റിയാദ് സീസൺ കപ്പ്; നാളെ മെസ്സി-റൊണാൾഡോ ഏറ്റുമുട്ടൽ ഉണ്ടാകുമോ? ആരാധകർ കാത്തിരിക്കുന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിൽ നടക്കുന്ന റിയാദ് സീസൺ കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ രണ്ടാം മത്സരമായ നാളെ ലയണൽ മെസ്സിയുടെ ഇന്റർ മയാമിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി ക്ലബ് അൽനസ്‌റും തമ്മിൽ ഏറ്റുമുട്ടും. ഫുട്ബാൾ ലോകത്തെ ഇതിഹാസങ്ങളായ ലയണൽ മെസ്സി-ക്രിസ്റ്റ്യാനോ റൊണാൾഡോ പോരാട്ടം നേരിൽ കാണുന്നതിനായി കാത്തിരിക്കുകയാണ് സൗദിയിലെയും രാജ്യത്തിന് പുറത്തുമുള്ള ഫുട്ബാൾ ആരാധകർ.

അതേസമയം, പരിക്ക് പറ്റി വിശ്രമത്തിലിരിക്കുന്ന അൽനസർ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ നാളത്തെ മത്സരത്തിൽ ബൂട്ടണിയുമോ എന്നതിനെ ചൊല്ലി വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. കാലിന് പരിക്കേറ്റ താരം നാളുകളായി വിശ്രമത്തിലാണ്. നേരത്തെ ചൈനയിൽ കളിക്കാനായി എത്തിയെങ്കിലും ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം മത്സരങ്ങൾ മാറ്റിവെച്ചിരുന്നു. 38 കാരനായ ക്രിസ്റ്റ്യാനോയുടെ പരിക്കിനെക്കുറിച്ചോ നാളെ റിയാദിൽ കളിക്കാൻ താരം ഉണ്ടാവുമോ എന്നതിനെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ അൽനസ്ർ ക്ലബ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നേർക്കുനേർ ഏറ്റുമുട്ടുന്ന മത്സരം നേരിൽ കാണുന്നതിനായി നേരത്തെ തന്നെ ടിക്കറ്റുകൾ കരസ്ഥമാക്കി കാത്തിരിക്കുന്ന ഫുട്ബാൾ പ്രേമികളുടെ ആശങ്കക്ക് വരും മണിക്കൂറുകളിൽ ഉത്തരം ലഭിച്ചേക്കാം. കഴിഞ്ഞ വർഷം ജൂലൈയിൽ മെസ്സി പി.എസ്.ജിയിലായിരിക്കെ ക്രിസ്റ്റ്യാനോയുടെ അൽനസ്‌റുമായി സൗഹൃദമത്സരം നടന്നിരുന്നു. ജപ്പാൻ നഗരമായ ഒസാകയിൽ നടന്ന മത്സരം ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്ക് റിയാദ് കിങ്ഡം അറീന സ്റ്റേഡിയത്തിൽ ആണ് ഇന്റർ മയാമി-അൽനസ്‌ർ മത്സരം നടക്കുന്നത്. മെസ്സിയും റൊണാൾഡോയും നേർക്കുനേർ ഏറ്റുമുട്ടുന്ന അവസാന മത്സരമായിരിക്കും ഇതെന്ന വിലയിരുത്തലുമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന റിയാദ് സീസൺ കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ഒന്നാം മത്സരത്തിൽ മെസ്സിയുടെ ഇന്റർ മയാമിക്കെതിരെ നെയ്മർ ജൂനിയർ നേതൃത്വം നൽകുന്ന സൗദി ക്ലബ് അൽഹിലാൽ 4-3 സ്‌കോറിൽ വിജയിച്ചിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ബ്രസീലില്‍ വിശ്രമത്തിലായതിനാല്‍ നെയ്മർ റിയാദ് സീസൺ കപ്പ് ടൂർണമെന്റിൽ കളിക്കുന്നില്ല. ഇന്റർ മയാമി-അൽഹിലാൽ മത്സരഫലം മെസ്സി ആരാധകരിൽ കടുത്ത നിരാശ ഉണ്ടാക്കിയിരുന്നു. ടൂർണമെന്റിന്റെ മൂന്നാം മത്സരത്തിൽ ഫെബ്രുവരി എട്ടിന് അൽഹിലാലും അൽനസ്റും തമ്മിൽ ഏറ്റുമുട്ടും.

Tags:    
News Summary - Riyadh season cup: Fans waits for Messi-Ronaldo match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.