കിങ് സൽമാൻ ഖുർആൻ മത്സരം: സമ്മാനത്തുക 90 ലക്ഷം റിയാലാക്കി ഉയർത്തി
റിയാദ്: സൗദി അറേബ്യൻ ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിെൻറ രക്ഷാകർതൃത്വത്തിൽ, ഇസ്‌ലാമിക കാര്യ-ദഅ്വ-മാർഗനിർദേശ മന്ത്രാലയം സംഘടിപ്പിക്കുന്ന കിങ് സൽമാൻ ഖുർആൻ മനഃപാഠ, പാരായണ, വ്യാഖ്യാന മത്സരത്തിെൻറ 28-ാമത് പതിപ്പിനുള്ള ഒരുക്കം പൂർത്തിയായി.
രാജ്യത്തെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി സംഘടിപ്പിക്കുന്ന ഈ മത്സരത്തിലെ വിവിധ വിഭാഗങ്ങളിലെ വിജയികൾക്കായി നൽകുന്ന ആകെ സമ്മാനത്തുക മുൻ വർഷത്തെ 70 ലക്ഷം റിയാലിൽ നിന്ന് 90 ലക്ഷം റിയാലായി ഉയർത്തിയിട്ടുണ്ട് എന്നതാണ് ഈ പതിപ്പിെൻറ ഏറ്റവും വലിയ പ്രത്യേകത.
സൗദിയിലെ വിവിധ പ്രവിശ്യാ തലങ്ങളിലുള്ള പ്രാഥമിക മത്സരങ്ങൾ 2026 നവംബർ ഒന്ന് മുതൽ 2027 ജനുവരി എട്ട് വരെയുള്ള കാലയളവിൽ നടക്കും. ഇതിൽ വിജയിക്കുന്നവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അവസാന ഘട്ട മത്സരങ്ങൾ റിയാദിൽ 2027 ജനുവരി 31 മുതൽ ഫെബ്രുവരി അഞ്ച് വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനുപിന്നാലെ, വിജയികൾക്കുള്ള പുരസ്‌കാര വിതരണവും സമാപന സമ്മേളനവും പെൺകുട്ടികൾക്കായി 2027 ഫെബ്രുവരി ഒമ്പത് വൈകുന്നേരവും, ആൺകുട്ടികൾക്കായി 2027 ഫെബ്രുവരി 10 വൈകുന്നേരവും റിയാദിൽ വെച്ച് നടക്കും.
ഖുർആനെയും അതിെൻറ സൂക്ഷിപ്പുകാരെയും ആദരിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും സൗദി പുലർത്തുന്ന സുസ്ഥിരമായ നയത്തിെൻറ തെളിവാണിതെന്ന് ഇസ്‌ലാമിക കാര്യ മന്ത്രിയും ഖുർആൻ മത്സരങ്ങളുടെ ജനറൽ സൂപ്പർവൈസറുമായ ശൈഖ് ഡോ. അബ്ദുല്ലത്തീഫ് അൽ അൽശൈഖ് പറഞ്ഞു.
ഭരണാധികാരി സൽമാൻ രാജാവിന് പ്രത്യേക നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, ഈ മത്സരം രാജ്യത്തെ യുവതലമുറയെ ഖുർആൻ പഠനത്തിലേക്ക് കൂടുതൽ ആകർഷിക്കുമെന്നും വ്യക്തമാക്കി. മത്സര വിഭാഗങ്ങളുടെ ഘടനയിലും സമ്മാനങ്ങളിലും ഇത്തവണ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. മത്സരത്തിൽ ആകെ ആറ് വിഭാഗങ്ങളാണുള്ളത്. ശാത്വിബിയ്യ, ദുർറ മാർഗങ്ങളിലൂടെ 10 പരമ്പരകളോടെയുള്ള സമ്പൂർണ ഖുർആൻ മനഃപാഠവും തജ്‌വീദോടുകൂടിയുള്ള പാരായണവും പഠനവുമാണ് ഒന്നാം വിഭാഗത്തിൽ ഉൾപ്പെടുന്നത്.
തജ്‌വീദോടുകൂടിയ സമ്പൂർണ ഖുർആൻ മനഃപാഠവും പദങ്ങളുടെ പൂർണ വ്യാഖ്യാനവുമാണ് രണ്ടാം വിഭാഗം. തജ്‌വീദോടുകൂടിയ സമ്പൂർണ ഖുർആൻ മനഃപാഠം മൂന്നാം വിഭാഗത്തിലും, തുടർച്ചയായ 20 ജൂസ്ഉകൾ തജ്‌വീദോടെ മനഃപാഠമാക്കൽ നാലാം വിഭാഗത്തിലും ഉൾപ്പെടുന്നു. തുടർച്ചയായ 10 ജൂസ്ഉകൾ തജ്‌വീദോടെ മനഃപാഠമാക്കൽ അഞ്ചാം വിഭാഗമായും, തുടർച്ചയായ അഞ്ച് ജൂസ്ഉകൾ മനഃപാഠമാക്കൽ ആറാം വിഭാഗമായുമാണ് ക്രമീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.