റിയാദ് എക്സ്പോ 2030 ‘എക്സ്പോ വില്ലേജ്’ പദ്ധതി കരാർ ഒപ്പുവെച്ച ചടങ്ങിൽനിന്ന്​

റിയാദ് എക്സ്പോ 2030: 3,20 കോടി റിയാലി​െൻറ ‘എക്സ്പോ വില്ലേജ്’ പദ്ധതി കരാർ ഒപ്പുവെച്ചു

റിയാദ്: എക്സ്പോ 2030-ൽ പങ്കെടുക്കുന്ന അന്താരാഷ്​ട്ര പ്രതിനിധികൾക്കായി ‘എക്സ്പോ വില്ലേജ്’ എന്ന പേരിൽ സംയോജിത റെസിഡൻഷ്യൽ കമ്യൂണിറ്റി നിർമിക്കുന്നു. പദ്ധതിക്കായി റിയാദ് എക്സ്പോ 2030-യും മുഹമ്മദ് അൽ ഹബീബ് റിയൽ എസ്​റ്റേറ്റ് കമ്പനിയും ചേർന്ന് 3,20 കോടി റിയാലി​െൻറ കരാറിൽ ഒപ്പുവെച്ചു. റിയാദ് എക്സ്പോ 2030-യുടെ ആദ്യ സംയുക്ത സംരംഭമാണിത്. സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും പുതിയ സാമ്പത്തിക അവസരങ്ങൾ തുറക്കുന്നതിനുമുള്ള എക്സ്പോയുടെ തന്ത്രപരമായ മുന്നേറ്റമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

റിയാദ് എക്സ്പോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എൻജി. തലാൽ അൽമർറി, മുഹമ്മദ് അൽ ഹബീബ് റിയൽ എസ്​റ്റേറ്റ് കമ്പനി സി.ഇ.ഒ അബ്​ദുല്ല മുഹമ്മദ് അൽ ഹബീബ് എന്നിവർ കരാറിൽ ഒപ്പുവെച്ചു. പബ്ലിക് ഇൻവെസ്​റ്റ്​മെൻറ്​ ഫണ്ടി​െൻറ ഡൊമസ്​റ്റിക് റിയൽ എസ്​റ്റേറ്റ് ഇൻവെസ്​റ്റ്​മെൻറ്​ ജനറൽ അഡ്മിനിസ്ട്രേഷൻ മേധാവിയും റിയാദ് എക്സ്പോ 2030 എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനുമായ സഅദ് അൽഖറൂദ് ചടങ്ങിൽ പങ്കെടുത്തു.

കിങ് ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളത്തിനും നഗരത്തിലെ പ്രധാന ഗതാഗത ശൃംഖലയ്ക്കും സമീപമാണ് എക്സ്പോ വില്ലേജ് ഒരുങ്ങുന്നത്. വിദേശ പ്രതിനിധികൾക്കായി 2,300 താമസ യൂനിറ്റുകൾ ഉൾപ്പെടുന്ന പദ്ധതിയിൽ 5,500 പേരെ ഉൾക്കൊള്ളാൻ സാധിക്കും. താമസസൗകര്യങ്ങൾക്ക് പുറമെ റീട്ടെയിൽ ഔട്ട്​ലെറ്റുകൾ, റെസ്​റ്റോറൻറുകൾ, മറ്റ് സേവനങ്ങൾ, പ്രവർത്തനപരമായ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി സമഗ്രമായ ഒരു കമ്യൂണിറ്റിയായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എക്സ്പോ മെട്രോ സ്​റ്റേഷൻ വഴി പ്രധാന എക്സ്പോ വേദിയിലേക്ക് നേരിട്ടുള്ള യാത്രാസൗകര്യവും ഉണ്ടാകും.

കരാർ പ്രകാരം റിയാദ് എക്സ്പോ 2030 പദ്ധതിയുടെ തന്ത്രപരമായ മേൽനോട്ടം വഹിക്കുകയും ആവശ്യകതകൾ നിർണയിക്കുകയും ചെയ്യും. പദ്ധതിയുടെ വികസനം, നിക്ഷേപം, പ്രവർത്തനം എന്നിവ മുഹമ്മദ് അൽ ഹബീബ് റിയൽ എസ്​റ്റേറ്റ് കമ്പനി നിർവഹിക്കും.

റിയാദ് എക്സ്പോ 2030 നടപ്പാക്കുന്നതിലെ സുപ്രധാന ചുവടുവെപ്പാണ് ഈ പദ്ധതിയെന്ന് റിയാദ് എക്സ്പോ സി.ഇ.ഒ തലാൽ അൽമർറി പറഞ്ഞു. വികസന പ്രവർത്തനങ്ങളിൽ സ്വകാര്യ മേഖലയുടെ അനുഭവസമ്പത്തും നിക്ഷേപവും പ്രയോജനപ്പെടുത്തുന്ന സമീപനമാണിത്. സൈറ്റ് ഒരുക്കലും രൂപകൽപ്പനയും പൂർത്തിയായ പദ്ധതി നിർമാണത്തി​െൻറ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അംഗീകൃത സമയക്രമമനുസരിച്ച് നിർമാണ ജോലികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എക്സ്പോ കാലയളവിനു ശേഷവും സ്ഥിരവും സമഗ്രവുമായ റെസിഡൻഷ്യൽ മേഖലയായി തുടരുന്ന രീതിയിലാണ് വില്ലേജി​െൻറ രൂപകൽപ്പന. ഇതിനായി താമസ യൂനിറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ, വിനോദ-സാമൂഹിക സൗകര്യങ്ങൾ എന്നിവയോടൊപ്പം ഹരിത ഇടങ്ങളും നടപ്പാതകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങൾ കൂടി കണക്കിലെടുത്താണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

Tags:    
News Summary - Riyadh Expo 2030: 3.20 billion riyals 'Expo Village' project agreement signed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.