അമീർ മുഹമ്മദ് ബിൻ സൽമാൻ
റിയാദ്: ഫലസ്തീനികളെ അവരുടെ ജന്മനാട്ടിൽനിന്ന് കുടിയിറക്കുന്നത് സംബന്ധിച്ച് ഇസ്രായേൽ നടത്തുന്ന തീവ്രവാദ പ്രസ്താവനകളെ തള്ളിക്കളയുന്നുവെന്ന് സൗദി മന്ത്രിസഭ. ചൊവ്വാഴ്ച കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ റിയാദ് അൽയമാമ കൊട്ടാരത്തിൽചേർന്ന മന്ത്രിസഭാ യോഗമാണ് ഇസ്രായേൽ നീക്കങ്ങൾക്കെതിരെ ഉറച്ച നിലപാട് ആവർത്തിച്ച് പ്രഖ്യാപിച്ചത്.
ഫലസ്തീൻ ജനതയെ അവരുടെ ഭൂമിയിൽനിന്ന് കുടിയിറക്കുന്നത് അംഗീകരിക്കാനാവില്ല. ഇത് സംബന്ധിച്ച ഇസ്രായേലിന്റെ തീവ്ര പ്രസ്താവനകളെ പാടേ തള്ളിക്കളയുന്നു.
ഫലസ്തീൻ പ്രശ്നത്തിലാണ് സൗദിയുടെ ശ്രദ്ധ. സ്വതന്ത്ര ഫലസ്തീൻ എന്നതാണ് ഏക പ്രശ്നപരിഹാരം. അക്കാര്യത്തിലാണ് സൗദിയുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അക്കാര്യത്തിൽ തരിമ്പുംമാറ്റമില്ലെന്നും മന്ത്രിസഭ ഊന്നിപ്പറഞ്ഞു.
ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സമാധാനപരമായ സഹവർത്തിത്വമെന്ന തത്ത്വം അംഗീകരിക്കുകയല്ലാതെ ശാശ്വതസമാധാനം കൈവരിക്കാനാകില്ലെന്ന് മന്ത്രിസഭ വ്യക്തമാക്കി. പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ നിലവിലെ സംഭവവികാസങ്ങൾ യോഗം ചർച്ചചെയ്തു.
ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ, യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സാഇദ് അൽ നഹ്യാൻ എന്നിവരുമായി നടത്തിയ ഫോൺ സംഭാഷണങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ച് കിരീടാവകാശി യോഗത്തിൽ വിശദീകരിച്ചു
കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സൗദി മന്ത്രിസഭായോഗത്തിൽ അധ്യക്ഷത വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.