ജിദ്ദ: സൗദി എയ്റോനോട്ടിക്കൽ എൻജിനീയറിങ് കമ്പനിയുടെ പുതിയ ‘എൻജിൻ പാക്കേജിങ് കേന്ദ്രം’ ഗതാഗത-ലോജിസ്റ്റിക് മന്ത്രി എൻജി. സാലിഹ് ബിൻ നാസർ അൽജാസർ ഉദ്ഘാടനം ചെയ്തു.
എയർക്രാഫ്റ്റ് എൻജിനുകളുടെയും അവയുടെ ഘടകങ്ങളുടെയും അറ്റകുറ്റപ്പണികൾക്കുള്ള നൂതന സൗകര്യങ്ങളോടു കൂടിയ കേന്ദ്രം ജിദ്ദ വിമാനത്താവളത്തിലെ മെയിൻറനൻസ് വില്ലേജിലാണ് നിർമിച്ചത്. പരിശീലനം പൂർത്തിയാക്കിയ എയർക്രാഫ്റ്റ് മെയിൻറനൻസ് ടെക്നീഷ്യന്മാരുടെ ബാച്ചിന്റെ ബിരുദദാനവും മന്ത്രി നിർവഹിച്ചു.
സൗദി ഗ്രൂപ് ഡയറക്ടർ ജനറൽ എൻജി. ഇബ്രാഹിം ബിൻ അബ്ദുറഹ്മാൻ അൽഉമർ, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡൻറ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽദുവൈലജ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി. വിജ്ഞാനം കൈമാറുന്നതിനും സ്വദേശിവത്കരണം വിപുലീകരിക്കുന്നതിനും ഗതാഗത-ലോജിസ്റ്റിക് സംവിധാനത്തിലെ നിലവാരം വർധിപ്പിക്കുന്നതിനുമുള്ള നിക്ഷേപ പരിപാടികളുടെ ഭാഗമായാണ് എയർക്രാഫ്റ്റ് എൻജിൻ പാക്കേജിങ് സെൻറർ സ്ഥാപിക്കുന്നതെന്ന് ഗതാഗത മന്ത്രി പറഞ്ഞു.
ദേശീയ ഗതാഗത-ലോജിസ്റ്റിക് സ്ട്രാറ്റജിയുടെയും അതിൽനിന്ന് ഉയർന്നുവരുന്ന വ്യോമയാന തന്ത്രത്തിന്റെയും പ്രധാന ശ്രദ്ധാകേന്ദ്രമായ സൗദി മനുഷ്യ മൂലധനത്തിൽ നിക്ഷേപിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രി ഊന്നിപ്പറഞ്ഞു. മെയിൻറനൻസ് വില്ലേജിന്റെ ഭാഗമായ ഈ കേന്ദ്രം അറ്റകുറ്റപ്പണികൾക്കുള്ള ശേഷി വർധിപ്പിക്കാൻ സഹായിക്കും. പുതിയതും മികച്ചതുമായ പരിപാലന സാങ്കേതിക വിദ്യകളും പരിസ്ഥിതി സംരക്ഷണ നിയമങ്ങളും പ്രയോഗിക്കുന്നതായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.