ജിദ്ദ: പരിസ്ഥിതിയുടെ സംരക്ഷണത്തിനും പരിസ്ഥിതി സൗഹൃദപരമായ സുസ്ഥിര വികസനത്തിനും കർശന നിയമങ്ങൾ നടപ്പാക്കി സൗദി അറേബ്യ. പരിസ്ഥിതി സംരക്ഷണ സംബന്ധിച്ച പുതിയ വ്യവസ്ഥകളിലാണ് കർശന നിയന്ത്രണങ്ങളും നിയമങ്ങളുമുള്ളത്. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന പദ്ധതികളോ പ്രവർത്തനങ്ങളോ അനുവദിക്കില്ല. പരിസ്ഥിതിക്ക് ദോഷകരമാവില്ലെന്ന് ഉറപ്പാക്കുന്ന ചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായ ലൈസൻസ് നേടി മാത്രമേ ഏതൊരു പ്രവൃത്തിയിലും പദ്ധതി നടത്തിപ്പുകളിലും ഏർപ്പെടാനാവൂ.
പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നതോ ജലസ്രോതസ്സുകൾ നശിപ്പിക്കുന്നതോ ഇവ രണ്ടിനും ആഘാതമുണ്ടാക്കുന്നതോ അല്ലെങ്കിൽ പ്രതികൂലമായി ബാധിക്കുന്നതോ ആയ എല്ലാ കാര്യങ്ങളും നിരോധിച്ചിട്ടുണ്ട്. രാജ്യത്തെ പ്രകൃതി വിഭവങ്ങളുടെ വ്യവസായികമായ ചൂഷണം നിയമം മൂലം തടഞ്ഞിരിക്കുന്നു. പ്രകൃതി വിഭവങ്ങൾ കൊണ്ട് ഉൽപന്നങ്ങൾ നിർമിക്കുന്നതോ വിൽക്കുന്നതോ കൈമാറുന്നതോ ശേഖരിച്ച് സൂക്ഷിക്കുന്നതോ ആയ പ്രവൃത്തികളും നിരോധിത വകുപ്പിൽ പെടും. മലിന ജലം ഭൂഗർഭ കിണറുകളിലേക്ക് ഒഴുക്കിവിടുന്നതും കുറ്റകരമാണ്.
വൃക്ഷങ്ങളും ഇതര സസ്യലതാദികളും നശിപ്പിക്കുന്നതും കുറ്റകൃത്യമാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥയെ അപകടപ്പെടുത്തുന്ന ഏതൊരു പ്രവൃത്തിയും നിരോധിക്കപ്പെട്ടിരിക്കുന്നു. മരങ്ങൾ മുറിക്കുക, മാലിന്യങ്ങൾ സൂക്ഷിക്കുക, കുഴിച്ചുമൂടുക, കത്തിക്കുക, അനുമതി പത്രമില്ലാതെ കരി ഉൽപാദനം നടത്തുക, സംഭരിക്കുക, വിൽപന നടത്തുക എന്നിവയെല്ലാം നിരോധിച്ചിരിക്കുന്നു. വന്യമൃഗങ്ങളെ കൊല്ലുന്നതും ഉപദ്രവിക്കുന്നതും വേട്ടയാടുന്നതും നിരോധനത്തിലുൾപ്പെടും.
അനുമതിയുണ്ടെങ്കിൽ ചില ഇനങ്ങളെ വേട്ടയാടാം. അത് ബന്ധപ്പെട്ട വകുപ്പ് നിശ്ചയിക്കുന്ന നിശ്ചിത സ്ഥലങ്ങളിലും സമയ ങ്ങളിലുമായിരിക്കണം. ചില പരിസ്ഥിതി ചട്ടങ്ങൾ ലംഘിച്ചാൽ കടുത്ത ശിക്ഷയാണ് ലഭിക്കുക. 10 വർഷത്തിൽ കുറയാത്ത തടവോ 30 ലക്ഷം റിയാൽ പിഴയോ ആയിരിക്കും ശിക്ഷ. ചില കേസുകളിൽ ഇത് രണ്ടും ചേർത്തും ശിക്ഷയായി ലഭിച്ചേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.