ചന്നം പിന്നം ചിണുങ്ങി പെയ്യുന്ന
വേനൽ മഴയ്ക്കൊരു കുഞ്ഞു പെൺകുട്ടിയുടെ
ഓമനത്തം തുളുമ്പുന്ന മുഖമാണ്
ഉയരുന്ന പുതുമണ്ണിെൻറ മണം പോൽ,
ചുണ്ടിൽ കിനിയുന്ന മുലപ്പാൽ ഗന്ധം.
കളങ്കമേതുമില്ലാതെ, നോവും വേവും മറക്കുന്ന, കിന്നരി പല്ല് കാട്ടി
ചിരിക്കുന്ന, കനിവുള്ള,
നനവുള്ള ഒരു കുഞ്ഞു പൈതൽ മഴ.
ചെറുങ്ങനെ പെയ്യുന്ന ചാറ്റൽ മഴയ്ക്ക്,
എന്നുമൊരു
കൗമാരക്കാരിയുടെ നാണം.
ഇടവെയിലിൽ ഏറെയൊളിച്ചു,
പിന്നെയും പെയ്ത്,
ഒളിച്ചും കണ്ടും, കണ്ണുപൊത്തി
കളിക്കുന്നൊരു പാവാടക്കാരി - കൗമാര്യത്തിെൻറ, ശാഠ്യങ്ങളും ചാപല്യങ്ങളും.
ഓരോ വരവിലും പുടവമാറ്റി, താളം മാറ്റി, കാന്തനെ തഴുകാൻ,
അവനിൽ ആണ്ടിറങ്ങി നെഞ്ചിൽ തലവെച്ചുറങ്ങാൻ
കൊതിക്കുന്നൊരു വെപ്രാളകാരി.
കർക്കിടകമഴകൾ പലപ്പോഴും, രൗദ്രകളായ
സ്ത്രീകളെ പോലെയാണത്രെ!
കണ്ണകിയും പാഞ്ചാലിയും പോലെ, ശപഥങ്ങളിൽ മുടിയഴിച്ചു,
ഉറഞ്ഞു തുള്ളുന്നവർ. കാറ്റിനോടും കടലിനോടും,
കുന്നിനോടും മലയോടും പടവെട്ടുന്നവർ,
ഭൂമിയുടെ നെഞ്ച് പിളർന്നു ചുടു നിണം ലാവയാക്കിയൊഴുകുന്നവർ,
ഇടിയും മിന്നലുമായി ഗൂഢാലോചന നടത്തി,
ദുരിത പെയ്തു നടത്തുന്നവർ, ആണ്ടറുതിയുടെ -
തീരാശാപങ്ങളുടെ നെഞ്ചകം തുറക്കുന്നവർ.
പലരൂപങ്ങളിലും പെയ്തൊഴുകി,
മനം മടുത്ത മഴകൾ,
ഒടുവിൽ ഭർതൃ ഗൃഹങ്ങൾ ഉപേക്ഷിക്കുമത്രേ,
ഏറ്റ പീഡയോർത്തു പിന്നെയൊരിക്കലും മടങ്ങില്ലത്രേ,
അങ്ങിനെയാണത്രെ ഭൂമിയിൽ മഴയില്ലാതാവുന്നതും,
വേനലുകളുണ്ടാവുന്നതും, മരുഭൂമികളുണ്ടാവുന്നതും!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.