ സൗദി ഈത്തപ്പഴം എത്തുന്നുണ്ടെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രി എൻജി. അബ്ദുറഹ്മാൻ അൽഫദ്ലി പറഞ്ഞു. ഈത്തപ്പഴ മേഖലയെ ലക്ഷ്യം വെച്ചുള്ള സംരംഭങ്ങളും പരിപാടികളും പ്രാദേശിക ഉൽപാദനം 19 ലക്ഷം ടണ്ണിലധികം വർധിപ്പിക്കുന്നതിന് സഹായിച്ചതായും അൽഫദ്‌ലി സൂചിപ്പിച്ചു. റിയാദിൽ ഇൻറർനാഷനൽ ഡേറ്റ് കൗൺസിൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ലോകമെമ്പാടുമുള്ള 111 രാജ്യങ്ങളിലേക്ക് സൗദി ഈത്തപ്പഴം കയറ്റുമതി ചെയ്തതോടെ ആഗോളതലത്തിൽ സൗദി ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ വർഷം ഈത്തപ്പഴ കയറ്റുമതി മൂല്യം 170 കോടി റിയാലായി ഉയർന്നതായും അൽഫദ്ലി പറഞ്ഞു.
ഈത്തപ്പഴ മേഖലയിൽ തന്ത്രപരമായ നേട്ടം രാജ്യം കൈവരിച്ചു. ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനും ഉൽപാദന മേഖലകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമുള്ള സൗദി വിഷൻ 2030-െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി കൃഷി മന്ത്രാലയം ഈന്തപ്പന മേഖലയുടെ വികസനത്തിനും പ്രാദേശികമായും അന്തർദേശീയമായും ഈ വിളയുടെ വിപണി മത്സരശേഷി വർധിപ്പിക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഈന്തപ്പനകളുടെ ഉൽപ്പാദന കാര്യക്ഷമത വർധിപ്പിക്കുന്നതിനും പ്രാദേശിക, ആഗോളതലങ്ങളിൽ ഈന്തപ്പഴ ഉപഭോഗം വർധിപ്പിക്കുന്നതിനും പ്രതിസന്ധികളിലും ദുരന്തങ്ങളിലും ഒരു ഭക്ഷ്യവസ്തുവായി ലോക ഭക്ഷ്യ പരിപാടിയിലൂടെ വിതരണം ചെയ്യുന്നതിനുമായി പ്രത്യേക കേന്ദ്രം സ്ഥാപിച്ചതായും അൽഫദ്‍ലി പറഞ്ഞു. റിയാദിൽ ഇൻറർനാഷനൽ ഡേറ്റ് കൗൺസിൽ സമ്മേളനം പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങളുമായി നിരവധി സഹകരണ കരാറുകളിൽ ഒപ്പുവെച്ചുകൊണ്ടാണ് അ വസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.