അബഹ വിമാനത്താവളം (ഫയൽ)
അബഹയിൽനിന്നുള്ള എയർ അറേബ്യ സർവീസുകൾക്ക് നിയന്ത്രണം; ഷാർജയിലേക്കുള്ള സർവീസുകൾ ഒക്ടോബർ 24 വരെ റദ്ദാക്കി
അബഹ: നിലവിലെ സാഹചര്യത്തെ തുടർന്ന് അബഹ വിമാനത്താവളത്തിൽനിന്നുള്ള എയർ അറേബ്യയുടെ ചില സർവീസുകൾ ഒക്ടോബർ 24 വരെ താൽക്കാലികമായി റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. അബഹയിൽനിന്ന് ഷാർജയിലേക്കും കെയ്‌റോയിലേക്കുമുള്ള സർവീസുകളാണ് നിർത്തിവെച്ചത്. അബഹയിൽ നിന്ന് ഷാർജ വഴി കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാനിരുന്ന മലയാളികളടക്കം നിരവധി യാത്രക്കാരെ ഈ പ്രതിസന്ധി സാരമായി ബാധിക്കും. എയർ അറേബ്യയുടെ G9 /E5 കോഡ് സർവീസുകളാണ് താൽക്കാലികമായി റദ്ദാക്കിയിരിക്കുന്നതെന്ന് വിമാന അതോറിറ്റി അറിയിച്ചു.
നേരത്തെ ടിക്കറ്റെടുത്ത യാത്രക്കാരെ സർവീസ് റദ്ദാക്കിയ വിവരം അറിയിച്ചതായും എയർ അറേബ്യ അധികൃതർ വ്യക്തമാക്കി. പ്രതിസന്ധിയിലായ യാത്രക്കാരുടെ യാത്രാക്രമീകരണങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ട്രാവൽ ഏജൻസികൾക്കും ബന്ധപ്പെട്ടവർ നിർദേശം നൽകിയിട്ടുണ്ട്.
സർവീസുകൾ റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ അബഹയിൽനിന്ന് ഷാർജയിലേക്കും അവിടെ നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കും യാത്ര ചെയ്യാനിരുന്ന നിരവധി പ്രവാസി യാത്രക്കാരെയും തീരുമാനം സാരമായി ബാധിക്കും. ഒക്ടോബർ 24ന് ശേഷമുള്ള സർവീസുകളെ സംബന്ധിച്ച തുടർ അറിയിപ്പുകൾ സാഹചര്യങ്ങൾക്കനുസരിച്ച് ബന്ധപ്പെട്ട അതോറിറ്റി പിന്നീട് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തെ സിവിൽ ഏവിയേഷൻ സംവിധാനത്തിന്റെ സുരക്ഷയും ഭദ്രദയും നിലനിർത്തുന്നതിനും വേണ്ടി എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്. അബഹ വിമാനത്താവളത്തിൽ നിന്ന് വരും ദിവസങ്ങളിൽ യാത്ര ചെയ്യുന്ന യാത്രക്കാർ ടിക്കറ്റെടുത്ത വിമാന സർവീസ് കമ്പനിയുമായോ ട്രാവൽസ് അധികൃതരുമായോ ബന്ധപ്പെട്ട് യാത്ര മുടക്കമില്ലെന്ന് ഉറപ്പു വരുത്തിയാണ് പുറപ്പെടേണ്ടതെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.