ജിദ്ദ അൽ സലാം പാലസിൽ ഇന്തോനേഷ്യൻ പ്രസിഡൻറ് പ്രബോവോ സുബിയാന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ വരവേൽപ് നൽകിയപ്പോൾ
റിയാദ്: 2700 കോടി ഡോളറിന്റെ കരാറുകളിൽ സൗദി അറേബ്യയും ഇന്തോനേഷ്യയും ഒപ്പുവെച്ചു. ഇന്തോനേഷ്യൻ പ്രസിഡൻറ് പ്രബോവോ സുബിയാന്റെ സൗദി സന്ദർശനത്തിനിടയിലാണ് ശുദ്ധമായ ഊർജം, പെട്രോകെമിക്കൽ വ്യവസായങ്ങൾ, വ്യോമയാന ഇന്ധന സേവനങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ തമ്മിൽ നിരവധി കരാറുകൾ ഒപ്പുവെച്ചത്.
ഇരുവരും കൂടിക്കാഴ്ച നടത്തുന്നു
ബുധനാഴ്ച സൗദിയിലെത്തിയ പ്രബോവോ സുബിയാന് ജിദ്ദ അൽ സലാം പാലസിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഊഷ്മളവും രാജകീയവുമായ വരവേൽപാണ് നൽകിയത്. തുടർന്ന് ഇരുവരും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും എല്ലാ മേഖലകളിലും അവ വികസിപ്പിക്കാനുള്ള വഴികളും അവർ അവലോകനം ചെയ്തു. സാമ്പത്തിക ബന്ധങ്ങളുടെ ശക്തിയെ പ്രശംസിക്കുകയും പ്രത്യേകിച്ച് മുൻഗണനാ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിന്റെയും സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിന് പിന്തുണ നൽകുന്നതിന്റെയും വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിന് ‘സൗദി വിഷൻ 2030’ഉം ഇന്തോനേഷ്യയുടെ ‘ഗോൾഡൻ വിഷൻ 2045’ഉം നൽകുന്ന അവസരങ്ങൾ മുതലെടുക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചും ഇരുവരും ധാരണയായി.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏകദേശം 31,50 കോടി ഡോളറിലെത്തിയ ഉഭയകക്ഷി വ്യാപാര നിലവാരത്തെ ഇരുവരും പ്രശംസിച്ചു. ഇത് സൗദിയെ ഇന്തോനേഷ്യയുടെ പ്രമുഖ വ്യാപാര പങ്കാളിയാക്കി മാറ്റി. വ്യാപാരത്തിന്റെ തോത് വർധിപ്പിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ തുടരുന്നതിന്റെയും പൊതു, സ്വകാര്യ മേഖലകളിലെ ഉദ്യോഗസ്ഥർ തമ്മിലുള്ള പരസ്പര സന്ദർശനങ്ങൾ ശക്തമാക്കുന്നതിന്റെയും അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും അവയെ മൂർത്തമായ പങ്കാളിത്തങ്ങളാക്കി മാറ്റുന്നതിനുമായി സൗദി-ഇന്തോനേഷ്യൻ ബിസിനസ് കൗൺസിൽ വഴി ഇരു രാജ്യങ്ങളും തമ്മിൽ ബിസിനസ് പരിപാടികൾ നടത്തുന്നതിന്റെയും പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.
ഇരുരാജ്യങ്ങളും ലോകവും നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെ തരണം ചെയ്യാൻ ബഹുമുഖ അന്താരാഷ്ട്ര സഹകരണം യാഥാർഥ്യമാക്കുന്നതിന് അന്താരാഷ്ട്ര നാണയ നിധി, ലോക ബാങ്ക്, ഇസ്ലാമിക് വികസന ബാങ്ക് എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളിൽ തങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.
ഐക്യരാഷ്ട്രസഭ, ഇസ്ലാമിക് സഹകരണ സംഘടന, ഗ്രൂപ്പ് ഓഫ് ട്വൻറി, ചേരിചേരാ പ്രസ്ഥാനം എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളിലെ പൊതു താൽപര്യമുള്ള വിഷയങ്ങളിൽ ഏകോപനം വർധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയും പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.