ബാഗ്ദാദിൽ നടന്ന അറബ് ഉച്ചകോടിയിൽ സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ സംസാരിക്കുന്നു
റിയാദ്: ഫലസ്തീനികളെ നിർബന്ധിതമായി കുടിയിറക്കാനാവില്ലെന്നും അതിനുള്ള ശ്രമങ്ങളെ തള്ളുന്നുവെന്നും സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. ബാഗ്ദാദിൽ നടന്ന അറബ് ഉച്ചകോടിയിൽ സംസാരിക്കവേയാണ് അൽ ജുബൈർ സൗദി അറേബ്യയുടെ എക്കാലത്തേയും നിലപാട് ആവർത്തിച്ചത്. ഗസ്സയിൽ ശാശ്വത വെടിനിർത്തലുണ്ടാവണം. നിർബന്ധിത കുടിയിറക്കലിനുള്ള ഏതൊരു ശ്രമത്തെയും അല്ലെങ്കിൽ ഫലസ്തീൻ ജനതയുടെ സ്വയം നിർണയത്തിനുള്ള ന്യായമായ അവകാശങ്ങൾ നേടിയെടുക്കാത്ത പരിഹാരങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെ പൂർണമായും തള്ളിക്കളയുന്നു.
ഇതിൽ ഏറ്റവും പ്രധാനം 1967ലെ അതിർത്തികളിൽ കിഴക്കൻ ജറൂസലം തലസ്ഥാനമാക്കി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുക എന്നതാണെന്നും അൽജുബൈർ പറഞ്ഞു.ഫലസ്തീൻ ജനത അസാധാരണ സാഹചര്യങ്ങളാണ് നേരിടുന്നത്. മാനുഷിക ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും ഇസ്രായേൽ നടത്തുന്ന കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും തടയുന്നതിനും തുടർച്ചയായ സംയുക്ത ശ്രമങ്ങൾ ആവശ്യമാണ്. ഇസ്രായേൽ തുടരുന്ന അതിക്രമം ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണ്.
ഉച്ചകോടിയിൽ പങ്കെടുത്ത വിവിധ അറബ് രാജ്യങ്ങളുടെ പ്രതിനിധികൾ
സിറിയക്കുനേരെയുള്ള ഇസ്രായേലിന്റെ ആക്രമണങ്ങളെയും സൗദി തള്ളുന്നു. സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിൽ സിറിയൻ സർക്കാരിനെ നാം പിന്തുണക്കണം. അതിന്റെ പ്രാധാന്യം വളരെ വലുതാണെന്നും അൽ ജുബൈൽ വ്യക്തമാക്കി. സിറിയയുടെ സുരക്ഷയും സ്ഥിരതയും തകർക്കുന്ന ഏതൊരു ശ്രമത്തിനെതിരെയും അറബ് ശ്രമങ്ങൾ ശക്തമാക്കേണ്ടതുണ്ട്.റിയാദ് സന്ദർശന വേളയിൽ സിറിയക്കെതിരായ ഉപരോധങ്ങൾ പിൻവലിക്കുന്നതായി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചത് ആ രാജ്യത്തിന് തിരിച്ചുവരവിനുള്ള മികച്ച അവസരമാണെന്നും അൽ ജുബൈർ പറഞ്ഞു. വികസനം, പുനർനിർമാണം, സമൃദ്ധി എന്നിവ സിറിയൽ സാധ്യമാക്കാനുള്ള മികച്ച സാഹചര്യമാണ്. ഉപരോധങ്ങൾ നീക്കാനുള്ള യു.എസ് പ്രസിഡൻറിന്റെ തീരുമാനത്തെ സൗദി അറേബ്യ പ്രശംസിക്കുന്നുവെന്നും അൽ ജുബൈർ പറഞ്ഞു.
സുഡാനുവേണ്ടിയുള്ള സൗദിയുടെ അക്ഷീണ പ്രവർത്തനങ്ങൾ തുടരുകയാണ്. യമനിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനും പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുമുള്ള സൗദിയുടെ ശ്രമങ്ങൾ തുടരും. സമുദ്രപാതകളുടെ സുരക്ഷയുടെയും കപ്പൽ സഞ്ചാര സ്വാതന്ത്ര്യത്തിന്റെയും ആവശ്യകത വീണ്ടും ഊന്നിപ്പറയുന്നു. ഇത് മുഴുവൻ ലോകത്തിന്റെയും താൽപര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യമാണെന്നും അൽ ജുബൈർ കൂട്ടിച്ചേർത്തു.സ്ഥാപനങ്ങളെ പരിഷ്കരിക്കുന്നതിനും ആയുധങ്ങൾ കൈവശം വെയ്ക്കുന്നത് രാജ്യത്തിനു മാത്രമായി പരിമിതപ്പെടുത്തുന്നതിനുമുള്ള ലബനാൻ പ്രസിഡന്റിന്റെ ശ്രമങ്ങളെ സൗദി പിന്തുണക്കുന്നു. ലബനാൻ സർക്കാർ അവിടത്തെ ജനതയുടെ അഭിലാഷങ്ങൾ നേടിയെടുക്കുമെന്നും രാജ്യത്തിന്റെ സുരക്ഷ, സ്ഥിരത, പ്രദേശിക സമഗ്രത എന്നിവ സംരക്ഷിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അൽ ജുബൈർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.