കനത്ത പൊടിക്കാറ്റ്; പലയിടത്തും ഗതാഗതം സ്തംഭിച്ചു

റിയാദ് / ജിദ്ദ/ ബുറൈദ: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച ശക്തമായ പൊടിക്കാറ്റ് വീശി. റിയാദ്, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തി പ്രദേശം, മക്ക, മദീന, അസീര്‍ പ്രവിശ്യ, നജ്റാന്‍, ജീസാന്‍ തുടങ്ങിയ മേഖലകളിലാണ്  കാറ്റ് വീശിയത്. പലയിടങ്ങളിലും ഗതാഗത തടസ്സം നേരിട്ടു. അവധി ദിവസം പുറത്തിറങ്ങിയ കുടുംബങ്ങള്‍ വഴിയില്‍ കുടുങ്ങി.  ചിലയിടങ്ങളില്‍ നേരിയ മഴയുമുണ്ടായി. 
വരും ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ ശനിയാഴ്ച ഉച്ചവരെ വീശിയടിച്ച പൊടിക്കാറ്റ് അല്‍ഖസീം പ്രവിശ്യയില്‍ ഭീതി പടര്‍ത്തി. ശക്തമായി അടിച്ചുകയറിയ പൊടിയില്‍ പലപ്പോഴും കാഴ്ച മങ്ങി. റിയാദ് - മദീന എക്സ്പ്രസ് റോഡില്‍ പുലര്‍ച്ചെ ഗതാഗതം സ്തംഭിച്ചു. 
വാഹനങ്ങള്‍ നിരത്തോരത്ത് നിര്‍ത്തിയിട്ട് സൂര്യോദയശേഷമാണ് നീങ്ങിത്തുടങ്ങിയത്. സ്കൂളുകള്‍ക്ക് അവധി ദിനമായതുകൊണ്ട് പ്രശ്നമുണ്ടായില്ല. പ്രവര്‍ത്തിച്ച സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ പലര്‍ക്കും കൃത്യസമയത്ത് ജോലിക്കത്തൊന്‍ സാധിച്ചില്ല. 
ബുറൈദയും ഉനൈസയും അടക്കമുള്ള പ്രധാന നഗരങ്ങളിലെ കച്ചവടസ്ഥാപനങ്ങള്‍ പലതും രാവിലെ ഏറെ വൈകിയാണ് തുറന്നത്. കടകളുടെ മുന്നിലും ഷട്ടറുകളോട് ചേര്‍ന്നും പൊടിയുടെ ചെറുകൂനകള്‍ തന്നെ രുപപ്പെട്ടിരുന്നു. 
കാറ്റില്‍ ചില കടകളുടെ ബോര്‍ഡുകള്‍ തകര്‍ന്നുവീണു. ഉച്ചക്ക് കാറ്റിന്‍െറ ശക്തി കൂടിയതോടെ കുറച്ച സമയത്തേക്ക് റോഡുകള്‍ വിജനമായി. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് പൊടിക്കാറ്റിന് ചെറിയ ശമനമുണ്ടായത്. 

Tags:    
News Summary - sand_storm-01

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.