കേളി സോക്കർ-3 ഫുട്ബാൾ ടൂർണമെൻറിൽ ജേതാക്കളായ അൽ ഖർജ് സോഫ ഗ്രൂപ്പ് ടീമിന് ട്രോഫി സമ്മാനിക്കുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അൽ ഖർജ് ഏരിയ സംഘടിപ്പിച്ച മൂന്നാമത് ഏകദിന ഫുട്ബാൾ ടൂർണമെൻറായ ‘കേളി സോക്കർ-3’ൽ അൽ ഖർജ് സോഫ ഗ്രൂപ്പ് ചാമ്പ്യന്മാരായി. അൽ ഖർജ് ആലിയ ഗ്രൗണ്ടിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഖരിയ ബ്രോസ്റ്റഡ് അൽ ഖർജ് ടൗൺ കെ.എം.സി.സിയെ തോൽപ്പിച്ചാണ് അൽ ഖർജ് സോഫ ഗ്രൂപ്പ് കിരീടം ചൂടിയത്.
കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു. ഫാൽക്കൺ എഫ്.സി അൽ ഖർജ്, അൽ ഖർജ് സോഫ ഗ്രൂപ്പ്, ഖരിയ ബ്രോസ്റ്റഡ് അൽ ഖർജ് ടൗൺ കെ.എം.സി.സി, അൽ ഖർജ് നൈറ്റ് റൈഡേഴ്സ് എഫ്.സി, പീപ്പിൾസ് കൾച്ചറൽ ഫോറം അൽ ഖർജ്, വേൾഡ് മലയാളി ഫെഡറേഷൻ എഫ്.സി അൽ ഖർജ് എന്നീ ആറ് ടീമുകളാണ് ടൂർണമെൻറിൽ മാറ്റുരച്ചത്.
ആദ്യ റൗണ്ട് മത്സരങ്ങൾക്കുശേഷം നടന്ന ആദ്യ സെമിഫൈനലിൽ ഖരിയ ബ്രോസ്റ്റഡ് അൽ ഖർജ് ടൗൺ കെ.എം.സി.സി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പീപ്പിൾസ് കൾച്ചറൽ ഫോറം അൽ ഖർജിനെ പരാജയപ്പെടുത്തി. രണ്ടാം സെമിഫൈനലിൽ അൽ ഖർജ് സോഫ ഗ്രൂപ്പ് ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് അൽ ഖർജ് നൈറ്റ് റൈഡേഴ്സ് എഫ്.സിയെ മറികടന്നാണ് ഫൈനലിൽ എത്തിയത്. ഷെറീഫ്, സമദ്, റാസിഖ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
സമാപനച്ചടങ്ങിൽ ഏരിയ പ്രസിഡൻറ് രാമകൃഷ്ണൻ കൂവോട് അധ്യക്ഷത വഹിച്ചു. ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ ജേതാക്കൾക്കുള്ള ട്രോഫിയും സെക്രട്ടറി ഷബി അബ്ദുൽസലാം ക്യാഷ് അവാർഡും സമ്മാനിച്ചു. റണ്ണേഴ്സ് അപ്പ് ട്രോഫി കേന്ദ്ര കമ്മിറ്റി അംഗം ലിപിൻ പശുപതിയും ക്യാഷ് അവാർഡ് ഏരിയ ട്രഷറർ ജയൻ പെരുനാടും കൈമാറി.
സൈതലവി മുംതാസ്, ഡോ. നാസർ എന്നിവർ മുഖ്യാതിഥികളായിരുന്നു. രക്ഷാധികാരി അംഗങ്ങളായ ജോസഫ് ഷാജി, സീബ കൂവോട്, സെക്രട്ടേറിയറ്റ് അംഗങ്ങളായ രജീഷ് പിണറായി, കാഹിം ചേളാരി, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
സംഘാടക സമിതി കൺവീനർ റഷീദലിയുടെ നേതൃത്വത്തിൽ അബ്ദുൽ കലാം (ചെയർമാൻ), ഗോപാൽ ചെങ്ങന്നൂർ (സാമ്പത്തിക കൺവീനർ) എന്നിവരടങ്ങുന്ന 31 അംഗ സംഘാടക സമിതി അംഗങ്ങൾ ടൂർണമെൻറിനാവശ്യമായ എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു. ഏരിയ സെക്രട്ടറി ഷബി അബ്ദുൽസലാം സ്വാഗതവും ജ്യോതിലാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.