യൂസഫ് കാക്കഞ്ചേരി
റിയാദ്: ഇന്ത്യൻ എംബസി വെൽഫെയർ വിഭാഗത്തിൽ 26 വർഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷം മലപ്പുറം കാക്കഞ്ചേരി സ്വദേശി യൂസഫ് കുന്നുമ്മൽ മടങ്ങുന്നത് അനുഭവങ്ങളുടെ വലിയൊരു ഡയറിയുമായി. സൗദിയിലെ ഇന്ത്യൻ പ്രവാസികളുടെ ആത്മകഥ തന്നെയായിരിക്കും എഴുത്തുകാരൻ കൂടിയായ യൂസഫ് കാക്കഞ്ചേരിയുടെ ആ അനുഭവശേഖരം.
വിവിധ കേസുകളിൽ അകപ്പെടുന്ന ഇന്ത്യൻ പ്രവാസികൾക്ക് നിയമാനുസൃത സേവനം ലഭ്യമാക്കുന്നതിന് ഇന്ത്യൻ എംബസിയുടെ പ്രതിനിധിയായി ജയിലിലും കോടതിയിലും പോയി വിഷയങ്ങൾ പഠിച്ച് എംബസിക്ക് റിപ്പോർട്ട് നൽകി ആവശ്യമായ ഇടപെടൽ നടത്തുകയാണ് പ്രധാനമായും യൂസഫ് ചെയ്തിരുന്ന ജോലി.
മയക്കുമരുന്ന് കടത്തി പിടിയിലായവർ, മദ്യം വാറ്റി പിടിക്കപ്പെട്ടവർ, തൊഴിൽതർക്ക പരിഹാരങ്ങൾ, മരണാനന്തര നഷ്ടപരിഹാര കേസുകൾ തുടങ്ങി വിവിധകേസുകളിൽ അകപ്പെട്ട മലയാളികൾ ഉൾപ്പടെയുള്ള അറിഞ്ഞും അറിയാതെയും നിയമക്കുരുക്കിലായ ഇന്ത്യൻ പ്രവാസികളുടെ ജീവിതമാണ് യൂസഫ് പ്രവാസികൾക്ക് മുന്നിൽ യാത്രക്ക് മുന്നേ തുറന്നുവെക്കുന്നത്.
2009ൽ അറബി ഭാഷയിലെ പ്രാവീണ്യവും തൊഴിൽ രംഗത്തെ ആത്മാർഥയിടപെടലും പരിഗണിച്ച് അന്നത്തെ അംബാസഡർ തൽമീസ് അഹമ്മദാണ് ജയിൽ കേസുകളും നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിലെ കേസുകളും കൈകാര്യം ചെയ്യാൻ യൂസഫിനെ ചുമതലപ്പെടുത്തുന്നത്. അന്ന് തൊട്ട് യൂസഫ് കണ്ടുമറിഞ്ഞും ഇടപെട്ട പൊള്ളുന്ന അനുഭവങ്ങൾ പ്രവാസികളോട് പറയുന്നത് അറിഞ്ഞും അറിയാതെയും ഈ രാജ്യത്തെ നിയമം ലംഘിക്കരുതെന്ന് പറയാനാണ്.
ഇന്ത്യക്കാരനെന്നത് അഭിമാനപൂർവം പറയാൻ കഴിയുന്ന ഒരു ബ്രാൻഡാണ് സൗദിയിൽ. പതിനായിരക്കണക്കിന് ഇന്ത്യൻ പ്രവാസികളിൽ നിന്നുണ്ടായ നല്ല അനുഭവങ്ങളിൽനിന്നും വ്യത്യസ്ത മേഖലകളിൽ സൗദി അറേബ്യക്ക് അവർ നൽകിയ സംഭാവനകളിൽനിന്നും സ്വദേശികൾ പതിച്ചുതന്ന ശീർഷകമാണ് ‘ഹിന്ദി കോയ്സ്’ അഥവാ ഇന്ത്യക്കാർ നല്ലവരാണെന്ന്.
ആ തലവാചകം തിരിച്ചെടുക്കേണ്ട സാഹചര്യമുണ്ടാകാതിരിക്കാൻ നിയമംപാലിക്കുകയും സൗഹൃദപരമായി ഇടപെടുകയും തൊഴിലായാലും സംരഭകത്വമായാലും നിർവ്യാജവും ഫലപ്രദവുമായി ചെയ്യാനും നാം സദാ ശ്രദ്ധപുലർത്തേണ്ടതുണ്ട്.
വ്യാജ റിക്രൂട്ട്മെന്റ് ലോബിയുടെയും വിസാറാക്കറ്റിന്റെയും വലയിൽപ്പെട്ട് നിറമുള്ള ഭാവിസ്വപ്നം കണ്ടുവിമാനമിറങ്ങുന്ന നിരവധി ചെറുപ്പക്കാർ അവരുടെതല്ലാത്ത എന്നാൽ നിയമം ലംഘിച്ചതിന് പിടിക്കപ്പെട്ട് നാടുകടത്തൽ കേന്ദ്രത്തിന്റെ നാല് ചുമരുകൾക്കകത്തുനിന്ന് വിങ്ങിപ്പൊട്ടുന്നത് എനിക്ക് പലപ്പോഴും അസഹ്യമായ കാഴ്ചയായിരുന്നു.
ഇന്നും ഇതിനൊരു ശാശ്വതമായ പരിഹാരമായിട്ടില്ല. തൊഴിൽ പ്രവാസം പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും വ്യവസ്ഥാപിതമായ ഒരു റിക്രൂട്ട്മെന്റ് സംവിധാനം ഇല്ലാത്തതിന്റെ ജീവിക്കുന്ന രക്തസാക്ഷികളാണ് ഞാൻ നാടുകടത്തൽ കേന്ദ്രത്തിൽ കാണുന്നവരിൽ വലിയൊരു വിഭാഗമെന്ന് യൂസഫ് പറയുന്നു. നാട്ടിലേക്ക് മടങ്ങും മുമ്പ് യാത്രയയപ്പ് നൽകിയ ഫോർക, എൻ.ആർ.കെ, കെ.എം.സി.സി തുടങ്ങിയ പ്രവാസി സംഘടനകൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുകയാണെന്നും യൂസഫ് പറഞ്ഞു.
1993ൽ ആദ്യമായി സൗദിയിലെത്തിയ യൂസഫ് ആറ് വർഷം റിയാദിലെ കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ കംപ്യുട്ടർ ഓപറേറ്റർ കം ട്രാൻസിലേറ്ററായി ജോലി ചെയ്തു. അതിന് ശേഷമാണ് ഇന്ത്യൻ എംബസിയിൽ ചേർന്നത്. ഖൗലത്താണ് ഭാര്യ. സവാദ്, ഫർഹാൻ, ഷമീൽ എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.