നിക്ഷേപ കരാറുകൾ ഒപ്പുവെച്ച ശേഷം സൗദി നിക്ഷേപ മന്ത്രി എൻജി.ഖാലിദ് അൽ ഫാലിഹ് ഇരു രാജ്യത്തെയും കമ്പനി പ്രതിനിധികൾക്കൊപ്പം

ചൈനീസ് കമ്പനികളുമായി സൗദി 34 നിക്ഷേപ കരാറുകൾ ഒപ്പിട്ടു

റിയാദ്: പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സന്ദർശനത്തിന്റെ ഭാഗമായി ബുധനാഴ്ച സൗദി അറേബ്യ വിവിധ ചൈനീസ് കമ്പനികളുമായി 34 നിക്ഷേപ കരാറുകളിൽ ഒപ്പുവച്ചു. നിക്ഷേപമന്ത്രി എൻജി. ഖാലിദ് അൽ ഫാലിഹും കരാറുകളുമായി ബന്ധപ്പെട്ട മേഖലയിലെ സർക്കാർ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ഹരിത ഊർജം, ഹരിത ഹൈഡ്രജൻ, ഫോട്ടോവോൾട്ടെയ്‌ക് ഊർജം, വിവര സാങ്കേതിക വിദ്യ, ക്ലൗഡ് സർവിസ്, ഗതാഗതം, ചരക്ക് നീക്കം, മെഡിക്കൽ വ്യവസായം, പാർപ്പിട നിർമാണം, ഫാക്ടറികൾ തുടങ്ങി നിരവധി മേഖലകളുമായി ബന്ധപ്പെട്ടാണ് കരാറുകൾ ഒപ്പിട്ടത്.

ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നേതൃത്വത്തിൽ സൗഹൃദ രാജ്യമായ ചൈനയുമായുള്ള സാമ്പത്തിക, നിക്ഷേപ ബന്ധങ്ങൾ വികസിപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് കരാറുകളിൽ പ്രതിഫലിക്കുന്നതെന്ന് സൗദി നിക്ഷേപ മന്ത്രി സ്ഥിരീകരിച്ചു.

എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തവും ബന്ധവും ശക്തിപ്പെടുത്തുന്നതിന് ഇരു രാഷ്ട്ര നേതൃത്വങ്ങൾക്കും ലഭിച്ച അവസരമാണ് ചൈനീസ് പ്രസിഡന്റിന്റെ സൗദി സന്ദർശനമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിൽ നിലവിലുള്ള സഹകരണത്തിന്റെ വേഗത വർധിപ്പിക്കുന്നതിന് സന്ദർശനം സഹായകമാകുമെന്നും അൽ ഫാലിഹ് കൂട്ടിച്ചേർത്തു.

സൗദിയും ചൈനയും തമ്മിൽ ദൃഢമായ ബന്ധമാണുള്ളതെന്നും 2016 മുതൽ രാഷ്ട്ര നേതൃത്വങ്ങൾ പരസ്പരം നടത്തിയ സന്ദർശനങ്ങൾ സമഗ്രമായ വികസനത്തിന് വഴിയൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

'വിഷൻ 2030'-ന്റെ വെളിച്ചത്തിൽ, പുനരുപയോഗ ഊർജം, വ്യവസായം, വാർത്താവിനിമയം, വിവരസാങ്കേതികവിദ്യ, ബയോടെക്‌നോളജി, ടൂറിസം, കെട്ടിട നിർമാണം തുടങ്ങി വിവിധ മേഖലകളിൽ അഭൂതപൂർവമായ നിക്ഷേപ അവസരങ്ങളാണ് സൗദി വാഗ്ദാനം ചെയ്യുന്നതെന്ന് പറഞ്ഞ മന്ത്രി ചൈനീസ് കമ്പനികളോടും നിക്ഷേപകരോടും സൗദിയിലേക്ക് വരാനും പ്രതിഫലദായകമായ നിക്ഷേപ അവസരങ്ങളിൽനിന്ന് പ്രയോജനം നേടാനും ആഹ്വാനം ചെയ്തു.

നിക്ഷേപകരെ ആകർഷിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിനും ഉത്തേജകവും സുരക്ഷിതവുമായ നിക്ഷേപ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും നിക്ഷേപ മന്ത്രാലയം രാജ്യത്തെ പൊതു-സ്വകാര്യ മേഖലകളിലെ നിരവധി പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് അൽ-ഫാലിഹ് ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വന്ന വർധനയും മന്ത്രി അനുസ്മരിച്ചു.

Tags:    
News Summary - Saudi Arabia has signed 34 investment agreements with Chinese companies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.