റിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന് കീഴിൽ ആരംഭിക്കുന്ന റിയാദ് എയർ 50 പുതിയ എയർബസ് വിമാനങ്ങൾ കൂടി വാങ്ങും. പാരീസിൽ നടന്ന 55ാമത് എയർ ഷോക്കിടെ എയർ ബസ് കമ്പനിയുമായി റിയാദ് എയർ വാങ്ങൽ കരാർ ഒപ്പിട്ടു. എ 350-1000 സീരീസിലുള്ള വിമാനങ്ങളുടെ ഓർഡറാണ് എയർ ബസിന് നൽകിയതെന്ന് റിയാദ് എയർ അധികൃതർ വ്യക്തമാക്കി.
ലെ ബർഗെറ്റ് വിമാനത്താവളത്തിൽ നടന്ന പാരീസ് എയർ ഷോയിൽ റിയാദ് എയർ ചീഫ് ഫിനാൻഷ്യൽ ഓഫിസർ ആദം ബൂകദീദയും എയർബസ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് ഓഫ് സെയിൽസ് ബെനോയിറ്റ് ഡി സെൻറ് എക്സുപെറിയും കരാറിൽ ഒപ്പുവെച്ചു. സൗദി പൊതുനിക്ഷേപ നിധി ഗവർണറും റിയാദ് എയർ ചെയർമാനുമായ യാസിർ അൽ റുമയ്യാൻ, റിയാദ് എയർ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ടോണി ഡഗ്ലസ്, എയർബസ് കൊമേഴ്സ്യൽ എയർക്രാഫ്റ്റിന്റെ പ്രസിഡൻറും സി.ഇ.ഒയുമായ ക്രിസ്റ്റ്യൻ ഷെറർ എന്നിവർ ഒപ്പുവെക്കൽ ചടങ്ങിൽ പങ്കെടുത്തു.
എയർബസ് എ350-1000 വിമാനത്തിന് ഒറ്റ ട്രിപ്പിൽ 16,000 കിലോമീറ്റർ സഞ്ചരിക്കാനുള്ള ശേഷിയുണ്ട്. ഇത് റിയാദ് എയറിന് ലോകത്തിലെ ഏറ്റവും വിദൂര ലക്ഷ്യസ്ഥാനങ്ങളിലേക്ക് വരെ സർവിസ് നടത്താനുള്ള ആത്മവിശ്വാസം നൽകുന്നതാണെന്ന് സി.ഇ.ഒ ടോണി ഡഗ്ലസ് പറഞ്ഞു. ലോകത്തെ എല്ലാ പ്രധാന നഗരങ്ങൾക്കിടയിലും മികച്ച നിലയിൽ വ്യോമഗതാഗത ബന്ധം സ്ഥാപിക്കാനും പ്രാപ്തമാക്കും.
എക്സ്പോ റിയാദ് 2030, ഫിഫ ലോകകപ്പ് 2034 തുടങ്ങിയ പ്രധാന പരിപാടികൾക്ക് ആതിഥ്യം വഹിക്കാനൊരുങ്ങൂന്ന റിയാദിനെ ഏറ്റവും പ്രധാനപ്പെട്ട ആഗോള കേന്ദ്രമാക്കി ഉയർത്തുകയെന്ന ‘വിഷൻ 2030’ ലക്ഷ്യങ്ങളിലൊന്നിന്റെ പൂർത്തീകരണത്തിന് വേണ്ടിയാണിത്. ജി 20 രാജ്യങ്ങളിലൊന്നിന്റെ തലസ്ഥനമെന്ന നിലയിൽ റിയാദിനുള്ള പ്രധാന്യവും ഇതിനൊരു ഘടകമാണ്. റിയാദ് എയർ ലോകത്തിന്റെ നാനാഭാഗത്തുള്ള നൂറിലേറെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസ് നടത്താൻ പദ്ധതിയിടുന്നു. കാര്യക്ഷമതയും ഇരിപ്പിട, പ്രവർത്തന ശേഷികളും കൂടുതലുള്ള വിമാനങ്ങൾ തെരഞ്ഞെടുത്ത് വാങ്ങൂന്നതിലൂടെ ആകെ ഉപയോഗിക്കുന്ന വിമാനങ്ങളുടെ എണ്ണം കുറക്കുക എന്നതും എയർ ബസ് വിമാനത്തിന്റെ തെരഞ്ഞെടുപ്പിന് പിന്നിലുണ്ട്. ഈ പുതിയ ഓർഡർ കൂടി വന്നതോടെ റിയാദ് എയർ ആകെ വാങ്ങുന്ന വിമാനങ്ങളുടെ എണ്ണം 182 ആയി ഉയരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.