റിയാദിൽനിന്ന് കൊച്ചിയിലേക്ക് നേരിട്ട്​ വിമാന സർവിസുമായി ഫ്ലൈനാസ്

റിയാദ്: സൗദി അറേബ്യൻ ബജറ്റ് എയർലൈനായ ഫ്ലൈനാസ്, റിയാദിൽനിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള പുതിയ വിമാന സർവിസുകൾ പ്രഖ്യാപിച്ചു. സൗദി തലസ്ഥാനമായ റിയാദിലെ കിങ്​ ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളത്തിൽനിന്ന് കൊച്ചി അന്താരാഷ്​ട്ര വിമാനത്താവളത്തിലേക്ക് (നെടുമ്പാശ്ശേരി) ബന്ധിപ്പിച്ചുള്ള നോൺ-സ്​റ്റോപ്പ് സർവിസുകൾ സെപ്റ്റംബർ രണ്ട്​ മുതലാണ് ആരംഭിക്കുന്നത്.

ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലാണ് ഈ സർവിസ് ലഭ്യമാകുക. ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിൽ റിയാദിൽനിന്നും കൊച്ചിയിലേക്കും തിരിച്ചും വിമാനങ്ങൾ സർവിസ് നടത്തും. പുതിയ റൂട്ടിലേക്കുള്ള ടിക്കറ്റ് ബുക്കിങ്​ നിലവിൽ ആരംഭിച്ചിട്ടുണ്ട്. റിയാദിലും പരിസര പ്രദേശങ്ങളിലും ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് മലയാളി പ്രവാസികൾക്ക് ഈ പുതിയ സർവിസ് വലിയ ആശ്വാസമാകും.

കണക്റ്റിങ്​ വിമാനങ്ങളിലെ ദൈർഘ്യമേറിയ കാത്തിരിപ്പും യാത്രയിലുണ്ടാകുന്ന പ്രയാസങ്ങളും ഒഴിവാക്കി ചുരുങ്ങിയ സമയത്തിനുള്ളിൽ നാട്ടിലെത്താൻ ഈ നോൺ-സ്​റ്റോപ്പ് സർവിസ് സഹായിക്കും. മധ്യകേരളത്തിലേക്കും തെക്കൻ ജില്ലകളിലേക്കും യാത്ര ചെയ്യുന്നവർക്ക് പുതിയ സർവിസ് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കൂടാതെ, എയർ ഇന്ത്യ എക്സ്പ്രസ് ഒക്ടോബർ മുതൽ തിരുവനന്തപുരം–റിയാദ് സെക്ടറിൽ ആഴ്ചയിൽ മൂന്ന് നേരിട്ടുള്ള സർവിസുകൾ ആരംഭിക്കുന്നുണ്ട്. ഇതും റിയാദിലെ പ്രവാസികൾക്ക് കൂടുതൽ യാത്രാസൗകര്യമൊരുക്കും. തിരുവനന്തപുരം–റിയാദ് നേരിട്ടുള്ള സർവിസ് ആരംഭിക്കുന്നത് റിയാദിലുള്ള മലയാളി പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകുമെന്ന് ഫ്ലൈൻകോ ട്രാവൽസിലെ മുഹമ്മദ് സാബിത് വ്യക്തമാക്കി.

Tags:    
News Summary - കൊച്ചിയിലേക്ക് നേരിട്ട്​ വിമാന സർവിസുമായി ഫ്ലൈനാസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.