95ാം ദേശീയദിനത്തോടനുബന്ധിച്ച് സൗദിയിലെ തെരുവുകൾ അലങ്കരിച്ചപ്പോൾ

95-ാമത് ദേശീയദിനം; ആഘോഷപ്പൊലിമയിൽ സൗദി അറേബ്യ, രാജ്യത്തെങ്ങും വിവിധ പരിപാടികൾ

റിയാദ്: സൗദി അറേബ്യ അതിന്റെ 95-ാമത് ദേശീയദിനം വിപുലമായ പരിപാടികളോടെ ചൊവ്വാഴ്ച ആഘോഷിക്കും. സെപ്റ്റംബർ 23നാണ് ഔദ്യോഗികമായി ദേശീയദിനം ആചരിക്കുന്നതെങ്കിലും ഇന്ന് തന്നെ ദേശീയദിനത്തെ വരവേറ്റ് രാജ്യമെങ്ങും ആഘോഷങ്ങൾക്ക് തുടക്കമാകും. രാജ്യത്തിന്റെ പൈതൃകവും ഭാവിയും വിളിച്ചോതുന്ന പരിപാടികളാണ് ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രത്യേകത.

‘നമ്മുടെ പ്രകൃതിയിൽ അഭിമാനം’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഇത് സൗദി അറേബ്യയുടെ തനതായ മൂല്യങ്ങളെയും ജനങ്ങളുടെ അഭിനിവേശത്തെയും രാജ്യത്തിന്റെ പ്രകൃതിദത്തമായ വൈവിധ്യത്തെയും ഉയർത്തിക്കാട്ടുന്നു.

 

ദേശീയപതാക ഉയർത്തിയും പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചും സൗദി പൗരന്മാർ ഈ ദിനം ആഘോഷമാക്കും. രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും പുതിയ തലമുറയിലേക്ക് കൈമാറുന്നതിനുള്ള അവസരം കൂടിയാണ് ഈ ആഘോഷങ്ങൾ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്കും ദേശീയദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ട്.

സെപ്റ്റംബർ 23 ചൊവ്വാഴ്ച മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം രാജ്യത്തെ പൊതു, സ്വകാര്യ മേഖല സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് രാജ്യത്തെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും ആഘോഷങ്ങളിൽ പങ്കെടുക്കാൻ അവസരം നൽകുന്നു.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം കല, സാംസ്കാരിക പരിപാടികൾ അരങ്ങേറും. റിയാദ്, ജിദ്ദ, അൽഖോബാർ തുടങ്ങിയ പ്രധാന നഗരങ്ങൾ ആകർഷകമായ പരിപാടികൾക്കായി ഒരുങ്ങിയിട്ടുണ്ട്. റോയൽ സൗദി എയർഫോഴ്‌സിന്റെ ടൈഫൂൺ, എഫ്-15 യുദ്ധവിമാനങ്ങൾ അണിനിരക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങൾ ആകാശത്ത് പച്ചയും വെള്ളയും നിറങ്ങൾ ചാലിച്ച് രാജ്യത്തിന്റെ അഭിമാനവും കരുത്തും വിളിച്ചോതും.

 ഈ വർഷത്തെ ദേശീയദിന പ്രമേയ ലോഗോ

വ്യോമാഭ്യാസങ്ങൾക്ക് പുറമെ, പ്രധാന സ്ഥലങ്ങളിൽ വർണ്ണശബളമായ കരിമരുന്ന് പ്രയോഗവും നടക്കും. പരമ്പരാഗത സൗദി ‘അർദ’ നൃത്തങ്ങൾ, സംഗീത കച്ചേരികൾ, രാജ്യത്തിൻ്റെ വൈവിധ്യമാർന്ന പൈതൃകം ആഘോഷിക്കുന്ന പ്രദർശനങ്ങൾ എന്നിവയും സാംസ്കാരിക പരിപാടികളുടെ ഭാഗമാണ്.

രാജ്യ തലസ്ഥാനമായ റിയാദ് കുതിരകളുടെ പരേഡുകളും കലാപ്രദർശനങ്ങളും ഉൾപ്പെടെ നിരവധി പരിപാടികൾക്ക് ആതിഥേയത്വം വഹിക്കും. ദമ്മാം, അൽഖോബാർ പോലുള്ള നഗരങ്ങളിൽ കാർണിവൽ പരേഡുകളും സംവേദനാത്മക ഷോകളും ഉൾപ്പെടെയുള്ള പരിപാടികൾക്ക് വലിയ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.

കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചർ (ഇത്റ) ഉൾപ്പെടെയുള്ള രാജ്യത്തെ പ്രധാന സ്ഥാപനങ്ങൾ വിവിധ പ്രദർശനങ്ങൾ, സംഗീത പരിപാടികൾ, വർക്ക്‌ഷോപ്പുകൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ജിദ്ദയിലെ ചരിത്രപ്രസിദ്ധമായ അൽബലദ് പ്രദേശം ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായിരിക്കും. ഇവിടെ ക്ലാസിക് ഷോകൾ, കവിതാ സദസ്സുകൾ, സംവേദനാത്മക സാംസ്കാരിക പരിപാടികൾ എന്നിവ നടക്കും.

കടൽ തീരമായ ജിദ്ദ ‘ആർട്ട് പ്രൊമെനേഡ്’ പ്രദേശത്ത് ലൈവ് സംഗീതവും വാട്ടർ ഷോകളും ഉൾപ്പെടെയുള്ള കാർണിവൽ അന്തരീക്ഷം ഒരുക്കും. പുരാതന നഗരമായ അൽഉലയിൽ അസിമുത്ത് ഫെസ്റ്റിവലുമായി ആഘോഷങ്ങൾ നടക്കും. അന്താരാഷ്ട്ര ഡി.ജെകൾ പങ്കെടുക്കുന്ന മരുഭൂമിയിലെ ഈ സംഗീതാനുഭവം തികച്ചും സവിശേഷമായിരിക്കും.

ദേശീയ ദിനാഘോഷങ്ങൾ സൗദി അറേബ്യയുടെ സാംസ്കാരിക വൈവിധ്യവും ദേശീയ ഐക്യവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക മേഖലകളിൽ വലിയ പരിവർത്തനങ്ങൾക്ക് തുടക്കമിട്ട ‘വിഷൻ 2030’ പദ്ധതിയുടെ വിജയകരമായ മുന്നേറ്റം ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. സുരക്ഷിതവും അഭിവൃദ്ധിയുള്ളതുമായ ഒരു ഭാവിക്കായി രാജ്യം നടത്തുന്ന പരിശ്രമങ്ങളെ ദേശീയദിനം ഓർമിപ്പിക്കുന്നു.

Tags:    
News Summary - Saudi Arabia; 95th National Day, various events across the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.