മൻസൂർ ഇമാം
18 വർഷമായി നാട്ടിൽ പോകാത്ത തമിഴ്നാട് സ്വദേശി റിയാദിൽ നിര്യാതനായി
അൽ ഖർജ്: 18 വർഷങ്ങളായി നാട്ടിൽ പോകാതെ അൽ ഖർജിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശി നിര്യാതനായി. കല്ലകുറിച്ചി സ്വദേശി മൻസൂർ ഇമാം (60) ആണ് റിയാദിലെ ശുമേസി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ചത്. ഇഖാമ കാലാവധി അവസാനിച്ചിട്ട് 15 വർഷമായതും പാസ്പോർട്ട് നഷ്ടപ്പെട്ടതും നാട്ടിലേക്ക് മടങ്ങാൻ തടസ്സമായി. സാമൂഹിക പ്രവർത്തകർ ഇദ്ദേഹത്തെ നാട്ടിലേക്കയക്കാനുള്ള ശ്രമത്തിലായിരുന്നു. ഔട്ട്പാസും സൗദി എയർലൈൻസിന്റെ യാത്രാനുമതിയും ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് മരണം.
സെപ്റ്റംബർ അഞ്ചിനാണ് ഇദ്ദേഹത്തിന് സുഖമില്ലെന്ന വിവരം അൽഖർജ് കെ.എം.സി.സി ഭാരവാഹികൾ അറിയുന്നത്. തുടർന്ന് ജനറൽ സെക്രട്ടറി ഷബീബ് കൊണ്ടോട്ടി, വെൽഫെയർ വിംഗ് ചെയർമാൻ മുഹമ്മദ് പുന്നക്കാട്, നൂറുദ്ദീൻ കുഞ്ഞിപ്പ, സമദ് വെളിമുക്ക്, ജംഷി കാരക്കുന്ന് എന്നിവർ ചേർന്ന് ഇദ്ദേഹത്തെ കിംങ് ഖാലിദ് ഹോസ്പിറ്റലിലും പിന്നീട് ശുമേസി ഹോസ്പിറ്റലിലേക്കും മാറ്റി.
വയറ്റിൽ കാൻസർ ബാധ കണ്ടെത്തിയിരുന്നു. കുടുംബവുമായി അകന്നു കഴിഞ്ഞിരുന്നതിനാൽ ദുബൈയിൽ ജോലി ചെയ്യുന്ന മകനെ അറിയിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. കെ.എം.സി.സി പ്രവർത്തകർ മകനെ വിവരം അറിയിച്ചതിനാൽ ദുബൈയിൽനിന്നും മകൻ പിതാവിനെ പരിചരിക്കാൻ റിയാദിൽ എത്തിയിരുന്നു.
വെൽഫെയർ വിങ് ചെയർമാൻ മുഹമ്മദ് പുന്നക്കാട്, സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ നിയമനടപടികളും പൂർത്തിയാക്കി. ചൊവ്വാഴ്ച രാവിലെ റിയാദിൽ നിന്നും അൽഖർജിൽ എത്തിച്ച മൃതദേഹം ദുഹ്ർ നമസ്കാരത്തിന് ശേഷം കിങ് അബ്ദുൽ അസീസ് മസ്ജിദിൽ മയ്യിത്ത് നമസ്കാരം നടന്നു. ഹയാത്തം മഖ്ബറയിൽ മയ്യിത്ത് ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.