കോഴിക്കോട് ഗവ. ഡെർമറ്റോളജി ആശുപത്രിക്ക് നൽകിവരുന്ന പാചകക്കാരനുള്ള ശമ്പളം ഒരു വർഷം കൂടി തുടർന്ന് നൽകാനുള്ള ധാരണപത്രം റിയാദിലെ കേളി കലാസാംസ്കാരിക വേദി ഭാരവാഹി സുരേന്ദ്രൻ ആശുപത്രി അധികൃതർക്ക് കൈമാറുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദി കോഴിക്കോട് ഗവ.ഡെർമറ്റോളജി ആശുപത്രിക്ക് നൽകിവരുന്ന പാചകക്കാരനുള്ള ശമ്പളം ഒരു വർഷം കൂടി തുടർന്ന് നൽകാനുള്ള ധാരണപത്രം കൈമാറി. കോഴിക്കോട് ചേവായൂരിലെ ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേളി രക്ഷാധികാരി സമിതിയംഗം സുരേന്ദ്രൻ കൂട്ടായി ആശുപത്രി സൂപ്രണ്ട് ഡോ. അനൂപ് ബാലഗോപാലിന് ധാരണപത്രം കൈമാറി.
കേളി 11ാം കേന്ദ്ര സമ്മേളന പ്രഖ്യാപനങ്ങളിൽ ഒന്നായ ‘ഹൃദയപൂർവം കേളി’ ഒരു ലക്ഷം പൊതിച്ചോർ വിതരണപദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ രണ്ട് വർഷമായി കേളി ഈ സഹായം നൽകി വരുന്നു.
ചടങ്ങിൽ സീനിയർ ഡോ. മിനി രാജ, ഡെപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് രജനി, സീനിയർ നഴ്സിങ് സൂപ്രണ്ട് റഷീദ, ആശുപത്രി സ്റ്റാഫ് സബീഷ്, കേളി ജോ. സെക്രട്ടറി മധു ബാലുശ്ശേരി, മുൻ കേന്ദ്രകമ്മിറ്റി അംഗം ഹസ്സൻ കോയ പാറോപ്പടി, കേളി പ്രവർത്തകരായ റഫീഖ് പാലത്ത്, നൗഷാദ് അൽ ഖർജ് എന്നിവർ പങ്കെടുത്തു.
തുടർന്ന് കേളി പ്രവർത്തകർ ആശുപത്രിയിലെ രോഗികളെ സന്ദർശിച്ചു. 55 രോഗികളാണ് നിലവിൽ ആശുപത്രിയിൽ അന്തേവാസികളായുള്ളത്. രോഗമുക്തി നേടിയവർ ഉറ്റവർ സ്വീകരിക്കാഞ്ഞതിനാൽ ആശുപത്രിയിൽ തുടരുന്നതായും അധികൃതർ പറഞ്ഞു.
കേളി പാചകക്കാരനെ നിയമിക്കുന്നത് വരെ ആശുപത്രി അന്തേവാസികൾ ഭക്ഷണം പാകം ചെയ്യുന്ന രീതിയായിരുന്നു. രോഗത്താൽ അവശത അനുഭവിക്കുന്ന ഇവർ ഇത്തരം ജോലി ചെയ്യേണ്ടി വരുന്നത് പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു.
പാചകക്കാരന്റെ ശമ്പളത്തിന് പുറമെ മാസത്തിൽ ഒരു ദിവസം അന്തേവാസികൾ ആവശ്യപ്പെടുന്ന ഭക്ഷണം കൂടി കേളി നൽകുന്നുണ്ട്. ഇവിടുത്തെ അന്തേവാസികൾക്കായി മറ്റു ചില പദ്ധതികൾ കൂടി ആലോചനയിലുണ്ടെന്നും വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും കേളി സെക്രട്ടറി സുരേഷ് കണ്ണപുരം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.