ജിദ്ദ ഇസ്ലാമിക തുറമുഖം
റിയാദ്: തുറമുഖങ്ങളിൽ കണ്ടെയ്നർ കപ്പലുകൾ കൈകാര്യംചെയ്യുന്നതിൽ സൗദി അറേബ്യ ലോകത്തെ രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്ത്. ചരക്കുകപ്പലുമായി ബന്ധപ്പെട്ട ഇറക്കുമതിയും കയറ്റുമതിയും ഉൾപ്പെടെ എല്ലാ കാര്യങ്ങളും അതിവേഗത്തിൽ ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടത്തിലാണ് സൗദി ആദ്യമായി ഈ മികവ് രേഖപ്പെടുത്തിയത്. വ്യാപാര വികസനവുമായി ബന്ധപ്പെട്ട വിഷയത്തിൽ നടന്ന ഐക്യരാഷ്ട്ര സമ്മേളനത്തിൽ പുറത്തിറക്കിയ 2020 ലോക നിക്ഷേപ റിപ്പോർട്ടിലാണ് (യു.എൻ.സി.ടി.ഡി) സൗദിയെ ആദ്യമായി പരാമർശിച്ചിട്ടുള്ളത്. രാജ്യത്തെ മികവുറ്റ 10 തുറമുഖങ്ങളിൽ കണ്ടെയ്നർ കപ്പലുകൾ വഴിയുള്ള കയറ്റിറക്ക്, ക്ലിയറൻസ് എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾക്കെടുക്കുന്ന ശരാശരി സമയം 16.8 മണിക്കൂറായി കുറഞ്ഞു. ഇതാണ് മികവിന് വഴിവെച്ചത്. അന്താരാഷ്ട്ര നിലവാരത്തിൽ മികച്ച കണ്ടെയ്നർ സേവനങ്ങൾ ഒരുക്കാൻ സൗദി തുറമുഖ അതോറിറ്റിക്ക് സാധിച്ചു.
ബോർഡർ ഗാർഡുകൾ, സൗദി കസ്റ്റംസ്, ആരോഗ്യമന്ത്രാലയം, ജനറൽ ഡയറക്ടറേറ്റ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഇൗ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പൂർത്തിയാക്കാൻ സൗദി പോർട്ട് അതോറിറ്റിക്ക് (മവാനി) സാധിക്കുന്നത്. 2020ൽ നടപ്പാക്കിയ പുതിയ കണ്ടെയ്നർ കൺസഷൻ കോൺട്രാക്ടിൽ രാജ്യം ഒപ്പുവെച്ചതിൽ കീ പെർഫോമൻസ് ഇൻഡിക്കേറ്റർ (കെ.പി.ഐ), റീ- എൻജിനീയറിങ്, മികച്ച കപ്പൽ യാത്രനടപടിക്രമങ്ങൾ എന്നിവ ഉൾപ്പെടുന്നു. സൽമാൻ രാജാവിെൻറ പരിമിതികളില്ലാത്ത പിന്തുണയുടെയും പോർട്ട് അതോറിറ്റിയുടെ കൂട്ടായ പ്രവർത്തനത്തിെൻറയും ഫലമായാണ് ഈ വമ്പിച്ച പുരോഗതി നേടാനായതെന്ന് 'മവാനി'ഡയറക്ടർ ബോർഡ് ചെയർമാൻ കൂടിയായ ഗതാഗത മന്ത്രി സാലിഹ് ബിൻ നാസർ അൽജാസർ പറഞ്ഞു.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാെൻറ തന്ത്രപരമായ നീക്കങ്ങളും ലക്ഷ്യസാക്ഷാത്കാരത്തിനായുള്ള ബഹുമുഖ പദ്ധതികളും മഹത്തായ വിജയത്തിന് സഹായകമായതായി മന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്തിെൻറ സമ്പൂർണ പരിഷ്കരണ പദ്ധതിയായ 'വിഷൻ 2030'ൽ സൗദി പോർട്ട് അതോറിറ്റി ലക്ഷ്യംവെക്കുന്ന പദ്ധതികൾ പൂർത്തിയാക്കാനുള്ള നീക്കങ്ങൾ ഫലം കണ്ടതും വമ്പിച്ച കുതിപ്പിന് ആക്കം കൂട്ടിയതായി അറബ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
മധ്യപൗരസ്ത്യ മേഖലയിലെ അതിവിശാലമായ ചെങ്കടൽ തീരത്തെ സൗദി തുറമുഖങ്ങളുടെ പ്രാദേശികവും അന്തർദേശീയവുമായ വികസന പദ്ധതികൾ നടപ്പാക്കുന്നതിന് പുതിയ കുതിച്ചുചാട്ടം ഏറെ കരുത്തുപകരുമെന്ന് 'മവാനി'വൃത്തങ്ങൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.