തീർഥാടകരെ വരവേൽക്കാൻ ഒരുക്കുന്ന റോബോട്ട്
ജിദ്ദ: രാജ്യത്തെ എയർപ്പോർട്ടുകളിലും തുറമുഖങ്ങളിലും കരമാർഗമുള്ള പ്രവേശന കവാടങ്ങളിലും തീർഥാടകരെ വരവേൽക്കാൻ റോബോട്ടുകൾ ഒരുക്കുന്നു. മൂന്ന് ഭാഷകൾ സംസാരിക്കുന്ന റോബോട്ടുകളെയാണ് സൗദി പാസ്‌പോർട്ട് വകുപ്പ് സജ്ജമാക്കുന്നത്. ജിദ്ദയിൽ ബുധനാഴ്ച സമാപിച്ച ‘മക്കയിൽ നിന്ന് ലോകത്തിലേക്ക്’ എന്ന ശീർഷകത്തിലെ ഹജ്ജ്, ഉംറ സമ്മേളനത്തിലും പ്രദർശനത്തിലും പസ്പോർട്ട് വകുപ്പ് ഈ റോബോട്ടുകളെ പ്രദർശിപ്പിച്ചിരുന്നു.
പ്രദർശനത്തിൽ പാസ്‌പോർട്ട് വകുപ്പ് എടുത്തുകാണിച്ച ഏറ്റവും പ്രധാനപ്പെട്ട സേവനങ്ങളിൽ ഒന്നായിരുന്നു ‘റോബോട്ട്’ ഉപകരണം. മൂന്ന് ഭാഷകൾ സംസാരിക്കാൻ കഴിവുള്ളതാണിത്. പ്രവേശന കവാടങ്ങളിലെ പാസ്‌പോർട്ട് കൗണ്ടറുകളിൽ യാത്രക്കാർക്ക് ആവശ്യമായ സേവനം നൽകാനും സഹായിക്കാനും മാർഗനിർദേശം നൽകാനും ഈ റോബോട്ടിന് കഴിയുമെന്നും പാസ്‌പോർട്ട് വക്താവ് മേജർ നാസർ അൽഉതൈബി പറഞ്ഞു.
ടൂറിസ്റ്റ് വിസ ഉപകരണവും ജിദ്ദയിലെ ഹജ്ജ് ഉംറ മേളയിൽ പ്രദർശിപ്പിച്ചു. രാജ്യത്തെ നിരവധി അന്താരാഷ്ട്ര പ്രവേശന കവാടങ്ങളിൽ ഇത് ലഭ്യമാണ്. ആവശ്യകതകൾ പൂർത്തിയാക്കിയ യാത്രക്കാർക്ക് രാജ്യത്തിന്റെ പ്രവേശന കവാടങ്ങളിൽ എത്തുമ്പോൾ ടൂറിസ്റ്റ് വിസ ലഭിക്കാൻ ഈ ഉപകരണം സഹായിക്കും. ഇത് പാസ്‌പോർട്ട് സംവിധാനങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്നുവെന്ന് വക്താവ് സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.