ഗൾഫ് മലയാളി ഫെഡറേഷൻ സംഘടിപ്പിച്ച മുഹമ്മദ് റാഫി സംഗീത പരിപാടിയിൽനിന്ന്
റിയാദ്: ഇന്ത്യൻ ഗാനചക്രവർത്തി മുഹമ്മദ് റാഫിയുടെ 46-ാം ഓർമദിനം ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) ആചരിച്ചു. റിയാദ് മലസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മുഹമ്മദ് റാഫിയുടെ അനശ്വര ഗാനങ്ങൾ അവതരിപ്പിച്ച് ഗായകൻ റഹീം ഉപ്പള സദസിനെ സംഗീതസാഗരത്തിലാഴ്ത്തി.
മൂന്ന് മണിക്കൂറിലേറെ നീണ്ട സംഗീതവിരുന്നിൽ റഹീം ഉപ്പളയുടെ മധുരമൂറുന്ന ആലാപനം സദസ്സിലുണ്ടായിരുന്ന സംഗീതാസ്വാദകരെ ആകർഷിച്ചു. റിയാദിലെ മലയാളികളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സംഗീതപ്രേമികളും അദ്ദേഹത്തെ ‘മുഹമ്മദ് റാഫിയുടെ മധുരശബ്ദത്തിെൻറ ഉടമ’ എന്ന് വിശേഷിപ്പിക്കുന്നതിെൻറ തെളിവായി ഓരോ ഗാനവും പ്രേക്ഷകർ ആവേശത്തോടെ ഏറ്റുവാങ്ങി.
ചടങ്ങിൽ ജി.സി.സി ചെയർമാൻ റാഫി പാങ്ങോട് അധ്യക്ഷത വഹിച്ചു. ഷിഫ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഡോ. ഇദ്രീസ് മുഖ്യാതിഥിയായി പങ്കെടുത്തു. ഹിന്ദി അവതാരകനായ വക്കാർ, മുഹമ്മദ് റാഫിയുടെ ജീവിതവും സംഗീതയാത്രയും ഓരോ ഗാനത്തിനിടയിലും മനോഹരമായി അവതരിപ്പിച്ചു. നൗഫൽ വടകര ഏകോപനം നിർവഹിച്ച പരിപാടിയിൽ റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഷാജി മഠത്തിൽ, പ്രമുഖ സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, ബിജു പത്തനംതിട്ട, ഉണ്ണി കൊല്ലം, അശ്റഫ് ചേലാമ്പ്ര, സലിം മാഹി, സിദ്ദീഖ് മലസ് മജ്ലിസ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സംഗീതാസ്വാദകർ കുടുംബസമേതം പങ്കെടുത്ത ഈ സംഗീതസന്ധ്യ മുഹമ്മദ് റാഫിയുടെ അനശ്വര ഗാനങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ച ഹൃദയസ്പർശിയായ അനുഭവമായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.