റിയാദ്: പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യ നിരീക്ഷണ സംവിധാനം വികസിപ്പിക്കുന്നതിനുമുള്ള സംയോജിത ശ്രമത്തിന്റെ ഭാഗമായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുമായി സഹകരിച്ച് മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം പുതുക്കിയ ഭക്ഷ്യ സുരക്ഷ ലംഘന പട്ടിക പുറത്തിറക്കി. ഭക്ഷ്യ സുരക്ഷയും ഭക്ഷ്യ സ്ഥാപനങ്ങളിലെ നിയന്ത്രണങ്ങളും വർധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ലൈസൻസില്ലാതെയോ ലൈസൻസ് കാലഹരണപ്പെട്ടതിന് ശേഷമോ പ്രവർത്തിക്കുന്ന നിയമലംഘകർക്ക് കടുത്ത ശിക്ഷകൾ നൽകുന്നതും ടോയ്ലറ്റുകൾ ഉൾപ്പെടെയുള്ള ശുചിത്വം, കെട്ടിട നിബന്ധനകൾ എന്നിവയുമായി ബന്ധപ്പെട്ടതും പുതുക്കിയ പട്ടികയിൽ ഉൾപ്പെടുന്നു.
ലംഘനങ്ങളുടെ സ്വഭാവമനുസരിച്ച് പിഴകൾ വ്യത്യാസപ്പെട്ടിരിക്കുന്നു. 100 മുതൽ 50,000 റിയാൽ വരെ പിഴകൾ ഈടാക്കുന്നത് പുതുക്കിയ വ്യവസ്ഥയിലുണ്ട്. ലംഘനം തിരുത്തുന്നതുവരെ സ്ഥാപനം താൽക്കാലികമായോ സ്ഥിരമായോ അടച്ചുപൂട്ടുന്നത് ഭരണപരമായ നടപടികളിൽ ഉൾപ്പെടുന്നു. മിക്ക കേസുകളിലും ലംഘനം ആവർത്തിച്ചാൽ പിഴ ആവർത്തിക്കപ്പെടും.
ഭക്ഷ്യ സ്ഥാപനത്തിനുള്ളിലെ ലംഘനങ്ങളുടെ പുതുക്കിയ ഇനങ്ങൾ സ്ഥാപനത്തിന്റെ വലുപ്പവും സാമ്പത്തിക പ്രവർത്തനത്തിന്റെ തരവും കണക്കിലെടുക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചാണ്. ഇത് പിഴകളുടെ പ്രയോഗത്തിൽ നീതി കൈവരിക്കുന്നതിന് സഹായിക്കുകയും ചെറുകിട, ഇടത്തരം സംരംഭങ്ങളെ വിവേചനമില്ലാതെ പാലിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പുതുക്കിയ സംവിധാനത്തിൽ നടപടിക്രമങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഒരു സംവിധാനം ഉൾപ്പെടുന്നു. അതിലൂടെ ചെറിയ ലംഘനങ്ങൾക്ക് മുന്നറിയിപ്പ് പ്രയോഗിക്കുകയും തിരുത്തൽ കാലയളവ് അനുവദിക്കുകയും ചെയ്യാനാകുന്നു. ഉപഭോക്തൃ സുരക്ഷയെയും പൊതുജനാരോഗ്യത്തെയും ബാധിക്കുന്ന ഗുരുതരമായ ലംഘനങ്ങൾക്ക് നേരിട്ട് പിഴ ചുമത്തും.
ഭക്ഷ്യ വിതരണ ശൃംഖലയിലെ പുതിയ ഘടകങ്ങൾ ലംഘനങ്ങളിൽ ഉൾപ്പെടുന്നു. ഡെലിവറി ജീവനക്കാർ, ഭക്ഷ്യവസ്തുക്കൾ ട്രാക്ക് ചെയ്യൽ, ഭക്ഷ്യവിഷബാധ കേസുകൾ കൈകാര്യം ചെയ്യൽ, ഭക്ഷ്യരേഖകൾ സൂക്ഷിക്കൽ, ഉപഭോക്താക്കളെയും ബിസിനസുകളെയും സംരക്ഷിക്കുന്നതിൽ ഡോക്യുമെന്റേഷന്റെയും സുതാര്യതയുടെയും പ്രാധാന്യം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഉപഭോക്തൃ അവബോധം വർധിപ്പിക്കുന്നതിനായി ഉപ്പ്, കഫീൻ, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് മെനുകളിൽ കർശനമായ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിനും വ്യക്തികൾക്ക് അറിവുള്ള ഭക്ഷണം തെരഞ്ഞെടുക്കാൻ പ്രാപ്തമാക്കുന്നതിനും ഇത് സഹായിക്കുന്നു.
ശിക്ഷക്ക് മുമ്പുള്ള പ്രതിരോധം എന്ന ആശയം ഏകീകരിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സംയോജിത മേൽനോട്ട സംവിധാനമാണ് ലംഘനങ്ങളുടെ പുതുക്കിയ വർഗീകരണമെന്ന് മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയവും സൗദി ഭക്ഷ്യ-മരുന്ന് അതോറിറ്റിയും പറഞ്ഞു. ഭക്ഷ്യസുരക്ഷ എന്നത് വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്ത ഒരു പ്രതിബദ്ധതയാണ്.
പൊതുജനാരോഗ്യ ലംഘനങ്ങളിൽ സമൂഹത്തെ അലംഭാവത്തിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥാപിത മാർഗമാണ് ശിക്ഷകൾ. സുരക്ഷ ചട്ടങ്ങളും അംഗീകൃത നിയമനിർമാണങ്ങളും പാലിക്കുന്നത് വർധിപ്പിക്കുന്നതിന് ഭക്ഷ്യ സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയവും സൗദി ഭക്ഷ്യ-മരുന്ന് അതോറിറ്റിയും എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.