യാംബുവിൽ വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആരോഗ്യ വിജ്ഞാന മേള
യാംബു: വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷയെക്കുറിച്ചും പരിസ്ഥിതി സൗഹൃദ ശീലങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരണം ലക്ഷ്യമിട്ട് യാംബുവിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ-ആരോഗ്യ-വിനോദ പ്രദർശനം ശ്രദ്ധേയമായി. ‘സേഫ് സ്കൂൾ എൻവയോൺമെൻറ്’ (സുരക്ഷിത സ്കൂൾ പരിസ്ഥിതി) എന്ന പ്രമേയത്തിൽ മദീന ഗവർണറേറ്റിലെ വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തിലാണ് യാംബു ടൗണിലെ ഹെറിറ്റേജ് പാർക്കിൽ വിപുലമായ ഈ പ്രദർശനം ഒരുക്കിയത്. യാംബു ഗവർണർ സാദ് ബിൻ മർസൂഖ് അൽ സുഹൈമി മേളയുടെ ഉദ്ഘാടനം നിർവഹിച്ചു.
ആരോഗ്യപൂർണവും ഊർജസ്വലവുമായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിനും സൗദി വിഷൻ 2030െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇത്തരം ബോധവൽകരണ പരിപാടികൾ അത്യന്താപേക്ഷിതമാണെന്ന് ഗവർണർ ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. വിദ്യാഭ്യാസ മേഖല ഡയറക്ടർ ജനറൽ നാസർ അൽ അബ്ദുൽ കരീം, വിവിധ വിദ്യാഭ്യാസ വകുപ്പ് മേധാവികൾ, വിവിധ സർക്കാർ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വിവിധ സ്കൂളുകളുടെയും ആരോഗ്യ സേവന കേന്ദ്രങ്ങളുടെയും മറ്റ് അനുബന്ധ സ്ഥാപനങ്ങളുടെയും സജീവമായ സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചത്. വിദ്യാർഥികളിൽ ആരോഗ്യകരമായ പെരുമാറ്റരീതികൾ വളർത്തുക, സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പുവരുത്തുക, സുരക്ഷാ സംസ്കാരം പ്രചരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഒരുക്കിയ പവിലിയനുകൾ സന്ദർശകരെ ആകർഷിച്ചു.
സന്ദർശകർക്കായി പ്രാഥമിക ആരോഗ്യ പരിശോധനകൾ നടത്താനും പ്രഥമശുശ്രൂഷയിൽ പ്രായോഗിക പരിശീലനം നൽകാനും ആരോഗ്യ സ്ഥാപനങ്ങളുടെ പ്രത്യേക സ്റ്റാളുകൾ പ്രദർശന നഗരിയിൽ സജ്ജീകരിച്ചിരുന്നു. മേളയോടനുബന്ധിച്ച് വിവിധ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികൾ, സ്റ്റേജ് ഷോകൾ, മത്സരങ്ങൾ, ഉപഹാര വിതരണം എന്നിവ ചടങ്ങിന് മാറ്റുകൂട്ടി. സ്വദേശി കുടുംബങ്ങളടക്കം വൻ ജനപങ്കാളിത്തമാണ് മേളയുടെ ഓരോ ദിവസവും ഹെറിറ്റേജ് പാർക്കിൽ അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.