റിയാദ് മെട്രോ: ബത്ഹയില്‍ ഉയരുന്നത് വിസ്മയമന്ദിരം

റിയാദ്: റിയാദ് മെട്രോ പദ്ധതിയിലെ ഏറ്റവും ഗംഭീരമായ സ്റ്റേഷന്‍ വരുന്നത് ബത്ഹയില്‍. ലോകപ്രശസ്ത വാസ്തുവിദ്യ സ്ഥാപനമായ നോര്‍വേയിലെ സ്നോഹെറ്റയാണ് ബത്ഹയിലെ ഖസ്ര്‍ അല്‍ ഹുകും സ്റ്റേഷന്‍ നിര്‍മിക്കുന്നത്. ആധുനിക തച്ചുശാസ്ത്ര സങ്കേതങ്ങള്‍ ഉപയോഗിച്ച് രൂപകല്‍പന ചെയ്യുന്ന സ്റ്റേഷന്‍ റിയാദ് നഗരത്തിന്‍െറ നവോത്ഥാനത്തിന്‍െറ പ്രതീകമായിരിക്കും. സുസ്ഥിര വികസന തത്വങ്ങളിന്‍മേല്‍ പുതിയ തലമുറയുടെ അഭിരുചികള്‍ക്കിണങ്ങുന്ന തരത്തില്‍, വരുംകാലത്തിന്‍െറ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഈ നിര്‍മിതി പ്രകൃതി സ്രോതസുകളുടെ ഫലപ്രദമായ വിനിയോഗം ഉറപ്പാക്കും. മെട്രോയിലെ ഒന്നാം ലൈനിനും (ഉലയ-ബത്ഹ-അല്‍ഹൈര്‍) മൂന്നാം ലൈനിനും (മദീന മുനവ്വറ റോഡ്- പ്രിന്‍സ് സഅദ് ബിന്‍ അബ്ദുറഹ്മാന്‍ റോഡ്) ഇടയിലെ പ്രധാന ഇന്‍റര്‍ചേഞ്ചുമാണ് ഈ സ്റ്റേഷന്‍.

റിയാദിന്‍െറ തനിമ നിലനിര്‍ത്തുന്ന പുറം ഭാഗം.
 


മെട്രോ സ്റ്റേഷന്‍ എന്നതിലുപരി നഗരചത്വരം എന്ന നിലയിലാണ് ഈ മേഖല വിഭാവനം ചെയ്യുന്നത്. ചത്വരം മുഴുവന്‍ തണലിടുന്ന തരത്തിലും സൂര്യപ്രകാശത്തെ കൃത്യമായി നയിക്കുന്ന തരത്തിലുമുള്ള പോളിഷ്ഡ് സ്റ്റെയിന്‍ലെസ് സ്റ്റീലിലുള്ള കൂറ്റന്‍ മേല്‍പന്തലാണ് കെട്ടിടത്തിന്‍െറ പ്രധാന ആകര്‍ഷണം. ചത്വരത്തിലും പരിസരത്തെ പൊതുമേഖലകളിലും മാത്രമല്ല, ഭൂഗര്‍ഭ ട്രെയിന്‍ സ്റ്റേഷനിലേക്ക് വരെ സൂര്യവെളിച്ചം എത്തിക്കാന്‍ ഈ മേല്‍ക്കൂരയിലെ സംവിധാനങ്ങള്‍ക്ക് കഴിയും. വെളിച്ചം എത്തുമെങ്കിലും ചൂട് ആഗിരണം ചെയ്യാത്ത ഫൈബര്‍ ഒപ്റ്റിക് സംവിധാനമാണ് നിര്‍മാണത്തിന് ഉപയോഗിക്കുക. സ്റ്റേഷനിലെ എല്ലാ നിലകളും കാഴ്ചബന്ധിതമായിരിക്കും. എല്ലായിടത്തേക്കും മേല്‍പന്തലില്‍ നിന്നുള്ള വെളിച്ചം കൃത്യമായി എത്തും. പുറം പരിസരത്തുള്ള ചരിഞ്ഞ ചുവരിലാകും മേല്‍പന്തല്‍ ഉറപ്പിക്കുക.

രജതശോഭയിലുള്ള ഈ മേല്‍ക്കൂര ഭാവിയില്‍ ബത്ഹയുടെ മുഖമുദ്രയായി മാറുമെന്നാണ് പ്രതീക്ഷ. നഗരവാസികള്‍ക്ക് ഉല്ലസിക്കാനും ഒത്തുകൂടാനുമുള്ള ഇടമായാണ് ഈ നടുമുറ്റത്തെ വിഭാവനം ചെയ്യുന്നത്. ഏറിയ ജനസാന്ദ്രതയും ഗതാഗതകുരുക്കും കാരണം വലയുന്ന നഗരഭാഗത്തെ മികവുറ്റൊരു ആധുനിക നഗര ജങ്ഷനാക്കുന്നതാകും മന്ദിരം. കാല്‍നടക്കാര്‍ക്ക് മാത്രമുള്ള നടുമുറ്റത്തില്‍ ചുണ്ണാമ്പുകല്ല് പാകും. നിരനിരയായി ഈന്തപ്പനകള്‍ വെച്ചുപിടിപ്പിച്ച് ഹരിതാഭമാക്കുകയും ചെയ്യും. നടുമുറ്റത്ത് ആവശ്യത്തിന് തണല്‍ ലഭിക്കുന്ന വിധത്തില്‍ അടുപ്പിച്ചായിരിക്കും പനകള്‍ വിന്യസിക്കുക.

ഭൂഗര്‍ഭ കാത്തിരിപ്പ് കേന്ദ്രത്തിന്‍െറ ഉദ്യാനം
 


ഭൂഗര്‍ഭ സ്റ്റേഷനുള്ളിലെ ഉദ്യാനമാണ് ഖസ്ര്‍ അല്‍ ഹുകും സ്റ്റേഷനിലെ മറ്റൊരു പ്രത്യേകത.  ഇതുവഴി കടന്നുപോകുന്ന രണ്ടു മെട്രോലൈനുകളുടെ പ്ളാറ്റ്ഫോമുകള്‍ക്കും ഇതിലേക്ക് പ്രവേശനമുണ്ട്. ഹരിതാഭമായ ഉദ്യാനത്തില്‍ യാത്രക്കാര്‍ക്ക് ഇവിടെ മെട്രോ കാത്തിരിക്കാം. വിവിധ പ്രതലങ്ങളിലുള്ള ഭൂഗര്‍ഭ മന്ദിരത്തില്‍ വൈദ്യുതി, ജലം, സുഗമമായ വായുസഞ്ചാരം എന്നിവ ഉറപ്പാക്കാന്‍ ഏറ്റവും ആധുനിക സങ്കേതങ്ങളാണ് ഉപയോഗിക്കുന്നത്.

തികച്ചും മൗലികമായ മാതൃകയാണ് ഖസ്ര്‍ അല്‍ ഹുകുമിന് വേണ്ടി സ്നോഹെറ്റ ഒരുക്കിയത്. നിരവധി ലോകോത്തര കമ്പനികളില്‍ നിന്ന് സ്നോഹെറ്റയെ തിരഞ്ഞെടുക്കാന്‍ റിയാദ് മെട്രോ അതോറിറ്റിയെ പ്രേരിപ്പിച്ചതും ഡിസൈനിലെ ഈ വ്യതിരിക്തത തന്നെ. ദമ്മാമില്‍ സൗദി അരാംകോയുടെ കിങ് അബ്ദുല്‍ അസീസ് സെന്‍റര്‍ ഫോര്‍ വേള്‍ഡ് ഹെറിറ്റേജും സ്നോഹെറ്റയുടെ സൃഷ്ടിയാണ്. ഈജിപ്ത് അലക്സാന്‍ഡ്രിയയിലെ ചരിത്ര പ്രസിദ്ധമായ ലൈബ്രറി, ന്യൂയോര്‍ക്കിലെ സെപ്റ്റംബര്‍ 11 മെമ്മോറിയല്‍ മ്യൂസിയം, ഓസ്ലോ ഓപറ ഹൗസ്, ന്യൂയോര്‍ക് ടൈംസ് ചത്വരത്തിന്‍െറ പുനര്‍നിര്‍മിതി തുടങ്ങിയവക്ക് പിന്നിലെ കരങ്ങളും സ്നോഹെറ്റയുടെതാണ്. നിലവില്‍ 30 രാജ്യങ്ങളില്‍ സ്നോഹെറ്റയുടെ സാന്നിധ്യമുണ്ട്.

Tags:    
News Summary - riyadh metro train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.