ഐക്യരാഷ്ട്രസഭയുടെ ടൂറിസം സമിതിയിലേക്ക് മത്സരിക്കുന്ന സൗദിക്ക് പിന്തുണയുമായി ജി.സി.സി

റിയാദ്/മനാമ: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ വിനോദസഞ്ചാര മേഖലയെ വീണ്ടും സജീവമാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി തയാറാക്കിയ സമഗ്ര വീണ്ടെടുക്കൽ പദ്ധതിക്ക് അംഗീകാരം. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ ചേർന്ന ജി.സി.സി ടൂറിസം മന്ത്രിമാരുടെ യോഗത്തിലാണ് ഈ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. മേഖലയിലെ ടൂറിസം വികസനം വേഗത്തിലാക്കാനും സുസ്ഥിര വളർച്ച ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള വിവിധ സംയുക്ത പദ്ധതികൾ യോഗത്തിൽ വിശദമായി വിലയിരുത്തി.

2027 മുതൽ 2031 വരെയുള്ള കാലയളവിലേക്ക് ഐക്യരാഷ്ട്രസഭയുടെ ആഗോള വിനോദസഞ്ചാര സംഘടനയായ ‘യു.എൻ ടൂറിസത്തിെൻറ’ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് വീണ്ടും മത്സരിക്കാനുള്ള സൗദി അറേബ്യയുടെ തീരുമാനത്തെ ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം സ്വാഗതം ചെയ്യുകയും പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

പശ്ചിമേഷ്യൻ മേഖലയെ പ്രതിനിധീകരിച്ച് സൗദി സമർപ്പിച്ച അപേക്ഷയ്ക്ക്, ആഗോള ടൂറിസം വികസനത്തിൽ രാജ്യം വഹിക്കുന്ന മുൻനിര പങ്കും യു.എൻ ഓർഗനൈസേഷന് നൽകുന്ന സംഭാവനകളും മുൻനിർത്തിയാണ് ജി.സി.സി രാജ്യങ്ങൾ പിന്തുണ ഉറപ്പുനൽകിയത്.

ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ടൂറിസം സഹകരണം കൂടുതൽ മികച്ചതാക്കേണ്ടതുണ്ടെന്ന് മന്ത്രിമാർ ആവർത്തിച്ചു വ്യക്തമാക്കി. ഗൾഫ് മേഖലയെ ഒന്നായി ഉയർത്തിക്കാട്ടുന്ന പ്രചാരണങ്ങൾ നടത്തുന്നതിനൊപ്പം, പുതിയ ടൂറിസം പാക്കേജുകൾ വികസിപ്പിക്കാനും യോഗം തീരുമാനിച്ചു. ടൂറിസം സേവനങ്ങൾ കൂടുതൽ ഡിജിറ്റലാക്കുക, ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുക, കൃത്യമായ കണക്കുകളും വിവരങ്ങളും പങ്കുവെക്കുക, മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുക, കൂടാതെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് മികച്ച പരിശീലനം നൽകുക തുടങ്ങിയ കാര്യങ്ങളിൽ ഒന്നിച്ചു പ്രവർത്തിക്കാൻ ധാരണയായി.

സമീപകാലത്ത് പ്രാദേശികമായും അന്തർദേശീയമായും ഉണ്ടായ വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ച് അതിവേഗം മുന്നേറാൻ ഗൾഫ് ടൂറിസത്തിന് സാധിച്ചിട്ടുണ്ടെന്ന് കൗൺസിൽ വിലയിരുത്തി. ശക്തമായ സാമ്പത്തിക സ്ഥിതി, ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, മികച്ച സുരക്ഷയും രാഷ്ട്രീയ സ്ഥിരതയുമാണ് സന്ദർശകർക്കും നിക്ഷേപകർക്കും ഗൾഫിലുള്ള വിശ്വാസം നിലനിർത്തുന്നത്.

അത്യാധുനിക വിമാനത്താവളങ്ങൾ, വിശാലമായ വിമാന സർവീസുകൾ, വൻകിട വിനോദസഞ്ചാര-സാംസ്കാരിക-കായിക പദ്ധതികൾ, അന്താരാഷ്ട്ര സമ്മേളനങ്ങൾ, എളുപ്പത്തിലുള്ള യാത്രാ-വിസ നടപടിക്രമങ്ങൾ എന്നിവ വരും വർഷങ്ങളിൽ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി.സി.സി ജനറൽ സെക്രട്ടറിയേറ്റുമായി ചേർന്ന് അംഗരാജ്യങ്ങളുടെ സാമ്പത്തിക അടിത്തറ ശക്തമാക്കാനും സുസ്ഥിര വികസനം കൈവരിക്കാനുമുള്ള കൂട്ടായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രിമാർ ഉറപ്പുനൽകി.

Tags:    
News Summary - GCC supports Saudi Arabia's bid for UN tourism board seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.