ക്യാപിറ്റല്‍ റേഡിയോ നെറ്റ്‌വർക്ക് ബ്രോഡ്കാസ്​റ്റിങ് കമ്പനി ലോഗോ പ്രകാശനം കമ്പനി അധികൃതർ നിർവഹിക്കുന്നു

സൗദിയിലെ ആദ്യ വിദേശഭാഷാ എഫ്.എം റേഡിയോയുമായി ക്ലസ്​റ്റർ അറേബ്യ

ജിദ്ദ: സൗദിയിലെ ആദ്യ വിദേശഭാഷാ എഫ്.എം റേഡിയോ നിലയങ്ങൾ ജൂലൈ മുതൽ പ്രക്ഷേപണം ആരംഭിക്കും. ജിദ്ദയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ക്ലസ്​റ്റർ അറേബ്യയാണ് പുതിയ എഫ്.എം റേഡിയോയുമായി രംഗത്ത് വരുന്നത്. കാപിറ്റല്‍ റേഡിയോ നെറ്റ്‌വർക്ക് എന്ന ബ്രോഡ്കാസ്​റ്റിങ് കമ്പനിക്ക് കീഴിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഫിലിപ്പീൻസ് ഭാഷ തഗലോഗ് എന്നീ ഭാഷകളിലാണ് എഫ്.എം റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നതെന്ന് കമ്പനി സാരഥികൾ ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പുതിയ എഫ്.എം റേഡിയോ സൗദിയിലെ താമസക്കാർക്കും രാജ്യത്തെ ഉംറ, ഹജ്ജ് തീർഥാടകർക്കും സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടും വിധമാണ് ആരംഭിക്കുന്നത്. 24 മണിക്കൂറുമുള്ള റേഡിയോ പ്രക്ഷേപണത്തിൽ വാർത്താ അപ്‌ഡേറ്റുകൾക്ക് പുറമെ സംഗീതം, ശ്രോതാക്കളുമായുള്ള സംവേദനം, മറ്റു വിനോദ പരിപാടികൾ, വിവിധ അറിയിപ്പുകള്‍, പ്രവാസ ലോകത്തെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അവബോധം തുടങ്ങിയവ ഉണ്ടാവും.

കാപിറ്റല്‍ റേഡിയോ നെറ്റ്‌വർക്ക് ബ്രോഡ്കാസ്​റ്റിങ് കമ്പനി സാരഥികൾ ജിദ്ദയിൽ നടത്തിയ വാർത്താ സമ്മേളനം

മലയാളം, ഹിന്ദി ഭാഷകൾക്കായി ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ ഇതിനകം ഫ്രീക്വൻസി ലഭിച്ചുകഴിഞ്ഞതായും ദമ്മാമിൽ ഉടൻ ഫ്രീക്വൻസി ലഭ്യമാക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു. മലയാളത്തിലുള്ള പരിപാടികള്‍ റിയാദില്‍ 101.7, ജിദ്ദയില്‍ 104.5 എന്നിങ്ങനെ ഫ്രീക്വൻസിയിലും റിയാദിലും ജിദ്ദയിലും ഹിന്ദി ഭാഷയിലുള്ള പ്രക്ഷേപണം 101.5 എന്ന ഫ്രീക്വൻസിയിലും ശ്രോതാക്കളിലെത്തും. ഇംഗ്ലീഷ്, തഗലോഗ് ഭാഷകളിലും ഉടനെ പ്രക്ഷേപണം ആരംഭിക്കും. ശ്രോതാക്കൾക്ക് അവരുടെ എഫ്.എം റേഡിയോ ഉപകരണങ്ങളിലൂടെയോ ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലൂടെയോ റേഡിയോ ട്യൂൺ ചെയ്യാനാകും. റേഡിയോക്ക് വേണ്ടി മികച്ച അവതാരകരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

രാജ്യവും ലോകവും തമ്മിലുള്ള ആശയവിനിമയവും സാംസ്കാരിക വിനിമയവും വർദ്ധിപ്പിക്കുന്നതിനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംരംഭം. മാധ്യമങ്ങളുടെയും ആശയവിനിമയത്തി​െൻറയും മേഖലയിലേക്കുള്ള അഭൂതപൂർവമായ കുതിച്ചുചാട്ടമെന്ന സൗദി ഭരണാധികാരികളുടെ കാഴ്ചപ്പാടുമായി പൂർണമായും യോജിക്കും വിധമാണ് എഫ്.എം റേഡിയോ രംഗത്തേക്ക് കമ്പനി പ്രവേശിച്ചതെന്നും നാല് വർഷത്തെ പ്രവർത്തന ഫലമായി സൗദിയിലെ ആദ്യ വിദേശ ഭാഷാ എഫ്.എം റേഡിയോ നിലയത്തിന് സൗദി വാർത്താ മന്ത്രാലയത്തില്‍ നിന്നും അനുമതി ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും കമ്പനി സ്ഥാപകനും സി.ഇ.ഒയുമായ റഹീം പട്ടര്‍കടവന്‍ പറഞ്ഞു.

നിലവിലുള്ള ഏതെങ്കിലും പ്രാദേശികമോ അന്തർദ്ദേശീയമോ ആയ മീഡിയ കമ്പനിയുമായി യാതൊരു ബന്ധവുമില്ലാതെ തികച്ചും സ്വതന്ത്രമായാണ് റേഡിയോ നിലയങ്ങൾ ആരംഭിക്കുന്നത്. ആദ്യ എഫ്.എം റേഡിയോ പദ്ധതിയിലൂടെ സൗദി വിഷന്‍ 2030-ൽ നിർണായക പങ്ക് വഹിക്കാൻ സാധിച്ചതില്‍ സൗദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ എന്നിവരോടും രാജ്യത്തെ നിക്ഷേപ, വാണിജ്യ, മാധ്യമ മന്ത്രാലയങ്ങളോടും റഹീം പട്ടർക്കടവന്‍ നന്ദി അറിയിച്ചു.

ജിദ്ദ പാർക്ക് ഹയാത്ത് ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിൽ കമ്പനി ലോഗോ പ്രകാശനവും നടന്നു. അബ്​ദുറഹ്​മാൻ പട്ടർക്കടവൻ (സ്ഥാപക ചെയർമാൻ), ഡോ. അഹമ്മദ് ഒത്തർജി (പ്രൊജക്റ്റ് ഹെഡ്), മൈ മൊഹ്‌സിൻ (കോർപറേറ്റ് കമ്യൂണിക്കേഷൻ) എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Saudi Arabia Launches First Foreign Language FM radio

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.