സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ
റിയാദ്: വാതക ഉൽപാദനത്തിലെ അഭൂതപൂർവമായ വിപുലീകരണത്തോടൊപ്പം കാറ്റിലും സൗരോർജത്തിലും വളരെ മത്സരാധിഷ്ഠിത വിലയിൽ പുനരുപയോഗ ഊർജ പദ്ധതികൾ സൗദി നടപ്പാക്കുന്നുണ്ടെന്ന് ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ പറഞ്ഞു.
‘പുനരുപയോഗ ഊർജവും ഹരിത ഹൈഡ്രജനും കയറ്റുമതി ചെയ്യൽ’ എന്ന പേരിൽ റിയാദിൽ നടന്ന അന്താരാഷ്ട്ര ശിൽപശാലയിൽ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഈ ആഴ്ച മാത്രം 15 ജിഗാവാട്ട് പുനരുപയോഗ ഊർജപദ്ധതികളിൽ ഒപ്പുവെച്ചു. ചൈനയെയും ഇന്ത്യയെയും അപേക്ഷിച്ച് രാജ്യത്ത് ഊർജ വില കുറവാണെന്നും മന്ത്രി പറഞ്ഞു.
സൗദി നിലവിൽ ഗ്രീൻ ഹൈഡ്രജൻ കയറ്റുമതി ചെയ്യുന്നുണ്ടെന്നും 48 ജിഗാവാട്ട് ശേഷിയുള്ള ബാറ്ററി പദ്ധതികളുടെ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. കാർബൺ പിടിച്ചെടുക്കൽ പദ്ധതികളിൽ രാജ്യം പ്രവർത്തിക്കുന്നുണ്ട്. പൈപ്പ്ലൈനുകളും മറ്റു സൗകര്യങ്ങളും ഉൾപ്പെടെയുള്ള ഒരു പദ്ധതി നിലവിൽ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
സൗദിയിലെ ഊർജമേഖല പദ്ധതികൾ മന്ത്രി വിശദീകരിച്ചു. ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ സംവിധാനങ്ങൾ ഉപയോഗിച്ച് വൈദ്യുതി ഉൽപാദന യൂനിറ്റുകളുടെ എണ്ണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഊർജ മന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.