ടൊറേൻറാ അന്താരാഷ്ട്ര സിനിമാമേളയിൽ ചരിത്രനേട്ടവുമായി സൗദി; എട്ട് സിനിമകൾ പ്രദർശനത്തിന്
റിയാദ്: കാനഡയിൽ നടക്കുന്ന പ്രസിദ്ധമായ ടൊറേൻറാ അന്താരാഷ്ട്ര സിനിമാമേളയുടെ 51-ാം പതിപ്പിൽ സൗദി അറേബ്യയുടെ റെഡ് സീ ഫിലിം ഫൗണ്ടേഷൻ സാമ്പത്തിക സഹായം നൽകിയ എട്ട് സിനിമകൾ തിരഞ്ഞെടുക്കപ്പെട്ടു. സെപ്റ്റംബർ 10 മുതൽ 20 വരെ നടക്കുന്ന ഈ മേളയിൽ റെഡ് സീ ഫൗണ്ടേഷെൻറ പിന്തുണയോടെ ഇത്രയധികം സിനിമകൾ ഒരുമിച്ച് എത്തുന്നത് ആദ്യമായാണ്.
മേളയിലെത്തുന്ന എട്ട് സിനിമകളിൽ ‘അങ്’, ‘ഫോർ സീസൺസ് ഇൻ ജാവ’ എന്നീ രണ്ട് ചിത്രങ്ങളുടെ ലോകത്തിലെ തന്നെ ആദ്യത്തെ പ്രദർശനമാണ് ഇവിടെ നടക്കുന്നത്. ‘അൺനോൺ ഗേൾ’, ‘ബെനിമന’, ‘ഡയലോഗ് വിത്ത് ദി സീ’, ‘സംസം, നൈറ്റ് ഓഫ് ദി സ്റ്റാർസ്’, ‘ദി വയലിനിസ്റ്റ്’, ‘വീ ആർ ഓൾ സ്ട്രേഞ്ചേഴ്സ്’ എന്നീ ബാക്കി ആറ് സിനിമകൾ വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ ആദ്യമായി ജനങ്ങൾക്ക് മുന്നിലെത്തുന്നതും ഈ മേളയിലൂടെയാണ്.
ഇവയിൽ ഏഴ് ചിത്രങ്ങൾ മേളയിലെ പ്രധാനപ്പെട്ട ‘സെൻറർപീസ്’ വിഭാഗത്തിൽ കാണിക്കുമ്പോൾ, ‘അങ്’ എന്ന ചിത്രം മേളയിലെ പ്രശസ്തമായ ‘പ്ലാറ്റ്‌ഫോം’ മത്സര വിഭാഗത്തിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മേളയുടെ ഭാഗമായി സെപ്റ്റംബർ 10 മുതൽ 16 വരെ ആദ്യമായി ഒരു അന്താരാഷ്ട്ര ‘കണ്ടൻറ് മാർക്കറ്റ്’ സംഘടിപ്പിക്കുന്നുണ്ട്. സിനിമാ പ്രവർത്തകർ, നിർമാതാക്കൾ, വിതരണക്കാർ, ഒ.ടി.റ്റി പ്ലാറ്റ്‌ഫോമുകൾ, നിക്ഷേപകർ എന്നിവരെ ഒന്നിപ്പിച്ച് പുതിയ പ്രോജക്റ്റുകൾ തുടങ്ങാനും പങ്കാളിത്തങ്ങൾ ഉണ്ടാക്കാനും വേണ്ടിയാണ് ഇത്.
ഇതിനോടനുബന്ധിച്ച് നടക്കുന്ന പ്രധാന ചർച്ചയിൽ റെഡ് സീ മാർക്കറ്റ് ഡയറക്ടർ ഹോളി ഡാനിയൽ പങ്കെടുക്കുകയും, ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായങ്ങൾ എങ്ങനെ സിനിമാ പ്രവർത്തകർക്ക് പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യും.
ടൊറേൻറാ മേളയിലെ ഈ നേട്ടം സൗദി പിന്തുണ നൽകിയ സിനിമാ പ്രവർത്തകരുടെ മികച്ച നിലവാരമാണ് കാണിക്കുന്നതെന്ന് റെഡ് സീ ഫിലിം ഫൗണ്ടേഷൻ സി.ഇ.ഒ ഫൈസൽ ബാലത്യൂർ പറഞ്ഞു. സിനിമകളുടെ കഥ എഴുതുന്നത് മുതൽ നിർമാണത്തിനും സാമ്പത്തിക സഹായത്തിനും അന്താരാഷ്ട്ര തലത്തിൽ അത് എത്തിക്കുന്നതിനും തുടർച്ചയായ പിന്തുണ നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി അറേബ്യ, ഇതര അറബ് രാജ്യങ്ങൾ, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ സിനിമാ പ്രതിഭകളെ ആഗോള ചലച്ചിത്ര ലോകവുമായി ബന്ധിപ്പിക്കാനും, ഒരുമിച്ച് സിനിമകൾ നിർമിക്കാനും, ലോകമെമ്പാടും അത് വിതരണം ചെയ്യാനുമുള്ള അവസരങ്ങൾ ഉണ്ടാക്കുകയാണ് ഫൗണ്ടേഷൻ ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.