റിയാദ്: ഇരുരാജ്യങ്ങളും തമ്മിലുള്ള ത്വാഇഫ് കരാർ പൂർണമായി നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് സൗദി അറേബ്യയും ലബനാനും. ലബനാൻ പ്രസിഡന്റ് ജോസഫ് ഔണിന്റെ സൗദി സന്ദർശനത്തിന്റെ സമാപനത്തിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര പ്രമേയങ്ങൾ നടപ്പാക്കുക, മുഴുവൻ ലബനാൻ പ്രദേശത്തും ഭരണകൂടത്തിന്റെ പരമാധികാരം വ്യാപിപ്പിക്കുക, ലബനാൻ ഭരണകൂട കൈകളിൽ ആയുധങ്ങൾ പരിമിതപ്പെടുത്തുക, ലബനാൻ സൈന്യത്തിന്റെ ദേശീയ പങ്ക്, അതിനെ പിന്തുണക്കേണ്ടതിന്റെ പ്രാധാന്യം, എല്ലാ ലബനാൻ പ്രദേശങ്ങളിൽനിന്നും ഇസ്രായേൽ അധിനിവേശ സൈന്യത്തെ പിൻവലിക്കുക എന്നിവയുടെ ആവശ്യകത സംയുക്ത പ്രസ്താവനയിൽ ഇരുകക്ഷികളും ഊന്നിപ്പറഞ്ഞു.
ലബനാനിൽനിന്നുള്ള കയറ്റുമതി പുനരാരംഭിക്കുന്നതിലെ തടസ്സങ്ങൾ പഠിക്കാൻ ഇരുപക്ഷവും സമ്മതിച്ചു. അറബ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെയും പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ സുപ്രധാന വിഷയങ്ങളിൽ നിലപാടുകൾ ഏകോപിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം ഇരുരാജ്യങ്ങളും ഊന്നിപ്പറഞ്ഞു. ലബനാനിൽനിന്ന് സൗദിയിലേക്കുള്ള കയറ്റുമതി പുനരാരംഭിക്കുന്നതിനുള്ള തടസ്സങ്ങൾ, സൗദി പൗരന്മാർക്ക് ലബനാനിലേക്ക് യാത്രചെയ്യാൻ അനുവദിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ എന്നിവ പഠിക്കാൻ ഇരുപക്ഷവും സമ്മതിച്ചു.
തെരഞ്ഞെടുപ്പിനുശേഷം ലബനാൻ പ്രസിഡന്റ് ജോസഫ് ഔൺ നടത്തിയ സത്യപ്രതിജ്ഞാ പ്രസംഗത്തിൽ ലബനാനെയും അതിന്റെ സ്ഥിരതയെയും കുറിച്ചുള്ള കാഴ്ചപ്പാടും മന്ത്രിതല പ്രസ്താവനയുടെ ഉള്ളടക്കവും നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും വ്യക്തമാക്കി. ലബനാൻ സമ്പദ്വ്യവസ്ഥയുടെ നിലവിലെ പ്രതിസന്ധി വീണ്ടെടുക്കാനും അതിജീവിക്കാനുമുള്ള ആവശ്യകതയിൽ ഇരുപക്ഷവും സമ്മതിച്ചു. സുതാര്യതയുടെ തത്വങ്ങൾക്കും നിയമങ്ങളുടെ പ്രയോഗത്തിനും അനുസൃതമായി അന്താരാഷ്ട്ര തലത്തിൽ ആവശ്യമായ പരിഷ്കാരങ്ങൾ ആരംഭിക്കേണ്ടതുണ്ടെന്നും സംയുക്ത പ്രസ്താവനയിൽ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.