പ്രതീകാത്മക ചിത്രം
റിയാദ്: സൗദി അറേബ്യയെയും ഖത്തറിനെയും ബന്ധിപ്പിക്കുന്ന അതിവേഗ ഇലക്ട്രിക് റെയിൽവേ പദ്ധതിക്ക് സൗദി മന്ത്രിസഭയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. റെയിൽവേ ശൃംഖല സ്ഥാപിക്കുന്നതിനുള്ള സുപ്രധാന കരാറിന് സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് അംഗീകാരം നൽകിയത്.
റിയാദിൽ നിന്ന് ഖത്തർ തലസ്ഥാനമായ ദോഹയിലേക്ക് വെറും രണ്ട് മണിക്കൂർ കൊണ്ട് എത്തിച്ചേരാൻ സഹായിക്കുന്നതാണ് നിർദിഷ്ട റെയിൽവേ പദ്ധതി. നിലവിൽ റോഡ് മാർഗം ഏകദേശം ആറ് മണിക്കൂറിലധികം വേണം. മണിക്കൂറിൽ 300 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്ന അത്യാധുനിക ഇലക്ട്രിക് ട്രെയിനുകളാണ് നിർദിഷ്ട പാതയിൽ സർവിസ് നടത്തുക. ഏകദേശം 785 കിലോമീറ്റർ നീളമുള്ളതാണ് ഈ റെയിൽവേ ശൃംഖല.
റിയാദിനും ദോഹയ്ക്കും പുറമെ കിഴക്കൻ പ്രവിശ്യയിലെ ദമ്മാം, ഹുഫൂഫ് എന്നീ നഗരങ്ങളിലൂടെയും ഈ പാത കടന്നുപോകും. കൂടാതെ റിയാദിൽ പുതുതായി നിർമിക്കുന്ന കിങ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളത്തെയും ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും ഇത് ബന്ധിപ്പിക്കും.
ഈ പദ്ധതി വഴി ഏകദേശം 30,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള വ്യാപാരവും ടൂറിസവും വർധിപ്പിക്കുന്നതിലൂടെ ഏകദേശം 30 ബില്യൺ ഡോളറിന്റെ സാമ്പത്തിക മുന്നേറ്റം ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഇലക്ട്രിക് ട്രെയിനുകൾ ഉപയോഗിക്കുന്നതിലൂടെ കാർബൺ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കാനും സാധിക്കും.
ആറ് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കി ട്രെയിൻ സർവിസ് ആരംഭിക്കാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള റെയിൽവേ ശൃംഖലയുടെ ഭാഗമായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സൗദി മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ പദ്ധതി നടത്തിപ്പിന്റെ ഗതിവേഗം കൂടുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.