സാബിറ സലീമിനെ തുടർചികിത്സക്ക് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ സഹായത്തിൽ നാട്ടിലയക്കാൻ വാഹനത്തിൽ കയറ്റിയപ്പോൾ

സാബിറ സലീമിനെ തുടർചികിത്സക്ക് നാട്ടിലേക്കയച്ചു

ജിദ്ദ: വാഹനാപകടത്തിൽ പരിക്കേറ്റ് മദീന സൗദി ജർമൻ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ പാലക്കാട് ഒറ്റപ്പാലം സ്വദേശി പുളിക്കൽ സലീമിന്റെ ഭാര്യ സാബിറ സലീമിനെ തുടർചികിത്സക്ക് നാട്ടിൽ അയച്ചു.

നജ്റാനിൽനിന്ന് വന്ന കുടുംബം ഉംറ കഴിഞ്ഞ് മദീനയിലേക്കുള്ള യാത്രക്കിടെ അപകടത്തിൽപെട്ടത് ആഗസ്റ്റ് ഒന്നിനായിരുന്നു. സലീമും സാബിറയും ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന എല്ലാവരും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. 20 ദിവസത്തെ ചികിത്സക്കുശേഷം ആരോഗ്യ ഇൻഷുറൻസ് പരിധി അവസാനിച്ചതിനാൽ സാബിറയുടെ തുടർചികിത്സ പ്രയാസകരമായിരുന്നു. നട്ടെല്ലിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പൊട്ടലുകൾക്കുപുറമെ കാൽമുട്ടിന് താഴെയും പൊട്ടലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ ക്ഷതവുമേറ്റിരുന്നു.

സാബിറയെ തുടർചികിത്സക്ക് നാട്ടിലേക്ക് കൊണ്ടുപോകാൻ തയാറെടുപ്പു നടത്തുകയും ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ ജിദ്ദയിലെ അൽ അബീർ മാനേജ്‍മെന്റിന്റെ സഹായത്തോടെ അഞ്ചുദിവസത്തോളം ഹസ്സൻ ഗസ്സാവി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സാബിറയും മകളും സന്ദർശന വിസയിലായിരുന്നതിനാൽ യാത്രരേഖകൾ തയാറായിവന്നപ്പോഴേക്കും വിസയുടെ കാലാവധി തീർന്നിരുന്നു. ഭർത്താവ് സലിം ആശുപത്രി തീവ്രപരിചരണത്തിലായതിനാൽ ഇവരുടെ വിസ പുതുക്കൽ സാധ്യമായിരുന്നില്ല.

സോഷ്യൽ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് കോയിസ്സൻ ബീരാൻകുട്ടിയുടെ നേതൃത്വത്തിൽ അസൈനാർ മാരായമംഗലം, നൗഷാദ് മമ്പാട് എന്നിവർ വിവിധ പാസ്പോർട്ട് മന്ത്രാലയങ്ങളെ സമീപിച്ചെങ്കിലും പുരോഗതിയുണ്ടായില്ല. അവസാന ശ്രമമെന്നോണം ജിദ്ദ വിമാനത്താവളത്തിൽ പാസ്പോർട്ട് വിഭാഗത്തിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്താൽ യാത്രാരേഖകൾ തയാറാക്കി. പരസഹായമില്ലാതെ അനങ്ങാൻപോലും സാധ്യമല്ലാത്ത സാബിറയെ പരിചരിക്കാൻ ഫോറം വനിതപ്രവർത്തക ഹലീമ ഷാജി യാത്രയാകുന്നതുവരെ കൂടെയുണ്ടായിരുന്നു.

മറ്റു സഹായങ്ങൾക്കായി ശിഹാബുദ്ദീൻ ഗുഡല്ലൂർ, അലി മേലാറ്റൂർ, ഷാജി മാരായമംഗലം, മുക്താർ ഷൊർണൂർ, യൂനുസ് തുവ്വൂർ എന്നിവരും അവസാനം വരെ സഹായത്തിനുണ്ടായിരുന്നു. കൊച്ചി വിമാനത്താവളത്തിൽ സാബിറയുടെ പിതാവിനും ബന്ധുക്കൾക്കും പുറമെ എസ്.ഡി.പി.ഐ ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ് ടി.എ. താഹിർ, സലീം തോട്ടക്കര എന്നിവരും ചേർന്ന് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ തുടർചികിത്സക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ തുടയെല്ല് പൊട്ടിയ ഇവരുടെ മകൾ ഒമ്പത് വയസ്സുകാരി സന്‍ഹയെ ഏതാനുംദിവസം മുമ്പ് തുടർചികിത്സക്ക് നാട്ടിലേക്കയച്ചിരുന്നു. സലീം സൗദി ജർമൻ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്.

മദീനയിലെ ആശുപത്രി പരിചരണങ്ങൾക്കായി ഫോറം പ്രവർത്തകരായ അഷ്‌റഫ് ചൊക്ലി, റഷീദ് വരവൂർ, അബ്ദുൽ അസീസ് കുന്നുംപുറം, റഫീഖ് ഗൂഡല്ലൂർ, യാസർ തിരൂർ, മുഹമ്മദ്, വനിത പ്രവർത്തകരായ നജ്മ റഷീദ്, ലബീബ മുഹമ്മദ്, അനു റസ്‌ലി എന്നിവർ സജീവമായി രംഗത്തുണ്ടായിരുന്നു. 

Tags:    
News Summary - Sabira Salim was sent home for further treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.