മീഡിയ വൺ സൂപ്പർ സ്മാഷ് ബാഡ്മിൻറൺ ടൂർണമെൻറ് സൂപ്പർ പ്രീമിയർ മെൻസ് ഡബിൾ സ്പെഷ്യൽ കാറ്റഗറി ജേതാക്കളായ ബെൻസൻ, നവനീത്
റിയാദ്: പ്രവാസത്തിന്റെ കായിക ചരിത്രത്തിന് പുതിയൊരധ്യായം രചിച്ചുകൊണ്ട് മീഡിയവൺ സൂപ്പർ സ്മാഷ് ബാഡ്മിൻറൺ മഹാമേള റിയാദിൽ സമാപിച്ചു. റാക്കറ്റുകൾ കൊണ്ട് മിന്നൽ വേഗത്തിൽ ഷട്ടിൽ കോക്കുകൾ അടിച്ചുപായിച്ച് കുരുന്നുകൾ തൊട്ട് മുതിർന്നവർ വരെ തങ്ങളുടെ കളിവീര്യം പുറത്തെടുത്ത നിമിഷങ്ങളായിരുന്നു കഴിഞ്ഞ ദിനരാത്രങ്ങൾ. റിയാദിലെ റാഇദ് പ്രൊ കോർട്ടിൽ അഞ്ഞൂറിലധികം കായിക താരങ്ങൾ അണിനിരന്ന മത്സരങ്ങൾ നിയന്ത്രിക്കുവാൻ ടൂർണമന്റെ് ടെക്നിക്കൽ ഡയറക്ടർ മഖ്ബൂൽ മണലോടിയുടെ നേതൃത്വത്തിലുള്ള 50-ലധികം ഒഫിഷ്യൽസ് രംഗത്തുണ്ടായിരുന്നു.
ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ വെറ്ററൺ ഡബിൾസ് താരങ്ങൾ
ടൂർണമന്റെിന്റെ ഉദ്ഘാടനം സൗദി ബാഡ്മിൻറൺ ഫെഡറേഷൻ കോച്ച് അമ്മാർ അവാദ് നിർവഹിച്ചു. മീഡിയ വൺ ചീഫ് കറസ്പോൺഡൻറ് അഫ്താബുറഹ്മാൻ സ്വാഗതവും കോഓഡിനേഷൻ കമ്മിറ്റി കൺവീനർ അഷ്‌റഫ് കൊടിഞ്ഞി നന്ദിയും പറഞ്ഞു. ഒമ്പത് കോർട്ടുകളിലായി മൂന്ന് ദിവസം നീണ്ടുനിന്ന മത്സരങ്ങൾ ശനിയാഴ്ച പുലർച്ചെ വരെ നീണ്ടുനിന്നു. പുരുഷ, വനിത ഡബ്ൾസ്, മിക്സ്ഡ് ഡബ്ൾസ്, ഫാമിലി ഡബ്ൾസ്, ജൂനിയർ വിഭാഗം തുടങ്ങി 35 കാറ്റഗറികളിലായിട്ടായിരുന്നു മത്സരങ്ങൾ. 13 രാജ്യങ്ങളിൽനിന്നുള്ള കായികപ്രതിഭകളാണ് മത്സരത്തിൽ പങ്കെടുത്തത്. കായികമേഖലയിൽ ദ്രുതഗതിയിൽ വളർച്ച നേടുന്ന സൗദി അറേബ്യയിലെ പ്രവാസി ബാഡ്മിൻറൺ പ്രതിഭകളുടെ മാറ്റുരക്കലായിരുന്നു മത്സരങ്ങൾ.
ജേതാക്കളായവർക്ക് കാഷ് അവാർഡും പുരസ്കാരങ്ങളും വിതരണം ചെയ്തു. സൗദിയുടെ വിവിധ ഭാഗങ്ങളിലേക്ക് സൂപ്പർ സ്മാഷിന്റെ പുതിയ എഡിഷനുകൾ വരും മാസങ്ങളിൽ സംഘടിപ്പിക്കുമെന്ന് ചീഫ് കോഓഡിനേറ്റർ അമൽ മഖ്ബൂൽ പറഞ്ഞു. കോഴിക്കോട് സ്വദേശികളായ ബെൻസൻ, നവനീത് എന്നിവർ ടൂർണമന്റെിലെ ഏറ്റവും മികച്ച കളിക്കാർക്കുള്ള സൂപ്പർ പ്രീമിയർ മെൻസ് ഡബിൾ സ്പെഷ്യൽ കാറ്റഗറി അവാർഡ് കരസ്ഥമാക്കി. സ്റ്റേറ്റ് ചാമ്പ്യന്മാരായിരുന്ന ഇരുവരും റിയാദിലെ ഇന്ത്യൻ ബാഡ്മിൻറൺ ക്ലബ്ബ്, സിന്മാർ ക്ലബ് എന്നീ അക്കാദമികളിൽ കോച്ചുമാരാണ്. നൗഫലും സുദിനുമാണ് റണ്ണർ അപ്പ് നേടിയവർ. മറ്റ് വിജയികളെ കുറിച്ചുള്ള പൂർണവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാക്കിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.