റിയാദ്: സൗദി അറേബ്യയിലെ മാർക്കറ്റിങ്, സെയിൽസ് തൊഴിൽ മേഖലകളിൽ സ്വദേശിവൽക്കരണം (നിതാഖാത്) 60 ശതമാനമായി ഉയർത്തിക്കൊണ്ടുള്ള മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയത്തിെൻറ ഉത്തരവ് പുറത്തിറങ്ങി. തിങ്കളാഴ്ച (ജനു. 19) മുതൽ പുതിയ നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നു. മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് ഈ നിയമം ബാധകമാവുക.
മാർക്കറ്റിങ് വിഭാഗത്തിൽ മാർക്കറ്റിങ് മാനേജർ, പരസ്യ ഏജൻറ്, ഗ്രാഫിക് ഡിസൈനർ, പി.ആർ. സ്പെഷ്യലിസ്റ്റ, ഫോട്ടോഗ്രാഫർ, അഡ്വർടൈസിങ് ഡിസൈനർ, സെയിൽസ് വിഭാഗത്തിൽ സെയിൽസ് മാനേജർ, റീട്ടെയിൽ-ഹോൾസെയിൽ പ്രതിനിധികൾ, ഐ.ടി ആൻഡ് കമ്യൂണിക്കേഷൻ സെയിൽസ് സ്പെഷ്യലിസ്റ്റ്, കൊമേഴ്‌സ്യൽ സ്പെഷ്യലിസ്റ്റ്, ഗുഡ്സ് ബ്രോക്കർ എന്നീ തസ്തികകളിലാണ് 60 ശതമാനം സൗദി പൗരന്മാർക്കായി നിജപ്പെടുത്തിയത്.
മാർക്കറ്റിങ് തസ്തികകളിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് കുറഞ്ഞത് 5,500 റിയാൽ ശമ്പളം ഉറപ്പാക്കണം. മൂന്നോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. സ്വകാര്യ മേഖലയിൽ സ്വദേശി പ്രാതിനിധ്യം വർധിപ്പിക്കുകയും ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
നിയമം നടപ്പാക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് മന്ത്രാലയം വിവിധ പ്രോത്സാഹന പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമനം, പരിശീലനം, തൊഴിൽ സ്ഥിരത എന്നിവയ്ക്ക് മന്ത്രാലയത്തിെൻറ സഹായം ലഭിക്കും. മാനവ വിഭവശേഷി വികസന ഫണ്ടിെൻറ വിവിധ പദ്ധതികളിൽ ഈ സ്ഥാപനങ്ങൾക്ക് മുൻഗണന നൽകും. തൊഴിൽ വിപണിയെക്കുറിച്ചുള്ള കൃത്യമായ പഠനങ്ങൾക്ക് ശേഷമാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്വദേശി യുവതയുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കാനും വിപണിയുടെ ഗുണനിലവാരം ഉയർത്താനും പുതിയ നീക്കം സഹായിക്കും.
നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ മന്ത്രാലയം, പിഴകൾ ഒഴിവാക്കാൻ അനുവദിച്ചിട്ടുള്ള ഗ്രേസ് പിരീഡിനുള്ളിൽ തന്നെ മാറ്റങ്ങൾ വരുത്താൻ സ്ഥാപനങ്ങളോട് നിർദേശിച്ചു. വിശദാംശങ്ങൾ മന്ത്രാലയത്തിെൻറ വെബ്‌സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.