ഡിജിറ്റൽ കഴിവുകൾ വികസിപ്പിക്കാൻ ഹുവായ് കമ്പനിയും റിയാദ് എയറും കരാർ ഒപ്പിട്ടപ്പോൾ
റിയാദ്: ഡിജിറ്റൽ കഴിവുകൾ വികസിപ്പിക്കാൻ സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയും പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന്റെ അനുബന്ധ സ്ഥാപനവുമായ റിയാദ് എയറും ആഗോള സാങ്കേതിക കമ്പനിയായ ഹുവായും കരാർ ഒപ്പുവെച്ചു. വ്യോമയാന മേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തിൽ മുൻനിര ആഗോള സ്ഥാപനമാകുന്നതിനുള്ള വിമാനക്കമ്പനിയുടെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ കരാർ.
ലക്ഷ്യസ്ഥാനങ്ങൾ എളുപ്പത്തിൽ കണ്ടെത്തുന്നതും വിമാനങ്ങൾ ബുക്ക് ചെയ്യുന്നതും മുതൽ അസാധാരണമായ യാത്രാനുഭവം നൽകുന്നതുവരെയുള്ള സുഗമവും നൂതനവുമായ യാത്രാനുഭവം അതിഥികൾക്ക് നൽകുന്നതിനായി റിയാദ് എയറിന്റെ ആഗോള വളർച്ചയെക്കുറിച്ചുള്ള കാഴ്ചപ്പാടും ഹുവായുടെ നൂതന സാങ്കേതിക വൈദഗ്ധ്യവും ഈ കരാർ സംയോജിപ്പിക്കും.
കരാറിന്റെ അടിസ്ഥാനത്തിൽ റിയാദ് എയറിന്റെ സംയോജിത ഡിജിറ്റൽ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിന് റിയാദ് എയറും ഹുവായും ഘട്ടംഘട്ടമായുള്ള സമീപനം സ്വീകരിക്കും.
ചൈനയെയും പ്രധാന അന്താരാഷ്ട്ര വിപണികളെയും കേന്ദ്രീകരിച്ചായിരിക്കും ഇത്. ക്ലൗഡ് കമ്പ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മൊബിലിറ്റി സേവനങ്ങൾ, സംയോജിത ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവയിലെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തി റിയാദ് എയറിന്റെ സമഗ്ര ഡിജിറ്റൽ പരിവർത്തനത്തെ ഹുവായ് പിന്തുണക്കും.
2030 ആകുമ്പോഴേക്കും 15 കോടി വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന സൗദിയുടെ ലക്ഷ്യത്തിനനുസൃതമായി ആഗോളതലത്തിൽ കൂടുതൽ വികസിപ്പിക്കാനുള്ള റിയാദ് എയറിന്റെ പദ്ധതികളിൽ ചൈന ഒരു പ്രധാന വിപണിയാണെന്ന് റിയാദ് എയർ ചീഫ് കമേഴ്‌സ്യൽ ഓഫിസർ വിൻസെൻറ് കോസ്റ്റ് പറഞ്ഞു. 50 ലക്ഷം വിനോദസഞ്ചാരികൾ ചൈനയിൽ നിന്നുള്ളവരായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഹുവായുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ചൈനീസ് യാത്രക്കാരുടെ പ്രതീക്ഷകൾ പൂർണമായും നിറവേറ്റുന്ന സുഗമവും വ്യക്തിഗതവുമായ ഡിജിറ്റൽ യാത്ര നൽകാനുള്ള ഞങ്ങളുടെ കഴിവ് വർധിപ്പിക്കുമെന്നും കോസ്റ്റ് പറഞ്ഞു.
സൗദിക്കും ചൈനക്കും ഇടയിലുള്ള വ്യോമഗതാഗതം മെച്ചപ്പെടുത്തുക, ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ആശയവിനിമയവും യാത്രയും സുഗമമാക്കുന്നതിനുള്ള ഒരു പാലമായി വർത്തിക്കുക എന്നിവയാണ് സൗദിയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയറിലെ ലക്ഷ്യമെന്ന് കോസ്റ്റെ കൂട്ടിച്ചേർത്തു. ഞങ്ങൾ ഒരു യഥാർഥ പങ്കാളിയെ കണ്ടെത്തി, ഭാവിയിലേക്കുള്ള ഡിജിറ്റൽ കാഴ്ചപ്പാടുള്ള പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയറുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് സൗദിയിലെ ഹുവായ് കൺസ്യൂമർ ബിസിനസ് ഗ്രൂപ്പ് സി.ഇ.ഒ പീക്ക് യിങ് പറഞ്ഞു.
ചൈനയിൽനിന്നും ലോകമെമ്പാടുമുള്ള യാത്രക്കാർക്ക് മുൻനിര ഡിജിറ്റൽ അനുഭവങ്ങൾ സൃഷ്ടിക്കുന്നതിന് ഞങ്ങളുടെ മികച്ച ആഗോള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് റിയാദ് എയറിനെ പിന്തുണക്കാൻ ഹുവായ് പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.