റിയാദ്: സൗദി അറേബ്യയുടെ ആകാശസീമ ഭേദിച്ച് രാജ്യത്തെ തന്ത്രപ്രധാനമായ മേഖലകളെ ലക്ഷ്യം വെച്ചെത്തിയ വൻ ആക്രമണ പരമ്പരകളെ സൗദി അറേബ്യൻ പ്രതിരോധ സേന പരാജയപ്പെടുത്തി. പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി പുറത്തുവിട്ട പുതിയ വിവരങ്ങൾ പ്രകാരം, രാജ്യത്തെ കിഴക്കൻ പ്രവിശ്യയിലും റിയാദിലുമായി നടന്ന വിപുലമായ ആക്രമണ നീക്കങ്ങളാണ് സൈന്യം തകർത്തത്. ചൊവ്വാഴ്ച മാത്രം കിഴക്കൻ മേഖലയിൽ 19 ശത്രു ഡ്രോണുകൾ തകർക്കാൻ സാധിച്ചതായും അദ്ദേഹം അറിയിച്ചു. തൊട്ടുതലേദിവസമായ തിങ്കളാഴ്ച റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലായി 96 ഡ്രോണുകളെയാണ് പ്രതിരോധ സേന വിജയകരമായി തടഞ്ഞത്.
സൗദി പ്രതിരോധ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇതുവരെ ആകെ 380 ആക്രമണ ഡ്രോണുകളും 30 ബാലിസ്റ്റിക് മിസൈലുകളും ഏഴ് ക്രൂയിസ് മിസൈലുകളുമാണ് വ്യോമസേനയും വ്യോമ പ്രതിരോധ സേനയും ചേർന്ന് തകർത്തത്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ തകർക്കുക എന്ന ലക്ഷ്യത്തോടെ കിഴക്കൻ പ്രവിശ്യയിലെയും റിയാദിലെയും ജനവാസ മേഖലകളെയും പ്രധാന സ്ഥാപനങ്ങളെയുമാണ് ശത്രുക്കൾ പ്രധാനമായും ലക്ഷ്യംവെച്ചിരുന്നത്.
പ്രത്യേകിച്ചും രാജ്യത്തെ നിർണായകമായ ഊർജ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ പിന്തുണയോടെയുള്ള ശത്രുതാപരമായ നീക്കങ്ങൾ രൂക്ഷമായിരുന്നു. ഇതിൽ പ്രധാനപ്പെട്ട ഷൈബ എണ്ണപ്പാടത്തിന് നേരെ മാത്രം എഴുപതിലധികം ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണത്തിന് ശ്രമിച്ചത്. എന്നാൽ ഈ ഡ്രോണുകളെല്ലാം തന്നെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പുതന്നെ റബ്ബ് അൽ ഖാലി മരുഭൂമിക്ക് മുകളിൽവെച്ച് പ്രതിരോധ സേന തകർക്കുകയായിരുന്നു. ആധുനിക സാങ്കേതിക വിദ്യയും സൈനിക ജാഗ്രതയും വഴി രാജ്യത്തെ സുപ്രധാന ഇൻഫ്രാസ്ട്രക്ചറുകൾക്ക് നേരെ നടന്ന ഇത്തരം വിനാശകരമായ ശ്രമങ്ങളെല്ലാം പരാജയപ്പെടുത്തിയതായി മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.