സൗദിയിൽ വൻ ഡ്രോൺ വേട്ട: ഒരു മണിക്കൂറിനിടെ 35 ഡ്രോണുകളെ തകർത്ത് പ്രതിരോധ സേന

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയെ ലക്ഷ്യമിട്ട് ശത്രുക്കൾ നടത്തിയ വൻ ഡ്രോൺ ആക്രമണ നീക്കത്തെ സൗദി പ്രതിരോധ സേന തകർത്തു. വെറും ഒരു മണിക്കൂറിനുള്ളിൽ മേഖലയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച 35 ഡ്രോണുകളാണ് സായുധ സേന വിജയകരമായി തടയുകയും ആകാശത്തുവെച്ച് തന്നെ നശിപ്പിക്കുകയും ചെയ്തത്. പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് തിങ്കളാഴ്ച ഈ സുപ്രധാന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങളെ അതീവ ജാഗ്രതയോടെയാണ് സൈന്യം നേരിടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിയാദിലും കിഴക്കൻ പ്രവിശ്യയിലുമായി ആകെ 30 ഡ്രോണുകൾ തടഞ്ഞ് നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കിഴക്കൻ മേഖലയിൽ മാത്രം ഇന്ന് 26 ഡ്രോണുകൾ തകർത്ത വാർത്ത പുറത്തുവന്നത്. എന്നാൽ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ഒരു മണിക്കൂറിനുള്ളിൽ എത്തിയ 35 ഡ്രോണുകളെ നിലം തൊടീക്കാതെ തകർക്കാൻ സേനയ്ക്ക് സാധിച്ചു എന്നത് ആക്രമണത്തിന്റെ വ്യാപ്തിയും സേനയുടെ കരുത്തുമാണ് വ്യക്തമാക്കുന്നത്.

ശത്രുക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് പ്രകോപനങ്ങളെയും പ്രതിരോധിക്കാനും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും സൗദി സായുധ സേന പൂർണ്ണ സജ്ജമാണെന്ന് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരത്തിന് നേർക്കുള്ള ഇത്തരം ഭീഷണികളെ വകഞ്ഞുമാറ്റി സുരക്ഷാ കവചം തീർക്കുന്നതിൽ മന്ത്രാലയം വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നത്.

Tags:    
News Summary - Saudi Arabia Defense forces destroy 35 drones in one hour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.