ഐക്യരാഷ്ട്ര സഭയിലെ സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധി ഡോ. അബ്ദുൽ അസീസ് അൽവാസൽ

ഹൂതികളുടേത് ഭീകരവാദം; പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയുടെ സുരക്ഷക്കും പശ്ചിമേഷ്യൻ സ്ഥിരതക്കും എതിരെ ആക്രമണങ്ങളും ഭീഷണികളും തുടരുന്ന ഹൂതി സായുധ സംഘം ഇപ്പോഴും ഭീകരവാദത്തിലും അക്രമത്തിലുമാണ് വിശ്വാസമർപ്പിച്ചിരിക്കുന്നതെന്ന് സൗദി അറേബ്യ കുറ്റപ്പെടുത്തി. രാജ്യത്തിനെതിരെയുള്ള ഏത് ആക്രമണത്തെയും പ്രതിരോധിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ യാതൊരു മടിയും കാണിക്കില്ലെന്നും കർശന മുന്നറിയിപ്പ് നൽകി.

ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി അടിയന്തര യോഗത്തിൽ സംസാരിക്കവെ സൗദി സ്ഥിരം പ്രതിനിധി ഡോ. അബ്ദുൽ അസീസ് അൽവാസലാണ് ഇക്കാര്യം അറിയിച്ചത്. അക്രമത്തിെൻറ മാർഗം തിരഞ്ഞെടുക്കുന്നവർ അതിെൻറ പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറാകണമെന്ന് സൗദി പ്രതിനിധി വ്യക്തമാക്കി. സൗദിയിലെ സിവിലിയൻ കേന്ദ്രങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ അവരുടെ ശത്രുതാപരമായ സമീപനത്തിെൻറ തുടർച്ചയാണ്.

സിവിലിയന്മാരെ ആക്രമിക്കുന്നതും അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്നതും സമാധാനത്തിലേക്കുള്ള വഴിയാകില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അന്താരാഷ്ട്ര കപ്പൽ സഞ്ചാര സ്വാതന്ത്ര്യത്തിനുനേരെയുള്ള ഭീഷണികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഹൂതികൾക്ക് ബാഹ്യപിന്തുണ ലഭിക്കുന്നുണ്ട്. അതിപ്പോഴും തുടരുന്നുണ്ട്. അതിലെ അപകടസാധ്യതയെ ബന്ധപ്പെട്ട കക്ഷികൾ തിരിച്ചറിയേണ്ടതുണ്ട്.

സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ പിന്തുണയ്ക്ക് നേരെ അന്താരാഷ്ട്ര സമൂഹത്തിന് കണ്ണടയ്ക്കാൻ കഴിയില്ല. ആഗോള സമൂഹം നൽകിയ മുന്നറിയിപ്പുകൾക്ക് കൂടുതൽ സായുധ മുന്നേറ്റങ്ങളോടെയാണ് ഹൂതികൾ മറുപടി നൽകിയത്. സമാധാന ശ്രമങ്ങളെ പൂർണമായി തള്ളിക്കളയുന്ന അവർ, സൗദിയുടെയും മേഖലയുടെയും സുരക്ഷയ്ക്ക് ഭീഷണിയായ ആക്രമണങ്ങൾ തുടരുകയാണെന്നും അൽ വാസൽ കുറ്റപ്പെടുത്തി.

അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിൽ സ്വന്തം ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് രക്ഷാസമിതിയോട് അൽവാസൽ ആവശ്യപ്പെട്ടു. കൗൺസിലിെൻറ തീരുമാനങ്ങൾ പൂർണമായി നടപ്പാക്കണമെന്നും ആക്രമണങ്ങൾ തുടരാൻ സായുധ സംഘത്തിന് കരുത്തുപകരുന്ന എല്ലാവിധ പിന്തുണകളും അവസാനിപ്പിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഹൂതി ആക്രമണങ്ങൾ മേഖലയുടെ സുരക്ഷയിലുണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകി. ചെങ്കടലിലെയും ബാബ് അൽമന്ദബിലെയും അന്താരാഷ്ട്ര കടൽ ഗതാഗതത്തിനും രാജ്യാന്തര വ്യാപാരത്തിനും ഇത് നേരിട്ടുള്ള ഭീഷണിയാണ്. യു.എൻ ചാർട്ടർ അനുസരിച്ച് രാജ്യത്തിെൻറ സുരക്ഷയും പരമാധികാരവും പൗരന്മാരുടെ ജീവനും സംരക്ഷിക്കാൻ സൗദിക്ക് പൂർണമായും നിയമപരമായ അവകാശമുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

യമൻ പ്രതിസന്ധിയിലുടനീളം സൗദി അറേബ്യ സമാധാനത്തിെൻറ പാത മാത്രമാണ് തിരഞ്ഞെടുത്തത്. രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്നതിനായി യു.എൻ പ്രത്യേക ദൂതൻ ഹാൻസ് ഗ്രുണ്ട്ബെർഗ് നടത്തുന്ന ശ്രമങ്ങളെ രാജ്യം നിരന്തരം പിന്തുണച്ചിട്ടുണ്ട്. യമനിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സമാധാനവും സുസ്ഥിരതയും കൈവരിക്കുന്നതിനും യമനികളുടെ നേതൃത്വത്തിൽ തന്നെയുള്ള സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിന് സൗദിയുടെ പൂർണ പിന്തുണ ഉണ്ടാകുമെന്നും ഡോ. അബ്ദുൽ അസീസ് അൽവാസൽ ആവർത്തിച്ചു.

Tags:    
News Summary - Saudi Arabia says Houthis are terrorists will face consequences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.