സൗദി ഭരണാധികാരി സൽമാൻ രാജാവ്
സൗദിയിൽ അനധികൃതമായി കഴിയുന്ന യമൻ പൗരന്മാരുടെ പദവി ശരിയാക്കാൻ സൽമാൻ രാജാവിന്റെ നിർദേശം
റിയാദ്: സൗദി അറേബ്യയിൽ അനധികൃതമായി കഴിയുന്ന യമൻ പൗരന്മാരുടെ പദവികൾ ശരിയാക്കാൻ സൽമാൻ രാജാവ് നിർദ്ദേശം നൽകി. യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ ചെയർമാൻ ഡോ. റഷാദ് അൽ അലീമിയുടെ അഭ്യർത്ഥനക്ക് മറുപടിയായാണിത്. സൗദിയിൽ അനധികൃതമായി കഴിയുന്ന എല്ലാ യമൻ പൗരന്മാരുടെയും പദവികൾ ശരിയാക്കാനുള്ള നടപടികൾക്ക് തുടക്കം കുറിക്കാൻ സൽമാൻ രാജാവ് നിർദ്ദേശം നൽകയതായി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
യമനിലെ സഹോദര ജനതക്ക് സൗദി നേതൃത്വം നൽകി വരുന്ന തുടർച്ചയായ പിന്തുണയുടെയും സഹോദരപരമായ നിലപാടുകളുടെയും ഭാഗമായാണിത്. വിദേശകാര്യ മന്ത്രാലയം, മാനവ വിഭവ ശേഷി-സാമൂഹിക വികസന മന്ത്രാലയം, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ഈ നടപടിക്രമങ്ങൾ ആരംഭിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഈ പദവി ശരിയാക്കൽ നടപടികൾ പ്രയോജനപ്പെടുത്തുന്നതിന് യമൻ പാസ്‌പോർട്ട് ഉണ്ടായിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്സിന്റെ ഔദ്യോഗിക അക്കൗണ്ടുകൾ വഴിയും ബന്ധപ്പെട്ട മറ്റ് വകുപ്പുകൾ വഴിയും നടപടികൾ ആരംഭിക്കുന്ന തീയതിയും അതിന്റെ മാർഗനിർദ്ദേശങ്ങളും ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
അതേ സമയം, സൗദിയിലുള്ള യമൻ പൗരന്മാരുടെ പദവികൾ ക്രമീകരിക്കാൻ ഉദാരമായ നിർദ്ദേശങ്ങൾ നൽകിയ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ ചെയർമാൻ റഷാദ് അൽഅലീമി നന്ദി രേഖപ്പെടുത്തി. യമനെയും അവിടുത്തെ ജനങ്ങളെയും പിന്തുണക്കുന്നതിനും അവരുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും സുരക്ഷ, സ്ഥിരത, സമാധാനം എന്നിവക്കുള്ള അവരുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനുമുള്ള സൗദിയുടെ ശക്തമായ പ്രതിബദ്ധതയാണ് ഈ നിർദ്ദേശങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.