ദുബൈ: മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ വാട്ടർ അവാർഡിന്റെ അഞ്ചാമത് എഡിഷൻ പ്രഖ്യാപിച്ച് യു.എ.ഇ വാട്ടർ എയ്ഡ് ഫൗണ്ടേഷൻ (സുകിയ യു.എ.ഇ). 10 ലക്ഷം ഡോളർ സമ്മാനത്തുകയുള്ള അവാർഡിനായി അപേക്ഷ സമർപ്പിക്കാമെന്ന് സുകിയ യു.എ.ഇ ചെയർമാൻ സഈദ് മുഹമ്മദ് അൽ തായർ അറിയിച്ചു.
ജല ഉൽപാദനം, വിതരണം, സംഭരണം, ഉപ്പുവെള്ള ശുദ്ധീകരണം, ശുദ്ധ-പുനരുപയോഗ ഊർജ സ്രോതസ്സുകൾ ഉപയോഗിച്ചുള്ള ജലശുദ്ധീകരണം എന്നിവക്കായുള്ള നൂതന സാങ്കേതികവിദ്യകളും മാർഗങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് അവാർഡിന്റെ ലക്ഷ്യം. അതോടൊപ്പം സുസ്ഥിരതയിലേക്കുള്ള ആഗോള പ്രയത്നങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും.
നാല് പ്രധാന വിഭാഗങ്ങൾ ഉൾപ്പെടുന്നതാണ് പുരസ്കാരം. നൂതന പദ്ധതിക്കുള്ള പുരസ്കാരം, നൂതന ഗവേഷണ, വികസന പുരസ്കാരം, നൂതന വ്യക്തിഗത പുരസ്കാരം, ഇന്നോവേറ്റീവ് ക്രൈസിസ് സൊല്യൂഷൻസ് പുരസ്കാരം എന്നിവയാണിത്. www.mbrwateraward.ae/awards വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
2026 ഏപ്രിൽ 30 വരെ അപേക്ഷ സ്വീകരിക്കും. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് യു.എ.ഇ വാട്ടർ എയ്ഡ് ഫൗണ്ടേഷൻ രൂപവത്കരിച്ചത്. 37 രാജ്യങ്ങളിലായി ലോകവ്യാപകമായി ഏതാണ്ട് 1.5 ലക്ഷം പേർക്ക് ശുദ്ധജലം എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. സുസ്ഥിരമായ വികസനത്തിലൂടെയും മാനുഷികപദ്ധതികളിലൂടെയുമാണ് പദ്ധതി നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.