ഡൊണാൾഡ് ട്രംപ്
റിയാദ്: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനും നടപ്പാക്കൽ സംവിധാനങ്ങൾ അംഗീകരിക്കുന്നതിനുള്ള ചർച്ചകൾ ഉടൻ ആരംഭിക്കാനുമുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശത്തിൽ ഹമാസ് സ്വീകരിച്ച നടപടികളെ സൗദി അറേബ്യ, ജോർദാൻ, യു.എ.ഇ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, തുർക്കി, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങൾ സ്വാഗതം ചെയ്തു. ഗസ്സയുടെ നിയന്ത്രണം സ്വതന്ത്ര സാങ്കേതിക വിദഗ്ധരുടെ ഒരു പരിവർത്തന ഫലസ്തീൻ ഭരണ സമിതിക്ക് കൈമാറാനുള്ള ഹമാസിന്റെ സന്നദ്ധത പ്രഖ്യാപനത്തെ എട്ട് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവന സ്വാഗതം ചെയ്തു. നിർദ്ദേശം നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങൾ അംഗീകരിക്കുന്നതിനും അതിന്റെ എല്ലാ വശങ്ങളും അഭിസംബോധന ചെയ്യുന്നതിനുമുള്ള ചർച്ചകൾ ഉടൻ ആരംഭിക്കേണ്ടതിന്റെ ആവശ്യകത അവർ ഊന്നിപ്പറഞ്ഞു.
ഇസ്രായേലിന്റെ ബോംബാക്രമണം ഉടൻ നിർത്തി തടവുകാരുടെ കൈമാറ്റ കരാർ നടപ്പിലാക്കാൻ തുടങ്ങണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തെയും വിദേശകാര്യ മന്ത്രിമാർ സ്വാഗതം ചെയ്തു. മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ അവർ അഭിനന്ദിച്ചു. കൂടാതെ ഗസ്സ മുനമ്പിലെ ജനങ്ങൾ നേരിടുന്ന നിർണായകമായ മാനുഷിക സാഹചര്യം പരിഹരിക്കുന്നതിനും സമഗ്രവും സുസ്ഥിരവുമായ വെടിനിർത്തലിനുള്ള യഥാർഥ അവസരമാണ് ഈ സംഭവവികാസങ്ങൾ പ്രതിനിധീകരിക്കുന്നതെന്നും അവർ ഊന്നിപ്പറഞ്ഞു.
നിർദ്ദേശത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും, ഗസ്സക്കെതിരായ യുദ്ധം ഉടനടി അവസാനിപ്പിക്കുന്നതിന് പ്രവർത്തിക്കുന്നതിനും ഗസ്സയിലേക്ക് എല്ലാ മാനുഷിക സഹായങ്ങളും തടസ്സമില്ലാതെ എത്തിക്കുന്നത് ഉറപ്പാക്കുന്ന ഒരു സമഗ്ര കരാറിലെത്തുന്നതിനും ഫലസ്തീൻ ജനതയുടെ കുടിയിറക്കം തടയുന്നതിനും സിവിലിയന്മാരുടെ സുരക്ഷയ്ക്ക് ഭീഷണിയായ നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനും, ഫലസ്തീൻ അതോറിറ്റി ഗാസയിലേക്ക് മടങ്ങുന്നതിനും വെസ്റ്റ് ബാങ്കിനെയും ഗസ്സ മുനമ്പിനെയും ഏകീകരിക്കുന്നതിനും എല്ലാ കക്ഷികളുടെയും സുരക്ഷ ഉറപ്പുനൽകുന്ന ഒരു സുരക്ഷാ സംവിധാനത്തിലെത്തുന്നതിനും ഇസ്രായേലിന്റെ പൂർണ്ണമായ പിൻവാങ്ങലിനും ഗസ്സയുടെ പുനർനിർമ്മാണത്തിനും വഴിയൊരുക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി നീതിയുക്തമായ സമാധാനം കൈവരിക്കുന്നതിന് വഴിയൊരുക്കുന്നതിനുമുള്ള തങ്ങളുടെ സംയുക്ത പ്രതിബദ്ധത അവർ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.