പ്രതീകാത്മത ചിത്രം
റിയാദ്: ബയോടെക്നോളജി ലോകത്ത് മുൻനിരയിലെത്താൻ സൗദി അറേബ്യ പുതിയ പദ്ധതി പ്രഖ്യാപിച്ചു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനാണ് ദേശീയ ബയോടെക്നോളജി പദ്ധതി പ്രഖ്യാപനം നടത്തിയത്. ആരോഗ്യം മെച്ചപ്പെടുത്തൽ, പരിസ്ഥിതി സംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നീ രംഗങ്ങളിൽ രാജ്യത്തിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദേശീയാരോഗ്യം മെച്ചപ്പെടുത്തുന്നതിലും ജീവിത നിലവാരം ഉയർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.
പരിസ്ഥിതി സംരക്ഷണം, ഭക്ഷ്യ-ജല സുരക്ഷ കൈവരിക്കൽ, സാമ്പത്തികാവസരങ്ങൾ വർധിപ്പിക്കൽ, വ്യവസായങ്ങൾ സ്വദേശിവത്കരിക്കൽ എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു. ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വേണ്ടിയാണ്. ദേശീയ ബയോടെക്നോളജി പദ്ധതി സമാരംഭം അതിവേഗം വളരുന്ന മേഖലയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാനും അവസരങ്ങൾ മുതലെടുക്കാനും കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2040-ഓടെ ബയോടെക്നോളജിയുടെ ആഗോള കേന്ദ്രമായി രാജ്യം മാറുന്നതിനുള്ള സമഗ്രമായ റോഡ് മാപ്പിനെ പ്രതിനിധാനം ചെയ്യുന്നതാണ് ഈ പദ്ധതി.
ബയോടെക്നോളജി മേഖല പൗരന്മാരുടെ ആരോഗ്യവും ജീവിതനിലവാരവും ഉയർത്തുന്നതിന് മികച്ച അവസരങ്ങൾ പ്രദാനം ചെയ്യും. സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും കൂടുതൽ സുസ്ഥിരമായ അന്തരീക്ഷം പ്രദാനം ചെയ്യുകയും ചെയ്യും. പുതിയ വ്യവസായങ്ങളുടെ വികസനത്തിന് സംഭാവന നൽകുന്ന ഗുണനിലവാരമുള്ള തൊഴിലവസരങ്ങളും നിക്ഷേപങ്ങളും സൃഷ്ടിക്കും. ബയോടെക്നോളജി മേഖല അതിവേഗം വളരുന്ന മേഖലകളിലൊന്നാണ്.
ബയോടെക്നോളജികൾ ഉയർന്ന നിരക്കിൽ വിജയകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മികച്ച സ്വാധീനം ചെലുത്തി പുതിയ തലങ്ങളിലേക്ക് മാറ്റാൻ കഴിയുന്ന ആധുനികമായ സാങ്കേതികവിദ്യകൾ ഇതിൽ ഉൾപ്പെടുന്നു. സൗദി അറേബ്യ മരുന്നുകളുടെയും വാക്സിനുകളുടെയും മേഖലയിലെ ഏറ്റവും വലിയ പ്രാദേശിക വിപണിയാണ്. അതിനാൽ സൗദിയുടെ മത്സര സാധ്യതകളോടും അതുല്യമായ നേട്ടങ്ങളോടും പൊരുത്തപ്പെടുന്നതാണ് പുതിയ ഇൗ പദ്ധതി. ബയോടെക്നോളജിയുമായി ബന്ധപ്പെട്ട മേഖലകളിൽ കൂടുതൽ നിക്ഷേപാവസരങ്ങൾ ഉണ്ടാക്കും. ഗവേഷണം, വികസനം, നവീകരണം എന്നീ മേഖലകളിലെ പൗരന്മാരുടെ യോഗ്യതക്കും പരിശീലനത്തിനും വലിയ പിന്തുണയാകും.
ദേശീയ ബയോടെക്നോളജി സ്ട്രാറ്റജി നാല് തന്ത്രപ്രധാനമായ ദിശകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. വാക്സിനുകൾ, വാക്സിൻ വ്യവസായത്തെ സ്വദേശിവത്കരിക്കൽ, അത് കയറ്റുമതി ചെയ്യൽ, അതിൽ നവീകരണത്തിന് നേതൃത്വം നൽകൽ എന്നിവയാണത്. 2030ഓടെ മധ്യപൗരസ്ത്യ ഏഷ്യൻ-ഉത്തരാഫ്രിക്കൻ മേഖലയിൽ ബയോടെക്നോളജി മേഖലയിലും 2040ഓടെ അന്താരാഷ്ട്ര തലത്തിലും നേതൃസ്ഥാനം കൈവരിക്കാനാണ് സൗദി ആഗ്രഹിക്കുന്നത്. 2040ഓടെ ആയിരക്കണക്കിന് തൊഴിലവസരങ്ങളും എണ്ണയിതര ജി.ഡി.പിയിലേക്ക് മൂന്ന് ശതമാനം പിന്തുണയും ഈ പദ്ധതിയിലൂടെ നേടാനാകുമെന്നും പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.