റോമിൽ നടന്ന മതസൗഹാർദ സംവാദത്തിൽ വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ സംസാരിക്കുന്നു
റിയാദ്/റോം: ജെറുസലേമിന്റെയും അതിലെ മുസ്ലിം-ക്രിസ്ത്യൻ വിശുദ്ധ കേന്ദ്രങ്ങളുടെയും ചരിത്രപരവും നിയമപരവുമായ പദവി മാറ്റാനുള്ള ശ്രമങ്ങളെ സൗദി അറേബ്യ ശക്തമായി തള്ളിപ്പറയുന്നതായി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കി. സമഗ്ര സമാധാന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ സംഘടിപ്പിച്ച മതസൗഹാർദ സംവാദത്തിെൻറ ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അൽ അഖ്സ പള്ളിയിലെ ആവർത്തിച്ചുള്ള പ്രകോപനങ്ങളും വിശുദ്ധ കേന്ദ്രങ്ങൾക്കുനേരെയുള്ള ആക്രമണങ്ങളും സമാധാന സാധ്യതകളെ തുരങ്കം വെക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മറ്റുള്ളവരുടെ നിയമപരമായ അവകാശങ്ങൾ നിഷേധിച്ചുകൊണ്ട് ശാശ്വതമായ സുരക്ഷ കൈവരിക്കാനാകില്ലെന്ന് ഓർമ്മിപ്പിച്ച മന്ത്രി, ഇസ്രായേൽ സുരക്ഷാ സേനയുടെ പിന്തുണയോടെ ഫലസ്തീൻ ജനതയ്‌ക്കെതിരെ കുടിയേറ്റക്കാർ നടത്തുന്ന ഭീകരത ഉടൻ അവസാനിപ്പിക്കണമെന്നും ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായ കുടിയേറ്റ വ്യാപനം ഫലസ്തീനികളുടെ സുരക്ഷയെയും സ്വയം നിർണ്ണയാവകാശത്തെയും ലംഘിക്കുന്നതാണ്. കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചതും, മനുഷ്യാവകാശ ലംഘനം നടത്തുന്നവർക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതും ഉൾപ്പെടെ വിവിധ അന്താരാഷ്ട്ര പങ്കാളികൾ സ്വീകരിച്ച നടപടികളെ അദ്ദേഹം അഭിനന്ദിക്കുകയും ലംഘനങ്ങൾക്കെതിരെ കൂടുതൽ കർശന നടപടികൾ ആവശ്യപ്പെടുകയും ചെയ്തു.
മതസൗഹാർദ സംവാദത്തിന് വഴിയൊരുക്കുന്ന സമഗ്ര സമാധാന പദ്ധതിയുടെ 18-ാം വകുപ്പ്, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമഗ്ര സമാധാന പദ്ധതി, യു.എൻ രക്ഷാസമിതിയുടെ 2803-ാം നമ്പർ പ്രമേയം, ന്യൂയോർക്ക് പ്രഖ്യാപനം എന്നിവ നടപ്പിലാക്കുന്നതിനായി യു.എസ്.എ, ഫലസ്തീൻ, മറ്റ് അന്താരാഷ്ട്ര പങ്കാളികൾ എന്നിവരുമായി സൗദി അറേബ്യ ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അന്റോണിയോ താജാനിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. ഫലസ്തീൻ വിദേശകാര്യ മന്ത്രി ഡോ. വാർസീൻ അഗബെകിയൻ ഷാഹീൻ, ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള ആഗോള സഖ്യത്തിലെ അംഗരാജ്യങ്ങൾ, സൗദി വിദേശകാര്യ മന്ത്രാലയത്തിലെ പ്ലെനിപൊട്ടൻഷറി മന്ത്രി ഡോ. മനാൽ ബിൻത് ഹസൻ റദ്വാൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.