നാടിൻറയും രാജ്യത്തിെൻറയും ഭാവി രൂപപ്പെടുത്തേണ്ട പുതുതലമുറയെ നന്മയിലേക്കും ധാർമിക മൂല്യങ്ങളിലേക്കും നയിക്കേണ്ട അധ്യാപകരിൽ ചിലർ തന്നെ കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന ലഹരി മാഫിയയുടെ കണ്ണികളായി പിടിയിലായെന്ന വാർത്ത കേരള മനസാക്ഷിയെ നടുക്കിയിരിക്കുകയാണ്. തെറ്റിലേക്ക് വഴി തെറ്റുന്നവരെ നേർവഴി കാണിച്ചുകൊണ്ട് സമൂഹത്തിന് മാതൃകയാകേണ്ടവർ തന്നെ ലഹരി മാഫിയയുടെ ഭാഗമായെന്ന ആരോപണത്തിെൻറ ഞെട്ടൽ ഇനിയും മാറിയിട്ടില്ല.
പിടിയിലായ കോഴിക്കോട് വടകര ബി.ആർ.സി.യിലെ മൂന്ന് അധ്യാപികമാരുടെ സാമ്പത്തിക ഇടപാടുകളും സംസ്ഥാനത്തിന് പുറത്തുള്ള ബന്ധങ്ങളും സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടരുകയാണ്. ലഹരി വിതരണ ശൃംഖലയിൽ വിദ്യാർത്ഥിനികളെ ഇരകളാക്കിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിച്ചുവരികയാണ്. ഒരു കുട്ടിയുടെ സ്വഭാവവും ചിന്താശേഷിയും മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും രൂപപ്പെടുത്തുന്നതിൽ അധ്യാപകെൻറ പങ്ക് അതുല്യമാണ്. അതുകൊണ്ടുതന്നെ അധ്യാപകനെ സമൂഹം ഒരു ഉദ്യോഗസ്ഥനായി മാത്രമല്ല, ഒരു മാതൃകാ വ്യക്തിത്വമായാണ് കാണുന്നത്.
പിടിയിലായ മൂന്ന് അധ്യാപികമാരും സിന്തറ്റിക് ലഹരി ഉപയോഗിച്ചിരുന്നതായുള്ള വാർത്ത അതീവ ഗൗരവമുള്ളതാണ്. വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നയിക്കുകയും, ലഹരിവിരുദ്ധ പരിപാടികളിൽ സജീവമായി പങ്കെടുക്കുകയും, അധ്യാപകർക്കുതന്നെ പരിശീലനം നൽകുന്ന വിഭാഗത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് ഇവർ. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ള ഇവർ ഓട്ടിസം സെന്ററിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കും ക്ലാസുകൾ എടുത്തിരുന്നു.
ഇത്രയും ഉയർന്ന വിദ്യാഭ്യാസവും ഉത്തരവാദിത്തമുള്ള സ്ഥാനവുമുള്ള അധ്യാപികമാർ ലഹരി ഉപയോഗിച്ച ശേഷവും വിദ്യാർത്ഥികൾക്ക് ക്ലാസുകൾ എടുക്കുകയും ലഹരി ബോധവൽക്കരണ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തുവെന്ന വാർത്ത അതീവ ആശങ്കാജനകമാണ്. മാത്രമല്ല, ലഹരി മാഫിയയുടെ ഭാഗമായി ലക്ഷക്കണക്കിന് രൂപ ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ എത്തിയെന്ന വിവരവും പുറത്തുവരുന്നത് സംഭവത്തിെൻറ ഗൗരവം കൂടുതൽ വർധിപ്പിക്കുന്നു. ഒരു കുറ്റകൃത്യത്തിെൻറ വാർത്ത എന്നതിലുപരി, സമൂഹത്തിെൻറ ധാർമിക അടിത്തറയെ ചോദ്യം ചെയ്യുന്ന സംഭവമായാണ് ഇതിനെ വിലയിരുത്തേണ്ടത്.
കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വെല്ലുവിളികളിലൊന്നാണ് ലഹരിയുടെ വ്യാപനം. എം.ഡി.എം.എ. പോലുള്ള സിന്തറ്റിക് ലഹരിവസ്തുക്കൾ നഗരങ്ങളിലോ വിനോദകേന്ദ്രങ്ങളിലോ മാത്രം ഒതുങ്ങാതെ വിദ്യാലയങ്ങളിലേക്കും കോളേജുകളിലേക്കും ഗ്രാമങ്ങളിലേക്കും വരെ വ്യാപിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന "ഓപ്പറേഷൻ തൂഫാൻ" നടപടികളുടെ ഭാഗമായി പിടിച്ചെടുക്കുന്ന ലഹരിവസ്തുക്കളുടെ കണക്കുകൾ തന്നെ സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നു. കേരള സമൂഹത്തിൽ ലഹരി മാഫിയ എത്രത്തോളം ആഴത്തിൽ വേരൂന്നിയിട്ടുണ്ടെന്നതിെൻറ ആശങ്കാജനകമായ സൂചനകളാണ് അവ നൽകുന്നത്.
എക്സൈസ് വകുപ്പിെൻറ സർവേ റിപ്പോർട്ട് പ്രകാരം, സംസ്ഥാനത്ത് ലഹരിക്ക് അടിമകളായവരിൽ ഏകദേശം 70 ശതമാനം പേരും 10 മുതൽ 15 വയസ്സ് വരെയുള്ള പ്രായത്തിൽ തന്നെ ലഹരി ഉപയോഗം ആരംഭിച്ചവരാണ്. ലഹരി വലയുടെ വ്യാപ്തിയും ആഴവും സമൂഹത്തിന് അത് സൃഷ്ടിക്കുന്ന ഭീഷണിയുടെ തോതും ബോധ്യപ്പെടുത്തുന്ന നിരവധി സംഭവങ്ങളാണ് സമീപകാലത്ത് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
സമീപകാലത്ത് ഉണ്ടായ പല കൊലപാതകങ്ങളിലും പീഡനങ്ങളിലും അക്രമസംഭവങ്ങളിലും പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നതായി അന്വേഷണങ്ങളിൽ വ്യക്തമായിട്ടുണ്ട്. ലഹരിയുടെ ആഘാതം ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങുന്നതല്ല. ഒരാൾ ലഹരിക്ക് അടിമപ്പെടുമ്പോൾ ആദ്യം തകരുന്നത് കുടുംബമാണ്. തുടർന്ന് വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തിക സുരക്ഷിതത്വം എന്നിവ നഷ്ടപ്പെടുകയും കുറ്റകൃത്യങ്ങൾ വർധിക്കുകയും ചെയ്യുന്നു.
മോഷണം, അക്രമം, കുടുംബകലഹം, ആത്മഹത്യ, മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങി അനേകം സാമൂഹിക ദുരന്തങ്ങൾക്ക് ലഹരി വഴിവെക്കുന്നു. ഒടുവിൽ, ഒരു സമൂഹത്തിെൻറ സമാധാനവും സുരക്ഷിതത്വവും തന്നെ ഗുരുതരമായ ഭീഷണിയിലാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
ലഹരിക്കെതിരായ പോരാട്ടം ഒരു സർക്കാരിെൻറ മാത്രം ഉത്തരവാദിത്തമായി ചുരുക്കാനാവില്ല. കുടുംബം, അധ്യാപകർ, സമൂഹം, മത-സാംസ്കാരിക പ്രസ്ഥാനങ്ങൾ, സർക്കാർ സംവിധാനങ്ങൾ എന്നിവ ഒരുമിച്ച് സൃഷ്ടിക്കുന്ന സംരക്ഷണവലയവും ജാഗ്രതയും കൊണ്ടുമാത്രമേ വഴിതെറ്റുന്ന കുട്ടികളെയും യുവജനങ്ങളെയും ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിച്ചെടുക്കാൻ കഴിയൂ.
ലഹരി മാഫിയയ്ക്കെതിരായ പോരാട്ടം ഓരോ കുടുംബത്തിെൻറയും ഓരോ വിദ്യാലയത്തിെൻറയും ഓരോ പൗരെൻറയും ഉത്തരവാദിത്തമാണ്. ഭാവിതലമുറയെ സംരക്ഷിക്കാനും കേരളത്തിെൻറ സാമൂഹിക ആരോഗ്യവും സുരക്ഷിതത്വവും നിലനിർത്താനുമുള്ള ലഹരിക്കെതിരായ ഈ യുദ്ധത്തിൽ നമുക്കും അണിചേരാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.