സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ ഫോക്​സ്​ ന്യൂസിന്റെ അഭിമുഖ പരിപാടിയിൽ

ജിദ്ദ: സൗദി അറേബ്യ ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്‌ വ്യവസ്ഥകളിലൊന്നായി മാറുമെന്ന് കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ. അമേരിക്കൻ ഫോക്സ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ്​ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയഗാഥ സൗദി അറേബ്യയുടേതാകും എന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചത്​. തുടർച്ചയായി രണ്ടുവർഷത്തിനിടെ ജി 20 രാജ്യങ്ങളുടെ ഇടയിൽ ജി.ഡി.പിയിൽ അതിവേഗ വളർച്ച കൈവരിക്കുന്നതിൽ സൗദി അറേബ്യ വിജയിച്ചു.

പശ്ചിമേഷ്യൻ മേഖലയും അതിലെ എല്ലാ രാജ്യങ്ങളും സുരക്ഷിതത്വവും സ്ഥിരതയും ആസ്വദിക്കുന്നതിനാണ്​ ഞങ്ങൾ ആഗ്രഹിക്കുന്നത്​. അതുവഴി അവർക്ക് സാമ്പത്തികമായി വികസിക്കാനും മുന്നേറാനും കഴിയുമെന്നും അദ്ദേഹം ശുഭാപ്​തിവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ കാലങ്ങളിലും വാർത്തമാനകാലത്തിലും ഭാവിയിലും സുസ്ഥിരതക്കും സമാധാനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ യമനെ ഏറ്റവും കൂടുതൽ പിന്തുണക്കുന്ന രാജ്യമാണ് സൗദി അറേബ്യ. സുസ്ഥിരമായ ഒരു രാഷ്​ട്രീയ പരിഹാരത്തിനുവേണ്ടി ഞങ്ങൾ പ്രതീക്ഷയർപ്പിക്കുന്നു. ഉയർന്ന അഭിലാഷങ്ങളോടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. സൗദി അറേബ്യ ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്‌ വ്യവസ്ഥകളിലൊന്നായിരിക്കുമെന്നും കിരീടാവകാശി പറഞ്ഞു.

വലിയ അഭിലാഷമാണ്​ ‘വിഷൻ 2030’


രാജ്യത്തിന്റെ സമഗ്ര പുരോഗതിക്കും പരിവർത്തനത്തിനും വേണ്ടി അവതരിപ്പിച്ച ദർശന പദ്ധതിയായ ‘വിഷൻ 2030’ ഞങ്ങളുടെ വലിയ അഭിലാഷമാണ്​ പ്രതിഫലിപ്പിക്കുന്നത്​. അതിന്റെ ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കുകയും വലിയ അഭിലാഷങ്ങളോടെ പുതിയ ലക്ഷ്യങ്ങൾ സ്ഥാപിക്കുകയും ചെയ്തു. സൗദി​ അറേബ്യയെ എപ്പോഴും മെച്ചപ്പെടുത്തുകയും വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ രീതി. ഞങ്ങളുടെ പുരോഗതിയുടെ വേഗത ഉയർന്ന നിലയിൽ തന്നെ തുടരും. ഒരു ദിവസം പോലും നിർത്തുകയോ അലസരാവുകയോ ചെയ്യില്ല. നാല്​ വർഷത്തിനുശേഷം അടുത്ത വികസന കാഴ്​ചപ്പാടായി ‘വിഷൻ 2040’ പദ്ധതി പ്രഖ്യാപിക്കും. നിലവിലുള്ള നിയമങ്ങൾ പലതും ഞങ്ങൾ പരിഷ്കരിക്കാൻ ശ്രമിക്കുകയാണ്​. ജുഡീഷ്യറിയുടെ പ്രവർത്തനങ്ങളിൽ ഭരണകൂടം ഇടപെടുല്ലെന്നും കിരിടാവകാശി സൂചിപ്പിച്ചു.

‘സൗദി അറേബ്യയാണ് 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയഗാഥ’ യെന്ന്​ സൗദി സന്ദർശിക്കാൻ മടിക്കുന്നവരോടായി അഭിമുഖത്തിനിടെ കിരീടാവകാശി പറഞ്ഞു.

ജനത മാറ്റം ആഗ്രഹിക്കുന്നു

സൗദി ജനത മാറ്റത്തിനായി ആഗ്രഹിക്കുകയും അതിനുള്ള പ്രവർത്തനങ്ങളിൽ വിശ്വസിക്കുകയും ചെയ്യുന്നു. ജനങ്ങളാണ്​ മാറ്റത്തിനായി ശ്രമിക്കുന്നത്. ഞാനും അവരിൽ ഒരാളാണ്. ടൂറിസം രംഗത്തെ ഞങ്ങളുടെ നിക്ഷേപം മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ ഈ വ്യവസായം നൽകിക്കൊണ്ടിരിക്കുന്ന സംഭാവനയുടെ തോത്​ മൂന്ന്​ ശതമാനത്തിൽ നിന്ന് ഏഴ്​ ശതമാനമായി ഉയർത്തി. സൗദി ടൂറിസം ഇതുവരെ നാല്​ കോടി വിദേശ സന്ദർശകരെയാണ്​ ആകർഷിച്ചത്​. 2030-ൽ 10 കോടി ​​മുതൽ 15 കോടി സന്ദർശകരെയാണ്​ ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും കിരീടാവകാശി പറഞ്ഞു.

ഫലസ്തീൻ പ്രശ്നം സുപ്രധാനം

ഫലസ്തീൻ ജനതയുടെ ദുരിതം അവസാനിപ്പിക്കാനായി അമേരിക്കയുൾപ്പടെയുള്ളവരുമായി ചർച്ച ചെയ്യുകയാണ്​. നിലവിൽ ഞങ്ങൾക്ക് ഇസ്രായേലുമായി ഒരു ബന്ധവുമില്ല. അവരുമായി ബന്ധം സ്ഥാപിക്കുന്ന വിഷയത്തിൽ ഫലസ്തീൻ പ്രശ്നം വളരെ പ്രധാനമാണ്​. അത്​ പരിഹരിക്കപ്പെട്ടാലെ ഈ വഴിയിൽ മുന്നോട്ടുപോകാനാവൂ എന്നും ഇസ്രായേലുമായുള്ള ബന്ധം സംബന്ധിച്ച ചർച്ചകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനെക്കുറിച്ചുള്ള ഫോക്സ് ന്യൂസ്​ ലേഖകന്റെ ചോദ്യത്തിന് മറുപടിയായി കിരീടാവകാശി പറഞ്ഞു. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള നിർദേശം അമേരിക്കൻ ഭരണകൂടം മുന്നോട്ട്​ വെച്ചിരുന്നു. അങ്ങനെ ചെയ്യുന്നതിൽ അമേരിക്ക വിജയിച്ചാൽ ശീതയുദ്ധം അവസാനിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ കരാറായിരിക്കും അത്. ബന്ധങ്ങൾ സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ തുടരുന്നത്​ നല്ലതാണ്. അത്​ എല്ലാ ദിവസവും മുന്നോട്ടാണ്​. അത് എവിടെ എത്തുമെന്ന് ഞങ്ങൾ നോക്കുകയാണ്​. ഫലസ്തീനികൾക്കായി ഒരു നല്ല ജീവിതം കാണാനാണ്​ ആഗ്രഹിക്കുന്നത്​. അവരുടെ കഷ്​ടപ്പാടുകൾ ലഘൂകരിക്കുന്ന നല്ല ഫലങ്ങൾ ഉണ്ടാക്കാനാണ്​ ഞങ്ങൾ ശ്രമിക്കുന്നത്​. യു.എസുമായി വരാനിരിക്കുന്ന കരാറുകൾ ഇരു രാജ്യങ്ങൾക്കും മേഖലയുടെയും ലോകത്തിന്റെയും സുരക്ഷയ്ക്കും പ്രയോജനകരമാകുമെന്നും കിരീടാവകാശി പറഞ്ഞു.

ഇറാൻ ബന്ധം പുരോഗതിയിൽ

ഇറാനുമായി സൗദി അറേബ്യ പുനസ്ഥാപിച്ച ബന്ധം ശക്തിപ്പെടുന്നതിനുള്ള പ്രവർത്തനങ്ങൾ നല്ല നിലയിൽ പുരോഗമിക്കുകയാണെന്ന്​ കിരീടാവകാശി പറഞ്ഞു. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടി അത് തുടരാൻ ഞങ്ങൾ ആഗ്രഹിക്കുകയും പ്രതീക്ഷ പുലർത്തുകയും ചെയ്യുന്നു. മേഖലയിലെ ഏത് ആണവായുധ മത്സരവും സൗദിയുടെ സുരക്ഷക്ക്​ മാത്രമല്ല, ലോകത്തിന്റെ തന്നെ സുരക്ഷക്കും ഭീഷണിയാണ്​. ഇറാൻ ആണവായുധം സ്വന്തമാക്കിയാൽ സൗദിയും അത് സ്വന്തമാക്കുമെന്ന് കിരീടാവകാശി പറഞ്ഞു. ആണവായുധങ്ങൾ കൈവശം വയ്ക്കുന്നതിൽ അർഥമില്ല, കാരണം അവ ഉപയോഗിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏത് രാജ്യവും ആണവായുധങ്ങൾ നേടുന്നതിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്.

ആണവായുധങ്ങൾ ഉപയോഗിക്കുന്ന ഏതൊരു രാജ്യവും ലോകത്തിലെ എല്ലാ രാജ്യങ്ങളുമായി യുദ്ധത്തിലേർപ്പെടുമെന്നും കിരീടാവകാശി ചൂണ്ടിക്കാട്ടി. ഇനിയൊരു ഹിരോഷിമയെ ലോകത്തിന് സഹിക്കാനാവില്ല. ഈ മേഖലയിലെ ഏത് ആണവായുധ മത്സരവും സൗദിയുടെ സുരക്ഷയെ മാത്രമല്ല, ലോകത്തി​ന്റെ സുരക്ഷയെയും ഭീഷണിപ്പെടുത്തും. മേഖലയിലെ അധികാര സന്തുലിതാവസ്ഥക്ക്​ ഇറാന്​ ആണവായുധം ലഭിക്കുമ്പോഴെല്ലാം ഞങ്ങൾ ആണവായുധം നേടേണ്ടതുണ്ടെന്നും കിരീടാവകാശി പറഞ്ഞു.

അൽനസ്​റിന്​ ലഭിച്ച സ്വീകരണം ആഹ്ലാദകരം

സൗദി ക്ലബ്​ അൽനസ്​ർ ടീമിന് ഇറാനിൽ അവിടുത്തെ ജനത നൽകിയ ഊഷ്​മള സ്വീകരണം ആഹ്ലാദകരമാണ്​. ഇത് വികസന ചലനത്തിന്റെ ഭാഗമാണ്. സൗദി ടീമിന് ഇറാന്റെ ഭാഗത്ത് നിന്ന് മനോഹരമായ സ്വീകരണം ഞങ്ങൾ കണ്ടു. ഞങ്ങൾ അത് വളരെ പോസിറ്റീവായി എടുക്കുന്നുവെന്നും കിരീടാവകാശി പറഞ്ഞു. ഞങ്ങൾക്കും ഇറാനികൾക്കും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തീരുമാനിച്ചത് ചൈനയാണ്. ചൈനീസ് പ്രസിഡൻറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്​. ചൈന ദുർബലമായി കാണാൻ ആരും ആഗ്രഹിക്കുന്നില്ല. ചൈന തകർന്നാൽ അമേരിക്ക ഉൾപ്പെടെ ലോകത്തിലെ എല്ലാ രാജ്യങ്ങളും തകർച്ചയുടെ ഭീഷണിയിലാകും. ബ്രിക്‌സ് ഗ്രൂപ്പ് അമേരിക്കയ്‌ക്കോ പാശ്ചാത്യ രാജ്യങ്ങൾക്കോ ​​വേണ്ടിയുള്ള ഏതെങ്കിലും തരത്തിലുള്ള ഭൗമരാഷ്ട്രീയ മത്സരത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും കിരീടാവകാശി പറഞ്ഞു.

റഷ്യയും യുക്രെയ്​നുമായി നല്ല ബന്ധം

ഞങ്ങൾക്ക് റഷ്യയുമായും യുക്രെയ്നുമായും നല്ല ബന്ധമുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങൾ സംഭാഷണത്തിന്റെ പാതയാണ് ഇഷ്​ടപ്പെടുന്നത്. അവർ തമ്മിലുള്ള പ്രതിസന്ധി പരിഹരിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു. റഷ്യൻ-യുക്രെനിയൻ പ്രതിസന്ധിയെക്കുറിച്ചുള്ള ഫോക്​സ്​ ന്യൂസ്​ ലേഖകന്റെ ചോദ്യത്തിന്​ മറുപടിയായാണ്​ കിരീടാവകാശി ഇക്കാര്യം പറഞ്ഞത്​. ഇന്ത്യയെ പശ്ചിമേഷ്യയുമായും യൂറോപ്പുമായും ബന്ധിപ്പിക്കുന്ന പുതിയ സാമ്പത്തിക ഇടനാഴി പദ്ധതി സമയവും പണവും ലാഭിക്കുമെന്ന് കിരീടാവകാശി അഭിപ്രായപ്പെട്ടു.

ബൈഡനുമായി വേറിട്ട ബന്ധം

യു.എസ്​. പ്രസിഡൻറ്​ ബൈഡനുമായി ഞങ്ങളുടെ ബന്ധം വേറിട്ടതാണ്​. നിരവധി പൊതുവായ വിഷയങ്ങളില ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. സൗദിയുടെ പെട്രോളിയം നയം വിപണിയുടെ ആവശ്യവും വിതരണവും അനുസരിച്ചാണ് നിയന്ത്രിക്കുന്നത്. എണ്ണ വിപണികളുടെ സ്ഥിരതക്ക്​ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും എണ്ണ നയങ്ങളെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായി കിരീടാവകാശി പറഞ്ഞു. സൗദി അറേബ്യയുടെയും അമേരിക്കയുടെയും പൊതുശത്രുവായിരുന്നു ഉസാമ ബിൻ ലാദൻ. ഇരുരാജ്യങ്ങളും തമ്മിൽ വേർപിരിക്കാൻ അയാൾ പദ്ധതിയിടുകയായിരുന്നുവെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഇരുഹറമുകളുടെയും പുണ്യസ്ഥലങ്ങളുടേയും പദവിക്ക് യോജിച്ച പ്രവർത്തനങ്ങളാണ്​ ഞങ്ങൾ ചെയ്യുന്നതെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു.

ഫോക്‌സ് ന്യൂസ് ചാനൽ വ്യാഴാഴ്​ച പുലർച്ചെ ഒന്നിനാണ്​ അമീർ മുഹമ്മദ് ബിൻ സൽമാന്റെ അഭിമുഖം സംപ്രേഷണം ചെയ്തത്​. നിയോം നഗരത്തിൽ നിന്ന് ചാനലിന്റെ ചീഫ് പൊളിറ്റിക്കൽ ബ്രോഡ്കാസ്​റ്റർ ബ്രെറ്റ് ബെയർ ആണ്​ അഭിമുഖം നടത്തിയത്​. ഇത്​ സംബന്ധിച്ച്​ ഫോക്സ് ന്യൂസ് ഒരു പ്രസ്താവന നേരത്തെ പുറത്തിറക്കിയിരുന്നു. ഈ അഭിമുഖം സൗദിയുടെ ഭാവിയെക്കുറിച്ചും അമേരിക്കയുമായുള്ള ബന്ധത്തെക്കുറിച്ചും നിരവധി വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണെന്നും അവർ മുൻകൂട്ടി വെളിപ്പെടുത്തിയിരുന്നു. 2019 ന് ശേഷം ഒരു പ്രധാന അമേരിക്കൻ വാർത്താമാധ്യമത്തിന്​ ആദ്യമായാണ്​ കിരീടാവകാശി അഭിമുഖം നൽകുന്നത്​. സൗദി അറേബ്യയിലെ പരിവർത്തനങ്ങളുടെയും വികസനങ്ങളുടെയും പശ്ചാത്തലത്തിൽ കിരീടാവകാശിയുമായുള്ള അഭിമു​ഖത്തെ വലിയ പ്രാധാന്യത്തോടെയാണ്​ ലോകം ഉറ്റുനോക്കിയത്​.

Tags:    
News Summary - Saudi Arabia is biggest success story of 21st century says Crown Prince

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.