ഫിലിം ഷൂട്ടിങ്ങിന് തയാറെടുക്കുന്ന സൗദി യുവതികൾ
ദമ്മാം: ചലച്ചിത്ര നിർമാണ മേഖലയിൽ പ്രതീക്ഷ വർധിപ്പിച്ച് സൗദിയുടെ പുതിയ പ്രഖ്യാപനം. രാജ്യത്ത് സിനിമ ചിത്രീകരിക്കാൻ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര നിർമാണ കമ്പനികളെ സഹായിക്കാൻ സൗദി ഫിലിം കമീഷൻ പുതിയ സംവിധാനങ്ങൾ പ്രഖ്യാപിച്ചു. സിനിമ വ്യവസായത്തിെൻറ ആഗോള ആസ്ഥാനമായി സൗദിയെ മാറ്റാനുള്ള ആദ്യപടിയായി ഈ സംവിധാനങ്ങൾ മാറുമെന്നാണ് കണക്കുകൂട്ടൽ.
കാലങ്ങളായി പടിക്കുപുറത്ത് നിന്ന സിനിമ വ്യവസായം നിരോധനം നീങ്ങിയതോടെ വർധിച്ച ആവേശത്തോടെ വളർച്ചയുടെ പാതയിലാണ്. ഏതാനും വർഷത്തിനുള്ളിൽതന്നെ പ്രകടമായ പുരോഗതിയാണ് കാണുന്നത്. ഇതോടൊപ്പം പ്രാദേശിക പ്രതിഭകൾക്ക് പരിശീലനം നൽകി ഈ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അതോടൊപ്പം സൗദിയിൽ എത്തുന്ന നിർമാണ കമ്പനികൾക്ക് ഇവരെ ഉപയോഗപ്പെടുത്താനും അവസരമൊരുക്കും. സിനിമകൾ ചിത്രീകരിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതോടെ സൗദിയുടെ വിശാലവും മനോഹരവുമായ ഭൂപ്രകൃതി അന്താരാഷ്ട്ര സിനിമകളുടെ ചിത്രീകരണ മേഖലയായി മാറും എന്നാണ് കരുതപ്പെടുന്നത്. അന്താരാഷ്ട്ര കമ്പനികൾക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കാനും കമീഷൻ ലക്ഷ്യമിടുന്നുണ്ട്. നിർമാതാക്കൾ, സംവിധായകർ, പ്രധാന അഭിനേതാക്കൾ, നടിമാർ, തിരക്കഥാകൃത്തുക്കൾ, പ്രൊഡക്ഷൻ സൈറ്റ്, ക്രൂ, വാടക ഉപകരണങ്ങൾ, നിയുക്ത നിർമാണ സൈറ്റുകൾ, പ്രൊഡക്ഷൻ പ്രോജക്ടുകൾ തുടങ്ങിയവയുടെ ചെലവുകൾക്ക് കമീഷെൻറ സഹായം ലഭ്യമാകും. ആഗോളതലത്തിൽ ഇതിനെക്കുറിച്ച് പഠനം നടത്തിയതിന് ശേഷമാണ് സൗദി ഫിലിം കമീഷൻ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ജിദ്ദയിൽ നടന്ന റെഡ് സീ ഫിലിം ഫെസ്റ്റിവൽ രാജ്യത്തെ സിനിമ പ്രതിഭകളുടെതുൾപ്പെടെ 60 രാജ്യങ്ങളിൽനിന്നുള്ള 138 സിനിമകളാണ് പ്രദർശിപ്പിച്ചത്. സൗദിയിലെ സിനിമ വ്യവസായത്തിെൻറ പുത്തൻ പ്രതീക്ഷകളാണ് ഇതിലൂടെ വ്യക്തമാകുന്നത്. കേവലം എട്ടു വർഷം മുമ്പ് മാത്രമാണ് സൗദിയിൽ ഫിലിം ഫെസ്റ്റിവലുകൾക്ക് തുടക്കം കുറിച്ചത്. മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള ചിത്രങ്ങളാണ് ഇതിൽ അധികവും പ്രദർശിപ്പിച്ചിരുന്നത്. നിരവധി പരിമിതികളിൽനിന്നുകൊണ്ട് ചിത്രീകരിച്ചവയായിരുന്നു അധികവും. വിദേശങ്ങളിൽ പഠിച്ചവരോ പരിശീലനം നേടിയവരോ ആയിരുന്നു അധികവും ഇൗ ചിത്രങ്ങൾക്ക് പിന്നിൽ.
എന്നാൽ, സൗദിയിൽ സാംസ്കാരിക വകുപ്പിന് കീഴിൽ സൗദി ഫിലിം കമീഷൻ രൂപവത്കരിച്ചതോടെ വിപ്ലവകരമായ മാറ്റങ്ങളാണുണ്ടായത്. കോവിഡ് പ്രതിസന്ധികൾക്കിടയിൽ സിനിമ വ്യവസായത്തിൽ വലിയ നേട്ടം കൊയ്യാൻ സൗദി അറേബ്യക്ക് കഴിഞ്ഞു. നിരവധി സിനിമ തിയറ്ററുകളാണ് സൗദിയിൽ നിർമിക്കപ്പെട്ടത്. വലിയ പ്രതികരണമാണ് തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.